Kerala
സർക്കാർ ജീവനക്കാരുടെ ചികിത്സാ ചെലവിൽ നിയന്ത്രണം

കണ്ണൂർ | കൊവിഡുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി സർക്കാർ ജീവനക്കാരുടെ ചികിത്സാ ചെലവിൽ ധനകാര്യ വകുപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയാലും ഇതുമായി ബന്ധപ്പെട്ട ചെലവുകൾ മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് റീ-ഇമ്പേഴ്സ്മെന്റ്എന്ന നിലയിൽ നൽകാറുണ്ടായിരുന്നു.
ഇതിന് ഇനി മുതൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടാണ് ധനകാര്യ അഡീഷനൽ സെക്രട്ടറി ഉത്തരവിറിക്കിയിരിക്കുന്നത്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പൂർവ കാലാനുമതി നൽകുന്ന കേസുകളിൽ മെഡിക്കൽ റീ-ഇമ്പേഴ്സ്മെന്റ് അനുവദിച്ച് നൽകുന്നത് സംബന്ധിച്ച് വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുയാണ്.
ഉത്തരവ് പ്രകാരം ഇനി മുതൽ സർക്കാർ അംഗീകൃത പട്ടികയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് മാത്രമായിരിക്കും റീ-ഇമ്പേഴ്സ്മെന്റ് അനുവദിക്കുകയുള്ളു. നേരത്തേ സർക്കാർ അംഗീകൃത സ്വകാര്യ ആശുപത്രികളിൽ അല്ലാതെ ചികിത്സ തേടുന്ന കേസുകളിൽ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ചികിത്സാ ചെലവ് സർക്കാർ പിന്നീട് ജീവനക്കാർക്ക് തിരിച്ചു നൽകിയിരുന്നു. ഇതാണ് ഇപ്പോൾ നിർത്തലാക്കിയത്.
നിലവിൽ സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ കൈക്കൊണ്ട നടപടി പ്രകാരം സർക്കാർ അംഗീകൃത സ്വകാര്യ ആശുപത്രികളിൽ അല്ലാതെ ചികിത്സ തേടുന്ന കേസുകളിൽ ചികിത്സാ ചെലവ് റീ-ഇമ്പേഴ്സ്മെന്റിന് പരിഗണിക്കുന്നതല്ലെന്നാണ് ധനകാര്യ അഡീഷനൽ സെക്രട്ടറി വി യമുന പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്.