Editorial
ഡല്‍ഹി: കുറ്റപത്രത്തിലും വംശഹത്യ

പൗരന്മാര്‍ക്ക് തുല്യനീതി വാഗ്ദാനം ചെയ്യുന്നതാണ് ഇന്ത്യന്‍ ഭരണഘടന. ഏതുവ്യക്തിക്കും നിയമത്തിനു മുന്നിലുള്ള തുല്യതയും ഇന്ത്യയെങ്ങും തുല്യമായ നിയമ സംരക്ഷണവും രാഷ്ട്രം നിഷേധിക്കുന്നില്ലെന്ന് ഭരണഘടനയുടെ 14ാം അനുഛേദം വ്യക്തമാക്കുന്നു. നീതിനിര്‍വഹണത്തില്‍ മത, ജാതി, ലിംഗ, വര്‍ണ വ്യത്യാസം പാടില്ല. എന്നാല്‍ തുല്യനീതി ഇന്ന് ഭരണഘടനയുടെ താളുകളിലൊതുങ്ങുകയാണ്. ജാതിയും മതവുമൊക്കെ പരിഗണിച്ചാണ് പോലീസ് പ്രതികളെ തീരുമാനിക്കുന്നതും കുറ്റപത്രം തയ്യാറാക്കുന്നതും. വിശിഷ്യാ ബി ജെ പിക്ക് ആധിപത്യമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍. ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ ഡല്‍ഹിയില്‍ ഹിന്ദുത്വ ഭീകരര്‍ നടത്തിയ അക്രമവും കൊള്ളയും കൊള്ളിവെപ്പും സംബന്ധിച്ച് കഴിഞ്ഞ ദിവസം കോടതി മുമ്പാകെ സമര്‍പ്പിച്ച ഡല്‍ഹി പോലീസിന്റെ കുറ്റപത്രം.
അക്രമികളെയും കലാപത്തിനു ആഹ്വാനം ചെയ്തവരെയും ഗൂഢാലോചനക്കാരെയുമെല്ലാം ഒഴിവാക്കി അക്രമവുമായി ബന്ധമില്ലാത്ത സി എ എ വിരുദ്ധ സമരക്കാരെയും ജാമിഅ മില്ലിയ്യ വിദ്യാര്‍ഥികളെയും ശഹീന്‍ ബാഗിലെ സമര പോരാളികളെയും ആക്ടിവിസ്റ്റുകളെയുമാണ് ഡിസംബര്‍ 13 മുതല്‍ ഫെബ്രുവരി 25 വരെയുള്ള സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. കലാപത്തിനു പരസ്യമായി ആഹ്വാനം ചെയ്ത ബി ജെ പി നേതാവ് കപില്‍ മിശ്ര, വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തിയ അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരുടെ പേരുകള്‍ കുറ്റപത്രത്തിലില്ല. കപില്‍ മിശ്ര നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ അന്താരാഷ്ട്രതലത്തില്‍വരെ ചര്‍ച്ചയാകുകയും വിവിധ സമയങ്ങളില്‍ കോടതി പോലും ഇടപെടുകയും ചെയ്തതാണ്. കപില്‍ മിശ്ര മോദി സര്‍ക്കാര്‍ അനുവദിച്ച വൈ കാറ്റഗറി സുരക്ഷയില്‍ തലസ്ഥാന നഗരിയില്‍ വിഹരിക്കുകയാണ്. പുറത്തു നിന്ന് 2,000 പേരെ കൊണ്ടുവന്ന് ആസൂത്രിതമായി നടത്തിയ വംശഹത്യയായിരുന്നു ഡല്‍ഹിയില്‍ അരങ്ങേറിയിരുന്നതെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം “ദ വയറി”നു നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. പൗരത്വ ഭേദഗതി നിയമാനുകൂലികളും പ്രതികൂലികളും തമ്മിലുള്ള ഏറ്റുമുട്ടലും കലാപവുമായിരുന്നില്ല അത്. ഡല്‍ഹിയിലെ അക്രമ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഈ നിഗമനത്തിലെത്തിയത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്ര പ്രചാരണത്തിനപ്പുറം ശാരീരികവും സാമ്പത്തികവുമായ ഉന്മൂലനം ഫലപ്രദമായി നടപ്പാക്കാനാകുമെന്ന് സംഘികള്‍ കാണിച്ചു തന്ന, 2002ല്‍ ഗുജറാത്തില്‍ മോദിയുടെ ആശീര്‍വാദത്തോടെ അരങ്ങേറിയ വംശഹത്യയുടെ ഡല്‍ഹി പതിപ്പായിരുന്നു ഇത്. 14 പള്ളികളാണ് അന്ന് ഡല്‍ഹിയില്‍ തകര്‍ക്കപ്പെട്ടതെന്നത് അക്രമത്തിന്റെ പിന്നിലെ ശക്തികളെ വ്യക്തമാക്കി തരുന്നുണ്ട്.
