Connect with us

National

അഴുകിയ മൃതദേഹങ്ങൾ കൂട്ടത്തോടെ വാനിൽ കയറ്റി ശ്‌മശാനത്തിൽ തള്ളി: വിവാദം ഉടലെടുത്ത് ബംഗാൾ

Published

|

Last Updated

കൊൽക്കത്ത| മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തിൽ ബംഗാളിൽ വിവാദം. തെക്കൻ കൊൽക്കത്തയിൽ അഴുകിയ മൃതദേഹങ്ങൾ കൂട്ടത്തോടെ വാനിൽ കയറ്റി ശ്‌മശാനത്തിൽ എത്തിക്കുന്ന വീഡിയോ സോഷ്യൽ മീഡിയകൾ വഴി പ്രചരിച്ചതോടെയാണ് വിവാദം ഉടലെടുത്തത്.

ഇക്കഴിഞ്ഞ ബുധനാഴ്ച തെക്കൻ കൊൽക്കത്തയിലെ ഗരിയ അടി ശ്മശാനത്തിൽ നിന്നെടുത്ത വീഡിയോ ആണ് അധികൃതരുടെ അനാസ്ഥ വെളിപ്പെടുത്തുന്നത്. 13 മൃതദേഹങ്ങളുമായി ശ്‌മശാനത്തിലേക്ക് മുനിസിപ്പൽ വാൻ എത്തിയെന്ന വിവരം കിട്ടിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. വാനിൽ കൊണ്ടു വന്ന മൃതദേഹങ്ങൾ ശ്‌മശാനത്തിലേക്ക് മാറ്റിയതിന് പിന്നാലെ പ്രദേശത്താകെ അഴുകിയ മണം പരന്നതായി പറയപ്പെടുന്നു. ശ്‌മശാനത്തിന് പൂട്ടിട്ടാണ് നാട്ടുകാർ പ്രതിരോധിച്ചത് എന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങൾ ഒന്നിനു പിന്നാലെ മറ്റൊന്നായി വാനിൽ നിന്ന് വലിച്ചിറക്കുന്നതും വീഡിയോയിൽ കാണാം. വലിയ കൊടിൽ കൊണ്ടാണു മൃതദേഹങ്ങൾ അടുപ്പിച്ച് വച്ചിരുന്നത്. വീഡിയോ വന്നതിനു പിന്നാലെ പ്രതിഷേധം രൂപപ്പെട്ടതറിഞ്ഞ അധികൃതർ ഉടൻ സ്ഥലത്തെത്തി.

മരിച്ചവർ കൊവിഡ് ബാധിച്ചവരാണെന്ന അഭ്യൂഹത്തെ തുടർന്ന് നാട്ടുകാരും ബി ജെ പി പ്രവർത്തകരും പ്രതിഷേധിച്ചതിന് പിന്നാലെ വിഷയത്തിൽ വ്യക്തത വരുത്താൻ ബംഗാൾ ഗവർണർ ജഗ് ദീപ് ധൻകർ ആവശ്യപ്പെട്ടു. എന്നാൽ മരിച്ചവർ കൊറോണ വൈറസ് ബാധിതരാണെന്ന ആരോപണം അധികൃതർ നിഷേധിച്ചു. ആശുപത്രി മോർച്ചറിയിൽ ഉണ്ടായിരുന്ന അവകാശികളും തിരിച്ചറിയാത്തതുമായ മൃതദേഹങ്ങളാണ് അവയെന്നും ആരും കൊവിഡ് ബാധിതരല്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൃതദേഹങ്ങൾ തിരികെ വാനിൽ എടുത്ത് വെക്കാനും ശ്‌മശാനത്തിൽ നിന്ന് മാറ്റാനും ജീവനക്കാരോട് നിർദ്ദേശിച്ചെന്നും ഈ അനാഥ മൃതദേഹങ്ങൾ നേരത്തെ ധാപ്പ ശ്‌മശാനത്തിൽ സംസ്‌കരിക്കാൻ നിർദേശിച്ചതാണെന്നും കൊൽക്കത്ത കോർപ്പറേഷൻ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ തലവൻ ഫിർഹാദ് ഹക്കിം പറഞ്ഞു.

വീഡിയോ ഏറെ അസ്വസ്ഥതയുളവാക്കുന്നുവെന്നും ഹൃദയശൂന്യവും വിവരിക്കാനാവാത്ത നിർവികാരതയും അടങ്ങിയ സംഭവമാണിതെന്നും മാനവികതക്ക് തന്നെ നാണക്കേടാണെന്നും ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ ട്വീറ്റ് ചെയ്തു.

Latest