Kerala
തിരുവനന്തപുരം മെഡിക്കല്‍ കോളജ് കൊവിഡ് വാര്‍ഡില്‍ ആത്മഹത്യക്ക് ശ്രമിച്ച രണ്ടാമത്തെയാളും മരിച്ചു

തിരുവനന്തപുരം | മെഡിക്കല്‍ കോളജ് കൊവിഡ് വാര്‍ഡില്‍ ഉച്ചക്കും വെെകീട്ടുമായി രണ്ട് ആത്മഹത്യകൾ. കൊവിഡ് നിരിക്ഷണ വാർഡിൽ കഴിഞ്ഞിരുന്ന നെടുമങ്ങാട് സ്വദേശി മുരുകേശനാണ് ബുധനാഴ്ച വെെകീട്ട് ആത്മഹത്യ ചെയ്തത്. കൊവിഡ് വാർഡിൽ പ്രവേശിപ്പിച്ച ആനാട് സ്വദശിയായ ഉണ്ണി (33) രാവിലെ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് ഉച്ചയോടെ മരിച്ചിരുന്നു.
മുരുകേശനെ ബുധനാഴ്ച രാവിലെയാണ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയത്. വെെകീട്ടോടെ ഐസൊലേഷന്‍ മുറിയില്‍ ഉടുമുണ്ട് ഫാനില്‍ കെട്ടി തൂങ്ങിയ നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളുടെ സ്രവം പരിശോധനക്ക് എടുത്തിരുന്നുവെങ്കിലും ഫലം ലഭ്യമായിട്ടില്ല.
ഉച്ചക്ക് മരിച്ച ഉണ്ണി ചൊവ്വാഴ്ച കൊവിഡ് വാര്‍ഡില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തുചാടിയിരുന്നു. കെഎസ്ആര്‍ടിസി ബസില്‍ കയറി ആനാട് വരെ എത്തിയ ഇയാളെ നാട്ടുകാര്‍ തിരിച്ചറിഞ്ഞ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ ആത്മഹത്യാ ശ്രമം ഉണ്ടായതും പിന്നീട് മരിച്ചതും. ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
ഒരു ദിവസം കൊവിഡ് വാർഡിൽ രണ്ട് പേർ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം അതീവഗുരുതരമായാണ് കാണുന്നത്. നിരീക്ഷണത്തിലുണ്ടായ വീഴ്ചയാണോ ആത്മഹത്യകളിലേക്ക് നയിച്ചെതന്ന് അധികൃതർ പരിശോധന നടത്തുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)