Connect with us

Kerala

സി പി എം നേതാവ് പി കെ കുഞ്ഞനന്തന്‍ നിര്യാതനായി

Published

|

Last Updated

കണ്ണൂര്‍ | സി പി എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്‍ (73) നിര്യാതനായി. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാത്രി 9.30ഓടെയാണ് മരിച്ചത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായി ശിക്ഷ അനുഭവിക്കുകയായിരുന്ന കുഞ്ഞനന്തന്‍ കോടതി പരോള്‍ നല്‍കിയതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്. 1980 മുതല്‍ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായ കുഞ്ഞനന്തനെ ഇത്തവണ ജയിലിലായിരുന്നിട്ടും ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

തലശ്ശേരി, പാനൂര്‍ മേഖലയില്‍ സി പി എമ്മിന്റെ തലമുതര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു പി കെ കുഞ്ഞനന്തന്‍. പാനൂര്‍ മേഖലില്‍ ആര്‍ എസ് എസിന്റെ വെല്ലുവിളിയെ പ്രതിരോധിച്ച് സി പി എമ്മിനെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
കണ്ണൂരിലെ അക്രമ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പലപ്പോഴും അദ്ദേഹത്തിന്റെ പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു.  ടി പി കേസില്‍ ജയിലില്‍ കഴിയുന്നതിനിടെ ചികിത്സാവശ്യാര്‍ഥം പലപ്പോഴായി അദ്ദേഹത്തിന് പരോള്‍ ലഭിച്ചിരുന്നു.

പരേതരായ കേളോത്താന്റവിടെ കണ്ണന്‍ നായരുടെയും, കുഞ്ഞിക്കാട്ടില്‍ കുഞ്ഞാ നമ്മയുടെയും മകനാണ്. കണ്ണങ്കോട് യു യു പി സ്‌കൂളിലെ പഠനത്തിന് ശേഷം അമ്മാവന്‍ ഗോപാലന്‍ മാസ്റ്ററുടെ പാത പിന്തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി. ഇടയ്ക്ക് ബെംഗളുരുവിലേക്ക് പോയെങ്കിലും 1975 ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പ് നാട്ടിലെത്തി. പാര്‍ട്ടി നിര്‍ദേശ പ്രകാരം അടിയന്തരാവസ്ഥയ്‌ക്കെതിരെ പാറാട് ടൗണില്‍ പ്രകടനത്തിന് നേതൃത്വം നല്‍കിയതിന് കേസില്‍ പ്രതിയായി. 15 വര്‍ഷത്തോളം കുന്നോത്തുപറമ്പ് ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ല കമ്മിററിയംഗമായും പ്രവര്‍ത്തിച്ചു.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവും എല്‍ ഐ സി ഏജന്റുമായ ശാന്ത (മുന്‍ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്, കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്തംഗം) യാണ് ഭാര്യ. മക്കള്‍: ശബ്‌ന (അധ്യാപിക), ഷിറില്‍ (ദുബൈ). മരുമക്കള്‍: മനോഹരന്‍ (ഫ്രിലാന്റ് ട്രാവല്‍ എജന്റ്),നവ്യ (അധ്യാപിക).