Connect with us

International

വരാനിരിക്കുന്നത് ആഗോള ഭക്ഷ്യ അടിയന്തരാവസ്ഥയെന്ന് ഐക്യരാഷ്ട്രസഭ

Published

|

Last Updated

ന്യൂയോർക്ക്| അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വരാനിരിക്കുന്നത് ആഗോള ഭക്ഷ്യ അടിയന്തരാവസ്ഥയെന്ന് യു എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ്. അരക്ഷിതരായ വേണ്ടത്ര ഭക്ഷണമോ പോഷകാഹാരമോ ലഭിക്കാത്ത ജനങ്ങളുടെ എണ്ണം അതിവേഗം വർധിക്കും. ദശലക്ഷക്കണക്കിന് കുട്ടികൾക്കും മുതിർന്നവർക്കും അത് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും- അദ്ദേഹം മുന്നറിയിപ്പ് നൽകി.

7.8 ബില്യൺ ജനസംഖ്യയുള്ള ലോകത്ത് ആവശ്യത്തിലധികം ഭക്ഷണമുണ്ട്. പക്ഷേ ഇന്ന് 820 ദശലക്ഷത്തിലധികം ആളുകൾക്ക് വിശക്കുന്നു. അഞ്ച് വയസ്സിൽ താഴെയുള്ള 144 ദശലക്ഷം കുട്ടികൾ മുരടിക്കുന്നു. കൊവിഡ് വ്യാപന തീവ്രതയിൽ കാര്യങ്ങൾ കൂടുതൽ വഷളാകുന്നു. ഭക്ഷ്യ സംവിധാനങ്ങൾ പരാജയപ്പെടുന്നു. ഭക്ഷ്യസുരക്ഷയിലും പോഷകത്തിലും കൊവിഡിന്റെ സ്വാധീനത്തെ കുറിച്ചുള്ള യു എൻ നയം അവതരിപ്പിക്കുന്നതിനിടെ വീഡിയോ സന്ദേശത്തിലാണ് യു എൻ മേധാവി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കൊവിഡ് പ്രതിസന്ധി കാരണം ഈ വർഷം 49 ദശലക്ഷം ആളുകൾ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തും. ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തിലുള്ള ഓരോ ശതമാനം കുറവും 0.7 ദശലക്ഷം മുരടിച്ച കുട്ടികളെയാണ് ചൂണ്ടിക്കാട്ടുന്നത്. ധാരാളം ഭക്ഷണമുള്ള രാജ്യങ്ങളിൽ പോലും വിതരണ ശൃംഖലയിൽ തടസ്സമുണ്ടാകാനുള്ള സാധ്യതയുണ്ട്. പകർച്ചവ്യാധി നിയന്ത്രണങ്ങളിൽ ഞങ്ങൾക്കുണ്ടായ മോശം പ്രത്യാഘാതങ്ങൾക്ക് തടയിടാൻ ഇപ്പോൾ രംഗത്തിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗുരുതര സാഹചര്യം നേരിടാൻ അപകടസാധ്യതയുള്ളയിടങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിതവും ഉപജീവനും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ഗുട്ടെറസ് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു. ഭക്ഷ്യതൊഴിലാളികൾക്ക് ഉചിതമായ സംരക്ഷണം ഉറപ്പാക്കുകയും ഭക്ഷ്യ പോഷകാഹാരസേവനങ്ങൾ അടിയന്തരമായി ലഭ്യമാക്കുകയും ചെയ്യണം. അതായത് ദുർബലവിഭാഗങ്ങൾക്ക് പോഷകാഹാരം, അടിയന്തര ഭക്ഷണം, ഉപജീവനമാർഗം എന്നിവ ഉറപ്പ് വരുത്തുകയും സംരക്ഷിക്കുകയും വേണം. ഭക്ഷ്യ സംസ്‌കരണം, ഗതാഗതം, പ്രാദേശിക ഭക്ഷ്യ വിപണികൾ എന്നിവക്കുള്ള പിന്തുണ രാജ്യങ്ങൾ വർധിപ്പിക്കണം. വ്യാപാര ഇടനാഴികൾ തുറന്നിടണമെന്നും ഗുട്ടെറസ് വ്യക്തമാക്കി.

Latest