Connect with us

Education

വംശീയതയുടെ നിര്‍വചനം മാറ്റി വെബ്‌സ്റ്റര്‍ ഡിക്ഷണറി

Published

|

Last Updated

ന്യൂയോര്‍ക്ക് | ജോര്‍ജ് ഫ്‌ളോയിഡിന്റെ ദാരുണ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍, വംശീയതയുടെ നിര്‍വചനത്തില്‍ ഭേദഗതി വരുത്തി അമേരിക്കന്‍ നിഘണ്ടുവായ മെരിയം- വെബ്സ്റ്റര്‍. 22കാരിയായ കെന്നഡി മിഷം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഈ മാറ്റം വരുത്തല്‍.

വംശീയതക്ക് നിഘണ്ടു നല്‍കിയ നിര്‍വചനം നിലവിലെ സാഹചര്യത്തില്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെന്നഡി മിഷം കഴിഞ്ഞ മാസം നിഘണ്ടു പ്രസാധകര്‍ക്ക് ഇ- മെയില്‍ അയച്ചത്. “മനുഷ്യ പ്രകൃതങ്ങളുടെയും ശേഷികളുടെയും പ്രാഥമിക നിര്‍ണായക ഘടകമാണ് വംശമെന്നും അത്തരം വംശീയ വ്യത്യാസങ്ങള്‍ പ്രത്യേക വംശത്തിന്റെ സഹജമായ മേല്‍ക്കോയ്മ സൃഷ്ടിക്കുമെന്നുമുള്ള വിശ്വാസം”- ഇതായിരുന്നു വെബ്‌സറ്റര്‍ വംശീയതക്ക് നേരത്തേ നല്‍കിയ നിര്‍വചനം. ഈ നിര്‍വചനം സാമൂഹിക സ്ഥിതിയെ ഉള്‍ക്കൊള്ളുന്നില്ലെന്ന് മിഷം ചൂണ്ടിക്കാട്ടി.

നിര്‍വചനം മാറ്റാമെന്ന നിഘണ്ടു എഡിറ്ററുടെ മറുപടി ഇ മെയില്‍ മിഷമിന് വൈകാതെ ലഭിച്ചു. നിര്‍വചനം മാറ്റുമെന്ന പ്രതീക്ഷ തനിക്കുണ്ടായിരുന്നില്ലെന്ന് മിഷം പറഞ്ഞു. പുതിയ നിര്‍വചനം രണ്ട് ഭാഗങ്ങളായാണുള്ളത്. ഒന്നാമത്, വംശത്തിന്റെ പേരില്‍ ആളുകള്‍ക്കെതിരെ വ്യവസ്ഥാപിത പക്ഷപാതിത്വം പ്രകടിപ്പിക്കുക. വിഭിന്ന വംശീയാധികാര ഘടനക്ക് കാരണമാകുന്ന വിശാലമായ തലത്തില്‍ അന്തര്‍ലീനമായ പക്ഷപാതിത്വമാണ് രണ്ടാമത്തെത്. ഈ നിര്‍വചനങ്ങള്‍ നിലവിലെ വ്യവസ്ഥിതിയോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നുണ്ട്. നിഘണ്ടുവിന്റെ അടുത്ത പതിപ്പില്‍ പുതിയ നിര്‍വചനമുണ്ടാകും.