National
ഇന്ത്യ-ചൈന രണ്ടാം വട്ട സൈനിക തല ചര്‍ച്ചകള്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി | ഇന്ത്യ-ചൈന രണ്ടാം വട്ട സൈനിക തല ചര്‍ച്ചകള്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. കിഴക്കന്‍ ലഡാക്കിലെ ചില ഭാഗങ്ങള്‍, പാങ്കോങ് ടിസോ തുടങ്ങി നിരവധി മേഖലകളിലെ സംഘര്‍ഷാവസ്ഥക്കു പരിഹാരം കാണുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഉഭയകക്ഷി സൈനിക ചര്‍ച്ചകള്‍ നടക്കുന്നത്. സൈനിക മേജര്‍ ജനറല്‍ തല ചര്‍ച്ചകളാണ് ഇന്ന് നടന്നത്. ചര്‍ച്ച നാലര മണിക്കൂറോളം നീണ്ടുനിന്നു. അതിര്‍ത്തിയിലെ സ്റ്റാന്‍ഡോഫ് പോയിന്റുകളില്‍ നിലയുറപ്പിച്ചിട്ടുള്ള എണ്ണമറ്റ ചൈനീസ് സൈനികരെ ഉടന്‍ പിന്‍വലിക്കുക, മുമ്പുള്ള സ്റ്റാറ്റസ് കോ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇന്ത്യന്‍ പ്രതിനിധി സംഘം മുന്നോട്ടു വച്ചത്.
ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കുക ലക്ഷ്യമിട്ടുള്ള ചര്‍ച്ച ആശ്വാസകരമായ അന്തരീക്ഷത്തിലാണ് നടന്നതെന്ന് പ്രതിനിധി സംഘം പറഞ്ഞു. പ്രശ്‌നം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള താത്പര്യം വ്യക്തമാക്കിക്കൊണ്ട്, ഗാല്‍വന്‍ താഴ്‌വരയിലെയും ഹോട്ട് സ്പ്രിംഗിലെയും ചില ഭാഗങ്ങളില്‍ നിന്ന് സൈന്യത്തെ ചെറിയ തോതില്‍ പിന്‍വലിക്കുന്ന പ്രക്രിയ ഇരു സൈനിക വിഭാഗങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് രണ്ടാം വട്ട ചര്‍ച്ചകള്‍ നടന്നത്.