ഡല്‍ഹി പോലീസിന്റെ സഹായത്തോടെയായിരുന്നു ഫെബ്രുവരി 24, 25, 26 തീയതികളില്‍ ഡല്‍ഹിയിലെ വടക്കു കിഴക്കന്‍ ജില്ലയിലെ ജാഫറാബാദ്, മുസ്തഫാബാദ്, ശിവ് വിഹാര്‍, ചാന്ദ് ബാഗ് തുടങ്ങിയ പ്രദേശങ്ങളില്‍ സംഘ്പരിവാര്‍ അഴിഞ്ഞാടിയത്. ജാഫറാബാദില്‍ മറ്റൊരു ശഹീന്‍ ബാഗ് ഉയര്‍ന്നു വരാന്‍ അനുവദിക്കരുതെന്ന് ആഹ്വാനം ചെയ്ത കപില്‍ മിശ്ര, പൗരത്വ നിയമത്തെ എതിര്‍ക്കുന്നവര്‍ക്ക് മറുപടി നല്‍കാനായി മൗജ്പൂരില്‍ എത്തണമെന്നും അണികളോട് ആവശ്യപ്പെട്ടിരുന്നു. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരിച്ചുപോകുന്നത് വരെ സമാധാനം പാലിക്കുമെന്നും അത് കഴിഞ്ഞാല്‍ പോലീസ് പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടാകില്ലെന്നുമുള്ള കപില്‍ മിശ്രയുടെ വാക്കുകളാണ് അക്രമത്തിന് അണികള്‍ക്ക് പ്രചോദനമേകിയത്. എന്നിട്ടും കപില്‍ മിശ്രയെ മാറ്റി നിര്‍ത്തി ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ അടക്കമുള്ളവരെ കേന്ദ്രീകരിച്ച് പടച്ചുണ്ടാക്കിയ കള്ളക്കഥകളിലൂടെ മുസ്‌ലിംകള്‍ നടത്തിയ കലാപമാണെന്നു വരുത്തിത്തീര്‍ക്കുകയായിരുന്നു പോലീസും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും. ആടിനെ പട്ടിയാക്കാനുള്ള പോലീസിന്റെ ബോധപൂര്‍വമായ നീക്കത്തെ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ് മുരളീധര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അക്രമികള്‍ ഒരു ശൃംഖല പോലെ പ്രവര്‍ത്തിച്ചുവെന്നും അതിന്റെ സ്രോതസ്സ് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതിയുടെ ഈ ഉത്തരവ് മാനിച്ച് നിഷ്പക്ഷമായ നിയമ നടപടികള്‍ക്ക് പോലീസിന് നിര്‍ദേശം നല്‍കുന്നതിനു പകരം ജസ്റ്റിസ് മുരളീധറിനെ രായ്ക്കുരാമാനം സ്ഥലംമാറ്റുകയായിരുന്നു ഭരണകൂടം. തനി ഫാസിസ്റ്റ് ആശയഗതികള്‍ വെച്ചുപുലര്‍ത്തുന്ന ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള ഒരു ഭരണ സംവിധാനത്തില്‍, പോലീസും കോടതിയും എക്‌സിക്യൂട്ടീവ് സംവിധാനങ്ങളുമെല്ലാം അവരുടെ ഹിഡന്‍ അജന്‍ഡകള്‍ക്ക് ചൂട്ടുപിടിക്കുന്നവരായിരിക്കണം. ഇല്ലെങ്കില്‍ ഏറെ നാള്‍ സ്ഥാനത്ത് തുടരാന്‍ ഒക്കില്ല. അല്ലെങ്കില്‍ അമിത് ഷാ മുഖ്യ പ്രതിയായിരുന്ന സുഹ്‌റാബുദ്ദീന്‍ കേസ് വിചാരണ ചെയ്തിരുന്ന ജസ്റ്റിസ് ലോയയുടെ വിധി വന്നു ചേരും.
വംശീയ ഹത്യയില്‍ പോലീസിന്റെ പങ്ക് വ്യക്തമായിരിക്കെ അവരില്‍ നിന്ന് സത്യസന്ധമായ നിയമ നടപടിയോ കുറ്റപത്രമോ നേരത്തേ തന്നെ പ്രതീക്ഷിച്ചതല്ല. പോലീസ് അന്വേഷണത്തിന്റെ സത്യസന്ധതയിലും നിഷ്പക്ഷതയിലും മതേതര പാര്‍ട്ടികളും നേതാക്കളും സംശയം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്താണ് ഡല്‍ഹിയില്‍ സംഭവിച്ചതെന്ന സത്യം പുറത്തു വരണമെങ്കില്‍ ഡല്‍ഹി പോലീസിനെ മാറ്റി നിര്‍ത്തി കോടതിയുടെ മേല്‍നോട്ടത്തിലുള്ള സ്വതന്ത്രമായി പ്രവര്‍ത്തിക്കാവുന്ന ഒരു അന്വേഷണ സംഘത്തെ നിയോഗിക്കണം. ഇരകളില്‍ നിന്ന് പുതിയ പരാതികള്‍ സ്വീകരിക്കുകയും അവരുടെ മൊഴികള്‍ രേഖപ്പെടുത്തുകയും തെളിവുകള്‍ ശേഖരിക്കുകയും വേണം. പ്രത്യുത ഹിന്ദുത്വരുടെ ആയുധത്തിനിരയാകാതെ അവശേഷിച്ചവര്‍ ജയിലറകളിലും കോടതികളിലുമായി ശിഷ്ടജീവിതം നയിക്കുകയും അക്രമത്തിന് ആഹ്വാനം ചെയ്തവരും അഴിഞ്ഞാടിയവരും യാതൊരു നിയമ നടപടികള്‍ക്കും വിധേയമാകാതെ സ്വൈരവിഹാരം നടത്തുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് സംഭവിക്കാനിരിക്കുന്നത്. ഇതു തന്നെയാണല്ലോ മുസഫര്‍ നഗര്‍ ഉള്‍പ്പെടെ രാജ്യത്ത് മുമ്പ് നടന്ന വംശഹത്യകളിലെല്ലാം സംഭവിച്ചതും.