Connect with us

Editorial

നേപ്പാള്‍: അതിര്‍ത്തിക്കളിയുടെ സമയമല്ല ഇത്

Published

|

Last Updated

എക്കാലത്തെയും അടുത്ത സുഹൃദ് രാജ്യങ്ങളായ ഇന്ത്യയും നേപ്പാളും തര്‍ക്കത്തിന്റെ തീയിലേക്ക് എടുത്തു ചാടിയിരിക്കുന്നു. അതിര്‍ത്തി തന്നെയാണ് പ്രശ്‌നം. ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങള്‍ നേപ്പാളിനോട് ചേര്‍ത്ത ഭൂപടത്തിന് നേപ്പാള്‍ പാര്‍ലിമെന്റിന്റെ അധോസഭ അംഗീകാരം നല്‍കിയത് അങ്ങേയറ്റം പ്രകോപനപരമായ നടപടിയാണ്. ഇന്ത്യയിലെ ഉത്തരാഖണ്ഡിലുള്‍പ്പെട്ട കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങള്‍ എന്തു വില കൊടുത്തും തിരികെ കൊണ്ടുവരുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി പാര്‍ലിമെന്റില്‍ ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിറകേയാണ് പാര്‍ലിമെന്റിന്റെ അധോസഭയില്‍ പരിഷ്‌കരിച്ച ഭൂപടം സംബന്ധിച്ച ഭരണഘടനാ ഭേദഗതി ബില്‍ പാസ്സാക്കിയത്.

ഒലിയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാറിനെ മിക്ക പ്രതിപക്ഷ കക്ഷികളും പിന്തുണക്കുകയായിരുന്നു. നേപ്പാളില്‍ അതിശക്തമായി വളരുന്ന ഇന്ത്യാവിരുദ്ധ വികാരത്തിന്റെ തെളിവായി കൂടി ഈ ഐക്യപ്പെടലിനെ കാണേണ്ടിയിരിക്കുന്നു. ഹിമാലയന്‍ രാഷ്ട്രത്തിന് ഇത്തരം പ്രകോപനങ്ങളിലേക്ക് നീങ്ങാനുള്ള ഊര്‍ജം ലഭിക്കുന്നത് ചൈനയില്‍ നിന്നാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ചൈനയുടെ വാക്ക് കേട്ട് പരമ്പരാഗത സുഹൃത്തിനെ നഷ്ടപ്പെടുത്തുന്ന നേപ്പാള്‍ രാഷ്ട്രീയ വിഡ്ഢിത്തമാണ് കാണിക്കുന്നത്. ഏതായാലും ഉപരിസഭയില്‍ ഭൂപട പ്രമേയം പാസ്സാകുന്നതിന് മുമ്പ് ചര്‍ച്ചയാകാമെന്ന നിലപാടിലാണ് നേപ്പാള്‍ സര്‍ക്കാര്‍. ഈ സന്നദ്ധതയെ വിശ്വാസത്തിലെടുത്ത് ചര്‍ച്ചക്ക് വേദിയൊരുക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത്. ഭൗമ രാഷ്ട്രീയ കളികള്‍ക്ക് നില്‍ക്കാനുള്ള സമയമല്ലിത്. രാജ്യം മഹാമാരിയെ അതിജീവിക്കാന്‍ പാടുപെടുമ്പോള്‍ ഇത്തരം അലോസരങ്ങളെ സമചിത്തതയോടെ സമീപിച്ച് ചര്‍ച്ചയുടെ വഴി തുറക്കുകയാണ് വേണ്ടത്.

ഇന്ത്യയും നേപ്പാളും 1,800 കിലോമീറ്റര്‍ (1,118 മൈല്‍) അതിര്‍ത്തി പങ്കിടുന്നുണ്ട്. 2019 നവംബറില്‍ ജമ്മു കശ്മീരിലെയും ലഡാക്കിലെയും പുതുതായി വിഭജിക്കപ്പെട്ട കേന്ദ്രഭരണ പ്രദേശങ്ങള്‍ കാണിക്കുന്നതിനായി ഇന്ത്യ പുതിയ ഭൂപടം പുറത്തിറക്കി ആറ് മാസം കഴിഞ്ഞാണ് നേപ്പാളുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷം ആരംഭിച്ചത്. കാലാപാനിയെയും ലിപുലേഖിനെയും ഇന്ത്യന്‍ ഭാഗമായി ചിത്രീകരിക്കുന്നതില്‍ നേപ്പാള്‍ പ്രതിഷേധിച്ചിരുന്നു. നേപ്പാള്‍ സേനയുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ബിഹാര്‍ അതിര്‍ത്തിയില്‍ കര്‍ഷകന്‍ മരിച്ചത് സംഘര്‍ഷാവസ്ഥ രൂക്ഷമാക്കിയിരിക്കുകയാണ്.

മെയ് എട്ടിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസിനെ ചൈനയിലെ കൈലാസ് മന്‍സരോവറുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് ഉദ്ഘാടനം ചെയ്തിരുന്നു. പിന്നാലെ നേപ്പാള്‍ ഇതില്‍ പ്രതിഷേധിക്കുകയും പ്രദേശത്ത് സുരക്ഷാ പോസ്റ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. എന്നാല്‍ ഉത്തരാഖണ്ഡിലെ പിതോരാഗഡ് ജില്ലയിലൂടെ കടന്നു പോകുന്ന റോഡ് പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
1816ലെ സുഗൗളി ഉടമ്പടി അനുസരിച്ചാണ് നേപ്പാളും ബ്രിട്ടീഷ് ഇന്ത്യയും തമ്മിലുള്ള അതിരുകള്‍ നിര്‍ണയിക്കപ്പെട്ടത്. ഇതുപ്രകാരം മഹാകാളി നദിയുടെ കിഴക്കുവശത്തെ പ്രദേശങ്ങള്‍ നേപ്പാളിന്റെ അധികാര പരിധിയിലും പടിഞ്ഞാറു വശം ഇന്ത്യയുടെ കൈയിലുമാണ്. ഇത് രണ്ട് കൂട്ടരും അംഗീകരിക്കുന്നു. എന്നാല്‍ മഹാകാളി നദിയുടെ ഉത്ഭവത്തെ അടിസ്ഥാനമാക്കിയാണ് തര്‍ക്കം.

