Editorial
ബിരുദ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജ് മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനി അഞ്ജുവിന്റെ ആത്മഹത്യയെ ചൊല്ലി വിവാദം മുറുകുകയാണ്. ശനിയാഴ്ച പരീക്ഷക്കിടെ കോപ്പിയടിച്ചെന്ന പരാതിയില്‍ അഞ്ജുവിനെ പിടികൂടിയിരുന്നു. ഹാള്‍ ടിക്കറ്റിന്റെ പിറകുവശത്ത് പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടുവന്നാണ് കോപ്പിയടിച്ചതെന്നാണ് കോളജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇതേതുടര്‍ന്ന് പരീക്ഷാഹാളില്‍ നിന്നിറങ്ങിപ്പോയ വിദ്യാര്‍ഥിനിയെ പിന്നീട് കാണാതായി. രണ്ട് ദിവസത്തോളം നീണ്ട തിരച്ചിലിനൊടുവില്‍ അഞ്ജുവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍നിന്ന് കണ്ടെടുക്കുകയായിരുന്നു. കോപ്പിയടി പിടിച്ചതിലുള്ള മനോവിഷമത്തിലായിരിക്കാം ആത്മഹത്യയെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, കോളജിലെ മിടുക്കികളായ അഞ്ച് വിദ്യാര്‍ഥിനികളില്‍ ഒരാളായ അഞ്ജു ഒരിക്കലും കോപ്പിയടിക്കാന്‍ സാധ്യതയില്ലെന്നാണ് കുട്ടിയുടെ പിതാവ് ഷാജി തറപ്പിച്ചു പറയുന്നത്. കോപ്പിയടിച്ചതിന്റെ തെളിവ് ചോദിച്ചപ്പോള്‍ കോളജ് അധികൃതര്‍ തന്നില്ലെന്നും ഷാജി ആരോപിക്കുന്നു. അധികൃതരില്‍ നിന്നുള്ള കടുത്ത മാനസിക പീഡനത്തെ തുടര്‍ന്നാണ് അഞ്ജു ജീവനൊടുക്കിയതെന്നാണ് വീട്ടുകാരുടെ വിശ്വാസം. എന്നാല്‍ കോപ്പിയടി കണ്ടെത്തിയാല്‍ സര്‍വകലാശാല നിര്‍ദേശങ്ങള്‍ പ്രകാരം സ്വീകരിക്കേണ്ട നടപടികള്‍ മാത്രമാണ് തങ്ങള്‍ സ്വീകരിച്ചതെന്നും കോപ്പിയടിച്ച കാര്യം രേഖാമൂലം സര്‍വകലാശാലയില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് അറിയിച്ചതല്ലാതെ വിദ്യാര്‍ഥിനിക്കെതിരെ മറ്റെന്തെങ്കിലും നടപടിയെടുക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ചെയ്തില്ലെന്നും കോളജ് അധികൃതരും പറയുന്നു.
സംസ്ഥാനത്ത് രണ്ട് മാസത്തിനിടെ പരീക്ഷയുമായി ബന്ധപ്പെട്ട് ബിരുദ വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. മാര്‍ച്ച് ആദ്യത്തില്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ മൂന്നാം വര്‍ഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ഥി ജസ്പ്രീത് സിംഗിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഹാജര്‍ കുറഞ്ഞതിനെ തുടര്‍ന്ന് ആറാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്ത മനോവിഷമത്തിലാണ് ജസ്പ്രീത് ജീവനൊടുക്കിയത്. ജസ്പ്രീതിന് ഹാജര്‍ കുറഞ്ഞപ്പോള്‍ രണ്ട് തവണ കോളജ് സഹായിച്ചിരുന്നുവെന്നും മൂന്നാം തവണ ഹാജര്‍ കുറഞ്ഞപ്പോഴാണ് സര്‍വകലാശാലക്ക് റിപ്പോര്‍ട്ട് കൈമാറിയതെന്നും കോളജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 68 ശതമാനം ഹാജരുണ്ടായിരുന്ന ജസ്പ്രീത് എന്‍ സി സിയിലെ സജീവ അംഗവുമായിരുന്നു. ഈ രണ്ട് കാര്യവും പരിഗണിച്ച് വിദ്യാര്‍ഥിയെ പരീക്ഷക്കിരുത്താന്‍ കോളജധികൃതര്‍ക്ക് സാധിക്കുമായിരുന്നുവെന്നും അധികൃതരുടെ മനുഷ്യത്വപരമല്ലാത്ത നിലപാടാണ് ജസ്പ്രീതിന്റെ ആത്മഹത്യക്കു വഴിവെച്ചതെന്നുമാണ് സഹവിദ്യാര്‍ഥികളുടെ പക്ഷം.
