Connect with us

Articles

കടല്‍ അവര്‍ക്ക് അമ്മയാണ്‌

Published

|

Last Updated

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ രീതികള്‍ കടല്‍ വിഭവങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പിന് കോട്ടം തട്ടാതെ കാത്തുസൂക്ഷിക്കുന്നതായിരുന്നു. പരമ്പരാഗത അറിവിലൂടെ രൂപപ്പെടുത്തിയ യാനങ്ങളും ഉപകരണങ്ങളുമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉപയോഗിച്ചിരുന്നത്. കടലോര ഗ്രാമങ്ങളിലെ അരയര്‍, മുക്കുവര്‍ തുടങ്ങിയ സമുദായങ്ങളുടെ കുലത്തൊഴിലാണ് മത്സ്യബന്ധനം. പരമ്പരാഗത മത്സ്യത്തൊഴിലാളികളായ ഇവര്‍ക്ക് കടല്‍ തൊഴിലിടം എന്നതിനപ്പുറം കടല്‍ അമ്മയാണ്.

കുടുംബ സംരംഭം എന്ന നിലയിലാണ് പരമ്പരാഗത മത്സ്യബന്ധനം നടന്നത്. സ്ത്രീയും പുരുഷനും കുട്ടികളും അടക്കം കുടുംബത്തിലെ എല്ലാ അംഗങ്ങളും മീന്‍ പിടിത്തത്തിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു. പുരുഷന്‍മാര്‍ കടലില്‍ പോകുമ്പോള്‍ സ്ത്രീകള്‍ വല നെയ്യുക, മത്സ്യം ഉണക്കല്‍ തുടങ്ങിയവ ചെയ്യുന്നു. തെക്കന്‍ തീരങ്ങളില്‍ മീന്‍ വില്‍പ്പനയിലും സ്ത്രീകള്‍ പങ്കുവഹിക്കുന്നു. കേരളത്തില്‍ ആകെ 222 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളാണുള്ളത്. 2017ല്‍ ഇവിടുത്തെ ജനസംഖ്യ 7,92,238 ആണ്. ഇതില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ 1,86,287 ആയിരുന്നു. പരമ്പരാഗത ശാസ്ത്രം, കടല്‍ ഗതാഗതം, ഉപകരണ നിര്‍മാണ വിദ്യ, വാന നിരീക്ഷണം തുടങ്ങിയവയില്‍ അവര്‍ വിദഗ്ധരായിരുന്നു. യാനങ്ങളും വലകളും അടക്കം മത്സ്യബന്ധന സാമഗ്രികളെല്ലാം നിര്‍മിക്കുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ളവര്‍ ഈ സമുദായത്തില്‍ തന്നെ ഉണ്ടായിരുന്നു.

പരമ്പരാഗത യാനങ്ങള്‍ നിര്‍മിക്കുന്നവരെ “ഓടാവി” എന്നും ഉപകരണങ്ങള്‍ നിര്‍മിക്കുന്നവരെ “മടികെട്ടാളി” എന്നും ചില ഭാഗങ്ങളില്‍ വിളിച്ചിരുന്നു. മത്സ്യബന്ധന യാനത്തിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്ന മൂപ്പനെ സ്രാങ്ക് എന്നാണ് പൊതുവെ എല്ലാ തീരദേശത്തും വിളിക്കുന്നത്. യന്ത്രത്തിന്റെ അറ്റകുറ്റപ്പണിവരെ അറിഞ്ഞിരിക്കുന്ന ആളാണ് സ്രാങ്ക്.
നക്ഷത്രങ്ങളുടെ സ്ഥാനം നിര്‍ണയിച്ച് സമയവും ദിശയും കുറിക്കാന്‍ അവര്‍ക്കാവുമായിരുന്നു. നക്ഷത്രങ്ങള്‍ക്ക് ഓരോ പ്രദേശത്തും വ്യത്യസ്ത പേരുകളാണ്. കോഴിക്കോടന്‍ തീരത്ത് ധ്രുവനക്ഷത്രം കൊറ്റി ആകുമ്പോള്‍ തെക്കു പടിഞ്ഞാറന്‍ മേഖലയില്‍ കുരിശുവെള്ളി, കപ്പല്‍ വെള്ളി, ചോറ്റ് വെള്ളി എന്നീ പേരുകളില്‍ നക്ഷത്രങ്ങള്‍ വിളിക്കപ്പെട്ടു.
വെള്ളത്തിലെ കുമിളകള്‍, തിരമാലകളുടെ സ്വഭാവം, കടല്‍ വെള്ളത്തിന്റെ നിറം എന്നിവയുടെ അടിസ്ഥാനത്തില്‍ കടല്‍ക്ഷോഭിക്കാനുള്ള സാധ്യത വരെ അവര്‍ മുന്‍കൂട്ടിക്കണ്ടു. മത്സ്യ ഇനങ്ങളുടെ ലഭ്യത കണ്ടെത്താനും കടലിലെ ഇത്തരം സൂചനകളെ അവര്‍ ആശ്രയിച്ചു. കടല്‍പക്ഷികളുടെ സാന്നിധ്യം, തിമിംഗലങ്ങള്‍ മറിയുന്നത് തുടങ്ങിയവയെല്ലാം മത്സ്യ സാന്നിധ്യത്തെ കാണിച്ചു.
മത്സ്യബന്ധന ഉപകരണങ്ങള്‍ മീന്‍പിടിത്തത്തിന്റെ സ്വഭാവം അനുസരിച്ച് ചാലകം, അചാലകം എന്നിങ്ങനെ രണ്ട് വിഭാഗമാണ്. എല്ലായിനം മത്സ്യങ്ങളെയും കുഞ്ഞുങ്ങളെയും ഊറ്റിയെടുക്കുന്ന വലയാണ് ചാലക വലകള്‍. വിവേചന രഹിതവും വിനാശകരവുമായ ഉപകരണം എന്ന നിലയിലാണ് ഈ ചാലക വലകള്‍ വിലയിരുത്തപ്പെടുന്നത്. അചാലക വലകള്‍ അതാത് സീസണുകളിലെ മത്സ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നു. ലക്ഷ്യമിടുന്ന മത്സ്യങ്ങളെ മാത്രമേ ഈ വല പിടിക്കുകയുള്ളൂ. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ അചാലക വലകള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്.

(തുടരും)

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്