നേപ്പാളിന് അവകാശപ്പെട്ട, “നദിയുടെ കിഴക്ക്” എന്നത് നദിയുടെ ഉറവിടത്തില്‍ നിന്ന് ആരംഭിക്കണം എന്നാണ് ഇപ്പോള്‍ നേപ്പാള്‍ വാദിക്കുന്നത്. എന്തുകൊണ്ട് ഇക്കാര്യം നേരത്തേ ഉന്നയിച്ചില്ല എന്ന ചോദ്യമുയരുമ്പോള്‍ അന്നത്തെ ഭരണാധികാരികള്‍ക്ക് അതിനുള്ള ആത്മവിശ്വാസമുണ്ടായിരുന്നില്ല എന്നാണ് നേപ്പാളിലെ വിദഗ്ധരുടെ മറുപടി. രാഷ്ട്രീയ അസ്ഥിരത നിറഞ്ഞ നേപ്പാളിന്റെ എല്ലാ സംഭവങ്ങളിലും ഇന്ത്യന്‍ നേതാക്കളുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ തുടര്‍ച്ച എന്ന നിലയിലായിരുന്നു ആ രാജ്യത്തിന്റെ നിലപാടുകള്‍. ഇന്ത്യന്‍ രൂപ ഉപയോഗിക്കാനാകുന്ന ഇടങ്ങളുണ്ട് നേപ്പാളില്‍. അവിടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ മിക്കവയും ഇന്ത്യയിലെ കക്ഷികളുടെ തുടര്‍ച്ചയാണ്. എന്നിട്ടും ആ രാജ്യം എങ്ങനെയാണ് ശത്രുതാപരമായി നീങ്ങുന്നത് എന്ന് അന്വേഷിക്കുമ്പോള്‍ മോദി സര്‍ക്കാറിന്റെ ചില നീക്കങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടി വരും. നേപ്പാളിനെ മതേതര രാജ്യമായി പ്രഖ്യാപിക്കുന്ന ഭരണഘടനാ ഭേദഗതി പാസ്സായത് 2015ലാണ്. അതിന് ശേഷം ഇന്ത്യയുമായുള്ള ബന്ധം ഒരിക്കലും സാധാരണ നിലയിലായിട്ടില്ല. ഹിന്ദു ഭൂരിപക്ഷ രാഷ്ട്രം ഹിന്ദുത്വ രാഷ്ട്രമായിരിക്കണമെന്ന കാഴ്ചപ്പാടിന്റെ കരണത്ത് ആഞ്ഞടിക്കുന്നതായിരുന്നു നേപ്പാളിന്റെ പുതിയ ഭരണഘടന. നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം നേപ്പാളില്‍ നടത്തിയ ഇടപെടലുകള്‍ മിക്കവയും “ഹിന്ദു രാഷ്ട്ര” സംരക്ഷണം ലക്ഷ്യം വെച്ചുള്ളവയായിരുന്നു. തീവ്രവലതുപക്ഷ പാര്‍ട്ടിയായ പ്രജാതന്ത്ര പാര്‍ട്ടിയുടെയും ഇന്ത്യയില്‍ വേരുകളുള്ള മധേശി വിഭാഗത്തിന്റെയും നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം നടന്നു. അവര്‍ ഇന്ത്യന്‍ അതിര്‍ത്തി ഉപരോധിച്ചു. ചരക്ക് നീക്കം നിലച്ചു. ഭൂകമ്പ കെടുതി നേരിടുന്ന നേപ്പാളിന് അത് താങ്ങാനാകുമായിരുന്നില്ല.

ഈ തക്കം നോക്കിയാണ് ചൈന പിടിമുറുക്കിയത്. ഇപ്പോഴുള്ള പ്രശ്‌നങ്ങളിലുടനീളം ചൈനയുടെ സ്വാധീനമുണ്ട്. നേപ്പാളില്‍ കൊവിഡ് വൈറസ് പരത്തുന്നത് ഇന്ത്യയാണെന്നും ചൈനീസ് വൈറസിനേക്കാള്‍ മാരകമാണ് ഇന്ത്യന്‍ വൈറസെന്നും അസംബന്ധം എഴുന്നള്ളിക്കാന്‍ വരെ തയ്യാറായിരിക്കുന്നു നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി. 2016ല്‍ ഒലിയെ അധികാര ഭ്രഷ്ടനാക്കി പ്രചണ്ഡയെ അവരോധിച്ചതിന് പിന്നില്‍ ഇന്ത്യയാണെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു. ഇതിന്റെ പ്രതികാരം വീട്ടുകയാണത്രേ അദ്ദേഹം.

അത് എന്തുതന്നെയായാലും നയതന്ത്ര രംഗത്തെ വീഴ്ചകള്‍ പരിഹരിക്കാനും ചൈനീസ് സ്വാധീനം മറികടക്കാനുമുള്ള പക്വതയാണ് ഇന്ത്യ ഇപ്പോള്‍ കാണിക്കേണ്ടത്.

---- facebook comment plugin here -----

Latest