Kerala
മൂന്ന് മാസം മുമ്പ് മരിച്ചയാളുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും

തിരുവനന്തപുരം | മൂന്ന് മാസം മുമ്പ് തലസ്ഥാനത്ത് മരിച്ചയാളുടെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോലീസ് ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തു. മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശി ജോണിന്റെ മൃതദേഹമാണ് ഇന്ന് സെമിത്തേരിയില്‍ നിന്ന് പുറത്തെടുക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് ആറിന് രാത്രിയാണ് ജോണ്‍ മരിച്ചത്. കടബാധ്യത മൂലം ജോണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഭാര്യയും മക്കളും പോാലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു ഭാര്യയും മക്കളും പറഞ്ഞതെന്ന് ജോണിന്റെ സഹോദരി പറയുന്നു. മരിച്ച തൊട്ടടുത്ത ദിവസം സംസ്‌ക്കരിക്കുകയും ചെയ്തു. മൃതദേഹത്തിന് അടുത്ത് നില്‍ക്കാന്‍ പോലും ഭാര്യയും മക്കളും അനുവദിച്ചില്ലെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും സഹോദരി ലീന്‍മേരി നല്‍കിയ പരാതിയിലുണ്ട്. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഭാര്യയും മക്കളും മരണം സംബന്ധിച്ച് പറയുന്നത്. കേസ് പിന്‍വലിക്കണമെന്ന് അവര്‍ ഞങ്ങളെ വല്ലാതെ നിര്‍ബന്ധിക്കുന്നു. സത്യം എന്തെന്ന് അറിയണമെന്നും ഇവര്‍ പറയുന്നു.
ആത്മഹത്യയാണെന്ന് പറഞ്ഞാല്‍ മൃതദേഹം പള്ളി സെമിത്തേരിയില്‍ അടക്കാനാകില്ലെന്നും ഇതിനാലാണ് ഹൃദയസ്തംഭനമെന്ന് പറഞ്ഞതെന്നുമാണ് ഭാര്യയും മക്കളും പോലീസിന് പിന്നീട് നല്‍കിയ വിശദീകരണം.
ജോണിന്റേത് സ്വാഭാവികമരണമെന്ന് ബന്ധുക്കള്‍ അറിയിച്ചതിനാലാണ് പള്ളിയില്‍ അടക്കിയതെന്ന് വികാരി പോലീസിനോട് പറഞ്ഞു. സംസ്‌കരിച്ച് ഒരാഴ്ചക്ക് ശേഷമാണ് പരാതി കിട്ടുന്നതെന്ന് പൊഴിയൂര്‍ പോലീസ് വ്യക്തമാക്കി.