Gulf
കെട്ടിടങ്ങളിൽ നിന്ന് ക്ലാഡിംഗ് നീക്കം ചെയ്യും

ഷാർജ | കെട്ടിടങ്ങളിൽ അതിവേഗം തീ പടരാൻ ഇടയാക്കുന്ന ക്ലാഡിങ് നീക്കം ചെയ്യാൻ ഷാർജ നഗരസഭ നടപടിക്കൊരുങ്ങുന്നു. തീപിടിത്തങ്ങൾ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്ന് ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ സാബിത് അൽ തരിഫി പറഞ്ഞു.
കെട്ടിടങ്ങളിലെ സുരക്ഷാ ആവശ്യകതകൾ പുനരവലോകനം ചെയ്തിട്ടുണ്ട് പരിശോധനകൾ തുടരുന്നു. മുനിസിപ്പാലിറ്റിയുടെ എഞ്ചിനീയറിംഗ് വിഭാഗമാണ് പരിശോധന നടത്തുന്നത്.
ഏറ്റവും ഉയർന്ന സുരക്ഷാ നിരക്കും അഗ്‌നി പ്രതിരോധവും ഉറപ്പാക്കുന്നതിന് എല്ലാ കെട്ടിടങ്ങളിലും മികച്ച സവിശേഷതകളും മാനദണ്ഡങ്ങളും പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്താനും ആവശ്യകതകൾ പാലിക്കാനും കെട്ടിടങ്ങളുടെ മാനേജുമെന്റുകളോടും ഉടമകളോടും അദ്ദേഹം അഭ്യർത്ഥിച്ചു.അലുമിനിയം ക്ലാഡിംഗുകൾ മാറ്റി പകരം തീപിടിത്തം പ്രതിരോധിക്കുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കണം.
മുനിസിപ്പാലിറ്റി ചട്ടമനുസരിച്ച് 23 മീറ്ററിൽ കൂടുതൽ ഉയരമോ ഏഴ് നിലകൾക്ക് തുല്യമോ ആയ കെട്ടിടങ്ങൾക്ക് അലുമിനിയം ക്ലാഡിംഗ് പാടില്ലെന്ന് എഞ്ചിനീയറിംഗ്, കെട്ടിട മേഖലയുടെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഖലീഫ ബിൻ ഹദ്ദ അൽ സുവൈദി പറഞ്ഞു. 2016ൽ, ബഹുനില കെട്ടിടങ്ങളിൽ നിരവധി തീപിടിത്തങ്ങളെ തുടർന്ന്, കെട്ടിടങ്ങളുടെ മുൻഭാഗങ്ങളിൽ അലുമിനിയം ക്ലാഡിംഗ് ഉപയോഗിക്കുന്നത് മുനിസിപ്പാലിറ്റി നിരോധിച്ചു.നഗരത്തിലെ എല്ലാ വാണിജ്യ, പാർപ്പിട, വ്യാവസായിക മേഖലകളിലും അലുമിനിയം മുഖങ്ങളുള്ള നിലവിലുള്ള കെട്ടിടങ്ങളെക്കുറിച്ച് സമഗ്ര സർവേ നടത്തി.