Covid19
കൊവിഡ് : പുതിയ അണുബാധകൾ തടയാൻ ലോക്ക്ഡൗൺ ഉപകരിച്ചെന്ന് പഠനം

വാഷിംഗ്ടൺ| കൊറോണവൈറസ് വ്യാപനം തടയുന്നതിനായി ആഗോളതലത്തിൽ നടപ്പാക്കിയ ലോക്ക്ഡൗണിലൂടെ 531 ദശലക്ഷം പുതിയ അണുബാധകൾ തടയാനായതായി പഠനം. ലോക്ക്ഡൗൺ ശരിയായ രീതിയിൽ പ്രാവർത്തികമാക്കിയതിലൂടെ വൈറസ് പകരുന്നത് കുറക്കുകയും അതിവേഗം വ്യാപിക്കുന്നത് നിയന്ത്രിക്കുകയും ചെയ്തു. കൂടാതെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോഴും ഇത് പരിരക്ഷ നൽകുന്നതായും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
അടച്ചുപൂട്ടലിലൂടെ ചൈന, ദക്ഷിണകൊറിയ, ഇറാൻ, ഇറ്റലി,ഫ്രാൻസ്, യു എസ് എ തുടങ്ങിയ രാജ്യങ്ങളിലെ 531 ദശലക്ഷം വൈറസ് അണുബാധയെ തടയുകയോ വ്യാപനം നിയന്ത്രിക്കുകയോ ചെയ്തിരിക്കാമെന്നാണ് ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നേച്ചർ മാസികയിൽ ഈ മാസം എട്ടിന് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. യൂറോപ്പിൽ കൊറോണവൈറസ് വ്യാപനം കുറക്കാനുള്ള ഇടപെടലുകളിലൂടെ മുൻ സമയങ്ങളെ അപേക്ഷിച്ച് അണുബാധ നിരക്ക് ശരാശരി 81 ശതമാനം കുറക്കാനായെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.
രോഗബാധിതനായ ഒരാളിൽ നിന്ന് എത്ര പേർക്ക് വൈറസ് പകരാം എന്നതിന്റെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. അടച്ചിടൽ കാലത്ത് വൈറസ് വ്യാപനത്തിന് സാധ്യത ഇല്ലാത്തതിനാൽ രോഗ തീവ്രതയുടെ തോത് കുറയുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 2020ന്റെ തുടക്കത്തിൽ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ ചൈന, അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ സർക്കാറുകൾ അടച്ചുപൂട്ടൽ നടപടികൾ ഉൾപ്പെടെയുള്ളവ സ്വീകരിച്ചത് ഫലപ്രദമായെന്നാണ് ഗവേഷകർ പഠനത്തിലൂടെ വ്യക്തമാക്കുന്നത്.
എന്നാൽ അടച്ചുപൂട്ടൽ 11 യൂറോപ്യൻ രാജ്യങ്ങളിലായി 3.1 ദശലക്ഷം ജീവൻ രക്ഷിച്ചതായാണ് ലണ്ടനിലെ ഇംപീരിയൽ കോളജിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ പറയുന്നത്.