Connect with us

Idukki

അടിമാലിയില്‍ കാണാതായ ആദിവാസി പെണ്‍കുട്ടികള്‍ ആത്മഹത്യക്കു ശ്രമിച്ചു; ഒരാള്‍ മരിച്ചു

Published

|

Last Updated

അടിമാലി | ഇടുക്കിയില്‍ അടിമാലി പഞ്ചായത്തിലെ വാളറ കുളമാംകുഴി ആദിവാസി കോളനിയില്‍ ആത്മഹത്യക്കു ശ്രമിച്ച രണ്ടു പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. 17 വയസ്സുകാരിയെയാണ് ശനിയാഴ്ച രാവിലെ വീടിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച് അവശനിലയിലായ 21കാരിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കളും അയല്‍വാസികളും സുഹൃത്തുക്കളുമാണ് ഇരുവരും. ജൂണ്‍ 11ന് രാവിലെ മുതല്‍ ഇവരെ കാണാതായിരുന്നു.

ഇരുവരും പതിവായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്നും ഇത് വീട്ടുകാര്‍ എതിര്‍ത്തതാണ് കടുംകൈ ചെയ്യാന്‍ പെണ്‍കുട്ടികളെ പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച പതിനേഴുകാരിയെ വീട്ടുകാര്‍ വഴക്കുപറഞ്ഞു. ഇതോടെ അയല്‍വാസിയായ പെണ്‍കുട്ടിയെയും കൂട്ടി വീടുവിടുകയായിരുന്നു.
ബന്ധുക്കള്‍ പെണ്‍കുട്ടികളെ ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും എവിടെയാണെന്ന വിവരം വെളിപ്പെടുത്തിയില്ല. വ്യാഴാഴ്ച സമീപത്തെ വനത്തിലും പുഴയോരത്തുമെല്ലാം ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന്, വെള്ളിയാഴ്ച രാവിലെ അടിമാലി പോലീസില്‍ പരാതി നല്‍കി.

ഇതിനിടെ, വെള്ളിയാഴ്ച വൈകീട്ട് പെണ്‍കുട്ടികള്‍ ബന്ധുവും അടിമാലി പഞ്ചായത്ത് പ്രസിഡന്റുമായ ദീപാ രാജീവിന്റെ വീട്ടിലെത്തി. ശനിയാഴ്ച രാവിലെ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം പോലീസ് സ്‌റ്റേഷനില്‍ ഹാജരാവാന്‍ പോകുന്നതിന് വസ്ത്രം മാറാനെന്ന വ്യാജേന ഇവര്‍ അവരവരുടെ വീടുകളിലേക്കെന്നും പറഞ്ഞ് പോയി. എന്നാല്‍, 17കാരി വീട്ടില്‍ കയറാതെ സമീപത്തെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. സമീപവാസിയായ പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും കയര്‍പൊട്ടി നിലത്തുവീണു.