Gulf
വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍; വിദേശകാര്യ മന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്ത് അറബ് ലീഗ്

റിയാദ് | ഫലസ്തീനിലെ വെസ്റ്റ് ബാങ്ക് പ്രദേശം ഇസ്‌റാഈല്‍ അധിനിവേശ സര്‍ക്കാര്‍ കൈവശപ്പെടുത്താനുള്ള നീക്കത്തിനെതിരെ അറബ് രാജ്യങ്ങള്‍ രംഗത്ത്. മേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷന്റെ ജനറല്‍ സെക്രട്ടറിയേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര ഉച്ചകോടി യോഗം (വെര്‍ച്വല്‍) ചേര്‍ന്നു.
ഫലസ്തീന്‍, വെസ്റ്റ് ബാങ്ക് പ്രദേശങ്ങളില്‍ ഇസ്‌റാഈല്‍ പരമാധികാരം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും, നിലവിലെ സമാധാന ശ്രമങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയാവുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ സഊദി
വിദേശകാര്യ മന്ത്രി ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. മേഖലയില്‍ സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്നതിനായുള്ള നടപടികള്‍ പുനരാരംഭിക്കാനുള്ള സാധ്യതയെ ഇല്ലാതാക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.
2002ല്‍ നിലവില്‍ വന്ന അറബ് സമാധാന കരാറിന് അനുസൃതമായി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും
അനുബന്ധ പദ്ധതി, അന്താരാഷ്ട്ര നിയമങ്ങള്‍, ഉടമ്പടികള്‍, കണ്‍വെന്‍ഷനുകള്‍, പ്രമേയങ്ങള്‍ എന്നിവക്കു നേരെയുള്ള നഗ്‌നമായ വെല്ലുവിളിയാണ് ഇസ്‌റാഈല്‍ നടത്തുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍, ക്ഷണിക്കപ്പെട്ട പ്രത്യേക അതിഥികള്‍, ഇസ്ലാമിക് സഹകരണ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. യൂസഫ് ബിന്‍ അഹമ്മദ് അല്‍-ഉതൈമീന്‍ യോഗത്തില്‍ പങ്കെടുത്തു.