Covid19
ഇന്ത്യയില്‍ കൊവിഡ് നവംബറോടെ മൂര്‍ധന്യാവസ്ഥയിലെത്തുമെന്ന് പഠനം

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് സ്ഥിതിഗതികള്‍ നവംബറോടെ മൂര്‍ധന്യാവസ്ഥയിലെത്തുമെന്ന് പഠനം. ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (ഐ സി എം ആര്‍) രൂപവത്ക്കരിച്ച ഗവേഷക സംഘമാണ് പഠനം നടത്തിയത്. ലോക്ക് ഡൗണും ആരോഗ്യ മേഖലയിലെ ശക്തമായ ഇടപെടലുമാണ് ഇത് താമസിപ്പിച്ചത്. എന്നാല്‍, പഠനത്തിന്റെ കണ്ടെത്തലുകള്‍ സൂക്ഷ്മമായി അവലോകനം ചെയ്തിട്ടില്ല.
ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിലൂടെ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുന്ന സമയം 34 മുതല്‍ 76 ദിവസം വരെ വൈകിപ്പിക്കാന്‍ കഴിഞ്ഞു. ഇതിനു പുറമെ, കൊവിഡ് ബാധിതരുടെ എണ്ണം 69 മുതല്‍ 97 ശതമാനം വരെയും മരണം 60 ശതമാനവും കുറയ്ക്കാന്‍ സാധിച്ചു. ആരോഗ്യമേഖല ശക്തിപ്പെട്ടതും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിച്ചതും ഗുണകരമായി. ലോക്ക് ഡൗണ്‍ കാലത്ത് പൊതു ആരോഗ്യ മേഖലയിലെ ഇടപെടലുകള്‍ 60 ശതമാനത്തോളം ശക്തിപ്പെട്ടത് കൊവിഡ് കേസുകള്‍ കുറയ്ക്കാന്‍ സഹായകമായി. എന്നാല്‍ നവംബര്‍ ആവുമ്പോഴേക്കും കേസുകള്‍ ഗണ്യമായി വര്‍ധിക്കുമെന്നും ഐ സി യു കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും എണ്ണം തികയാത്ത സാഹചര്യമുണ്ടാകുമെന്നും ഗവേഷക സംഘം ചൂണ്ടിക്കാട്ടുന്നു.
പൊതുജനാരോഗ്യ മേഖലയിലെ നടപടികള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തിയാല്‍ ഐ സി യു കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും ആവശ്യകത 83 ശതമാനം കുറയ്ക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.