Connect with us

National

ഇന്ത്യന്‍ പ്രദേശം ഉള്‍പ്പെടുന്ന പുതിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലിമെന്റിന്റെ അംഗീകാരം; ന്യായീകരിക്കാവതല്ലെന്ന് ഇന്ത്യ

Published

|

Last Updated

കാഠ്മണ്ഡു | ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയുള്ള രാജ്യത്തിന്റെ പുതിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലിമെന്റിന്റെ പ്രതിനിധി സഭ അംഗീകാരം നല്‍കി. ഇതിന് വേണ്ടി പാര്‍ലിമെന്റിലെ പ്രത്യേക സെഷനില്‍ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്‍ രണ്ടില്‍ മൂന്ന് ഭൂരിപക്ഷത്തിനാണ് സഭ പാസ്സാക്കിയത്. പ്രതിനിധി സഭയിലെ 258 അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. അതേസമയം, നേപ്പാളിന്റെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ എതിര്‍പ്പ് അറിയിച്ചു. അവകാശവാദങ്ങള്‍ കൃത്രിമമായി വികസിപ്പിക്കുന്നത് ന്യായീകരിക്കാവുന്നതല്ലെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ചരിത്ര വസ്തുതകളുടെയോ തെളിവിന്റെയോ അടിസ്ഥാനത്തിലല്ല അവകാശവാദങ്ങള്‍ കൃത്രിമമായി വികസിപ്പിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യന്‍ ഭൂപ്രദേശങ്ങളെ ഉള്‍പ്പെടുത്തിയാണ് നേപ്പാള്‍ മാപ്പില്‍ മാറ്റം വരുത്താന്‍ പ്രതിനിധി സഭയില്‍ ഭരണഘടനാ ഭേദഗതി ബില്‍ പാസ്സാക്കിയത്. അതിര്‍ത്തി വിഷയങ്ങളില്‍ ചര്‍ച്ച നടത്താനുള്ള തങ്ങളുടെ ധാരണയെ തകര്‍ക്കുന്നതാണ് നേപ്പാളിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിനിധി സഭ പാസ്സാക്കിയ ബില്‍ നാഷനല്‍ അസംബ്ലിക്ക് അയച്ചുകൊടുത്തു. അവിടെയും സമാന നടപടിക്രമങ്ങളുണ്ടാകും. ബില്ലിലെ വിഷയങ്ങളില്‍ ഭേദഗതി വരുത്താന്‍ നാഷനല്‍ അസംബ്ലിക്ക് 72 മണിക്കൂറുണ്ടാകും. നാഷനല്‍ അസംബ്ലിയും ബില്‍ പാസ്സാക്കിയാല്‍ പ്രസിഡന്റിന് സമര്‍പ്പിക്കും. പ്രസിഡന്റ് ഒപ്പുവെച്ചാല്‍ ബില്‍ അനുസരിച്ചുള്ള മാറ്റങ്ങള്‍ ഭരണഘടനയുടെ ഭാഗമാകും.

കഴിഞ്ഞ മാസം നേപ്പാള്‍ ഭരണകക്ഷി പാര്‍ട്ടി പുതിയ ഭൂപടം പുറത്ത് വിട്ടിരുന്നു. ഈ ഭൂപടത്തിനെതിരേ ഇന്ത്യ വന്‍ പ്രതിഷധേം അറിയിച്ചിരുന്നു. ചരിത്രപരമായ വസ്തുതകളെ അടിസ്ഥാനമാക്കാതെയുള്ള ഈ നടപടിയെ ഏകപക്ഷീയമെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ഈ വിഷയത്തില്‍ ഭേഗദതിയെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് പ്രതിപക്ഷ കോണ്‍ഗ്രസ് അറിയിച്ചിരുന്നു. പുതിയ മാപ്പ് ജനങ്ങള്‍ക്കായി കഴിഞ്ഞ മാസം നേപ്പാള്‍ പുറത്ത് വിട്ടിരുന്നു.

1962 ല്‍ ചൈനയുമായുള്ള യുദ്ധം മുതല്‍ ഇന്ത്യ കാവല്‍ നില്‍ക്കുന്ന വളരെ തന്ത്രപ്രധാന പ്രദേശങ്ങളായ ഉത്തരാഖണ്ഡിലെ ലുപുലെഖ് പാസ്, ലിംപിയാദുര, കലാപാനി എന്നീ പ്രദേശങ്ങളും നേപ്പാളിന്റെ പുതിയ ഭൂപടത്തില്‍ ഉള്‍പ്പെടുന്നു. ഇത് ഉത്തരാഖണ്ഡിന്റെ ഭാഗമാണെന്ന് ഇന്ത്യ അവകാശപ്പെട്ടിരുന്നു. ഇത്തരം കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞിരുന്നു.

അതേസമയം ഇന്ത്യയും നേപ്പാളും തമ്മില്‍ വളെര ശക്തമായ ബന്ധമാണ് നിലനില്‍ക്കുന്നതെന്ന് സേനാ തലവന്‍ എം എന്‍ നരവനെ പറഞ്ഞു. നേപ്പാളും ഇന്ത്യയും തമ്മില്‍ പ്രാദേശികപരമായും സാംസ്‌കാരിക പരമായും ചരിത്രപരമായും മതപരമായും അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്നുണ്ട്. ഭാവിയിലും നേപ്പാളുമായുള്ള ബന്ധം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.