Connect with us

National

പി എന്‍ ബി തട്ടിപ്പ്: നിരവിന്റെയും മെഹുലിന്റെയും 1350 കോടി വിലമതിക്കുന്ന അമൂല്യ വസ്തുക്കള്‍ ഇന്ത്യയിലെത്തിച്ച് എ ഡി

Published

|

Last Updated

ന്യൂഡല്‍ഹി | പഞ്ചാബ് നാഷണല്‍ ബേങ്ക് (പി എന്‍ ബി)തട്ടിപ്പു കേസിലെ പ്രതികളായ നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ അമൂല്യ വസ്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ത്യയില്‍ തിരിച്ചെത്തിച്ചു. 2,300 കിലോഗ്രാം വരുന്ന വജ്രങ്ങളും മുത്തുകളും ഉള്‍പ്പെടെ 1,350 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളാണ് ബുധനാഴ്ച ഹോങ്കോങില്‍ നിന്ന് തിരികെയെത്തിച്ചത്. മുംബൈയിലെത്തിച്ച മൊത്തം വരുന്ന 108 വസ്തുക്കളില്‍ 32 എണ്ണം നിരവ് മോദിയുടെയും ബാക്കി ഇദ്ദേഹത്തിന്റെ അമ്മാവനായ മെഹുല്‍ ചോസ്‌കിയുടെയും നിയന്ത്രണത്തിലാണ്. ദുബൈയിലേക്കായിരുന്നു ഇവ ആദ്യം കടത്തിയിരുന്നത്. പി എന്‍ ബി കുംഭകോണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയതോടെ വസ്തുക്കള്‍ ഹോങ്കോങിലെ ഗോഡൗണിലേക്ക് മാറ്റുകയായിരുന്നു.

നേരത്തെ, ഇന്ത്യയിലുണ്ടായിരുന്ന ഇവരുടെ നിരവധി വസ്തുക്കള്‍ എ ഡി കണ്ടുകെട്ടിയിരുന്നു.
ഹോങ്കോങിലുണ്ടായിരുന്ന അമൂല്യ വസ്തുക്കള്‍ 2018 ജൂലൈയില്‍ ദുബൈയിലേക്ക് മാറ്റിയതായി അന്വേഷണ ഏജന്‍സിക്കു വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിന് ഹോങ്കോങ് സര്‍ക്കാറുമായി ഇ ഡി നിരന്തരം ബന്ധപ്പെട്ടു വരികയായിരുന്നു. വസ്തുക്കള്‍ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഹോങ്കോങ് അധികൃതരുമായുള്ള എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കി കഴിഞ്ഞതായി ഇ ഡി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാര (പി എം എല്‍ എ)മാണ് ഇവരുടെ വസ്തുവകകള്‍ പിടിച്ചെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ നിരവ് മോദി ലണ്ടന്‍ ജയിലിലാണ്. ആന്റിഗ്വ പൗരത്വം നേടിയ മെഹുല്‍ ചോക്‌സി അവിടെ ഒളിവില്‍ കഴിയുകയാണ്.

Latest