National
പശിയടാക്കാൻ വഴിയില്ല; ആകെയുള്ള ആഭരണങ്ങൾ വിറ്റ് യു പിയിലെ കുടിയേറ്റ കുടുംബം

ഉത്തർപ്രദേശ്| തമിഴ്‌നാട്ടിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ വീട്ടുടമസ്ഥൻ ആവശ്യപ്പെട്ടതോടെ ഭാര്യയുടെ ആഭരണങ്ങൾ വിൽക്കാൻ നിർബന്ധിതനായി ഉത്തർപ്രദേശിലെ കുടിയേറ്റ കുടുംബം. കഴിഞ്ഞമാസമാണ് ഉത്തർപ്രദേശിലെ ഒരു തൊഴിലാളി കുടുംബം ഭാര്യയോടൊപ്പം സ്വന്തം നാട്ടിലേക്ക് പോകാൻ നിർബന്ധിതനായത്. ഇതിനായി ഭാര്യയുടെ ആഭരണങ്ങൾ കണ്ണൗജിലെ ഒരു പ്രാദേശിക മാർക്കറ്റിൽ 1500 രൂപയ്ക്ക് വിൽക്കേണ്ടി വന്നു. ഇദ്ദേഹത്തിന്റെ ദുരവസ്ഥ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടതോടെ ജില്ലാ ഭരണകൂടം ഇദ്ദേഹത്തെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്.
ലഖ്‌നൗവിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള കണ്ണൗജിലെ ഫത്തേപൂർ ജസോദ ഗ്രാമത്തിൽ നിന്നുള്ള ശ്രീറാം വിവാഹത്തിന് മൂന്ന് പതിറ്റാണ്ട് മുമ്പാണ് തമിഴ്‌നാട്ടിലേക്ക് കുടിയേറിവന്നത്. തെക്കൻ സംസ്ഥാനത്തെ കടലൂർ പട്ടണത്തിൽ കുൽഫി വിൽപനക്കാരനായ ശ്രീറാം ഭാര്യയും ഒമ്പത് കുട്ടികളോടൊപ്പമാണ് വാടക വീട്ടിൽ താമസിക്കുന്നത്. ഈ കുടുംബത്തിന് റേഷൻ കാർഡോ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിൽ കാർഡോ ഇല്ല. രണ്ടും ഇപ്പോൾ നൽകിയിട്ടുണ്ട്. മെയ് മൂന്നാം ആഴ്ചയിൽ ഇവരോട് വീട് ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങാൻ വീട്ടുടമസ്ഥൻ ആവശ്യപ്പെടുകയായിരുന്നു. മെയ് 19ന് കുടുംബം ട്രൈയിൻ വഴി യു പിയിലെ അവരുടെ വീട്ടിലെത്തി.
ഞങ്ങൾ തിരിച്ചെത്തിയപ്പോൾ സർക്കാരിൽ നിന്ന് 10 കിലോ അരിയും ധാന്യവും ലഭിച്ചു. പക്ഷേ ഒരു വലിയ കുടുംബമായതിനാൽ പെട്ടെന്നുതന്നെ റേഷൻ തീർന്നു. ഇതിന് ശേഷം അമ്മക്കും രണ്ട് സഹോദരങ്ങൾക്കും അസുഖം വന്നു. അച്ഛൻ ജോലിക്ക് ശ്രമിച്ചു. പക്ഷേ രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും തൊഴിലില്ലായ്മ രൂക്ഷമായെന്നും ശ്രീരാമിന്റെ പെൺമക്കളിൽ ഒരാളായ രാജ് കുമാരി പറഞ്ഞു. അവസാനമായി എന്റെ അമ്മ ധരിച്ച ആഭരണങ്ങൾ വിൽക്കുകയല്ലാതെ ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നു. കുറച്ച് ദിവസത്തേക്കുള്ള ഭക്ഷണത്തിനും മരുന്നിനും ഇത് ഞങ്ങളെ സഹായിച്ചെന്നും രാജ് കുമാരി പറഞ്ഞു. കുടുംബത്തിന്റെ നിസ്സഹായവസ്ഥാ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുകയും അന്വേഷണത്തിന് ശേഷം കുടുംബത്തിന് 15 ദിവസത്തേളക്കുള്ള റേഷൻ കിറ്റ് നൽകിയെന്നും കണ്ണൗജിലെ ജില്ലാ മജിസ്‌ട്രേറ്റ് രാകേശ് മിശ്ര മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കൊവിഡ് പകർച്ചവ്യാധി കാരണം സർക്കാർ ലോക് ഡൗൺ
പ്രഖ്യാപിച്ച ശേഷം മാർച്ച് മുതൽ 25 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികളാണ് ഉത്തർപ്രദേശിലേക്ക് മടങ്ങിയത്. മടങ്ങിയെത്തുന്നവർക്ക് സൗജന്യ റേഷൻ നൽകുമെന്നും യോഗി ആദിത്യനാഥ് സർക്കാർ പറഞ്ഞു.