വിദ്യാര്‍ഥികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതായാണ് പഠനങ്ങള്‍ കാണിക്കുന്നത്. 2017 ഏപ്രിലില്‍ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2011-15 വരെയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 39,775 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. സാമൂഹിക വിവേചനങ്ങള്‍, പഠനത്തിന്റെ പേരിലുള്ള അമിത സമ്മര്‍ദം തുടങ്ങിയവ ആത്മഹത്യക്കു കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. 2012ല്‍ പുറത്തുവന്ന ലാന്‍സര്‍ റിപ്പോര്‍ട്ട് പ്രകാരം 15നും 29നും ഇടയിലുള്ള പ്രായക്കാര്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. പക്വതയെത്താത്ത മനസ്സുകളാണ് പല വിദ്യാര്‍ഥികളുടേതും. ഇതോടൊപ്പം പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങാന്‍ രക്ഷിതാക്കളില്‍ നിന്നുള്ള സമ്മര്‍ദം കൂടിയാകുന്നതോടെ അവര്‍ മനഃസംഘര്‍ഷത്തിലേക്കും മനോരോഗത്തിലേക്കും തുടര്‍ന്ന് ആത്മഹത്യയിലേക്കും നീങ്ങുന്നു. കോപ്പിയടിച്ചെങ്കിലും പരീക്ഷയില്‍ വിജയിക്കണമെന്ന ചിന്ത വിദ്യാര്‍ഥികളില്‍ വളര്‍ന്നു വരുന്നതിന്റെ പ്രധാന കാരണവും രക്ഷിതാക്കളുടെ സമ്മര്‍ദമാണ്.
പരീക്ഷാഹാളില്‍ കോപ്പിയടി പിടിച്ചാല്‍ അത് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരാണ് അധ്യാപകരിലും പരീക്ഷാ സൂപ്പര്‍വൈസര്‍മാരിലും നല്ലൊരു പങ്ക്. കോപ്പിയടിച്ച വിദ്യാര്‍ഥികളെ മറ്റു വിദ്യാര്‍ഥികള്‍ കേൾക്കേ ശാസിക്കുകയും മോശമായി സംസാരിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് പതിവാണ്. ഇതോടെ തന്റെ സഹപാഠികളെയും രക്ഷിതാക്കളെയും സമൂഹത്തെയും എങ്ങനെ നേരിടുമെന്ന ചിന്ത വിദ്യാര്‍ഥികളെ മഥിക്കുകയും ജീവിക്കുന്നതിലും ഭേദം മരിക്കുകയാണെന്ന തീരുമാനത്തിലെത്തുകയും ചെയ്യുകയാണ്. കോപ്പിയടിച്ച വിദ്യാര്‍ഥികളെ അപമാനിക്കരുത്. അവന്റെ അഭിമാനത്തിനു മുറിവേല്‍ക്കുന്ന പെരുമാറ്റം ബന്ധപ്പെട്ടവരില്‍ നിന്നുണ്ടാകുകയുമരുത്. അവരെ ഓഫീസ് റൂമിലോ മറ്റോ കൊണ്ടുപോയി വളരെ സൗമ്യമായി ചോദ്യം ചെയ്യുകയും വീട്ടുകാരെ വിവരം അറിയിച്ച് അവര്‍ വരുന്നത് വരെ വൈകാരികമായി പിന്തുണ നല്‍കുകയുമാണ് വേണ്ടതെന്ന് മനശ്ശാസ്ത്ര വിദഗ്ധര്‍ പറയുന്നു. വീട്ടുകാര്‍ വരുന്നത് വരെ വിദ്യാര്‍ഥിയെ ഒറ്റക്ക് പുറത്തു വിടരുത്. രക്ഷിതാക്കള്‍ വിദ്യാര്‍ഥികളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോകുമ്പോള്‍, ഈ തെറ്റിന്റെ പേരില്‍ അമിതമായി ശകാരിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യരുതെന്ന് പ്രത്യേകം ഓര്‍മിപ്പിക്കുകയും വേണം.
കോപ്പിയടി ഇന്ന് വ്യാപകമാണ്. ഉന്നത ബിരുദ പരീക്ഷകളിലും ഗവേഷണ രംഗത്തുമെല്ലാം ഇതു നടക്കുന്നുണ്ട്. തങ്ങളുടെ സ്ഥാപനം മികച്ച വിജയം നേടാനായി വിദ്യാര്‍ഥികള്‍ക്ക് കോപ്പിയടി തന്ത്രങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെയുണ്ട് രാജ്യത്ത്. ബോര്‍ഡ് പരീക്ഷകളില്‍ എങ്ങനെ കോപ്പിയടിക്കാമെന്ന് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തതിന് യു പിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തത് നാല് മാസം മുമ്പാണ്. മാത്രമല്ല കോപ്പിയടിക്കുന്നത് ശ്രദ്ധയില്‍ പെട്ടാലും എങ്ങനെയെങ്കിലും കയറിപ്പൊയ്‌ക്കോട്ടെ എന്ന ചിന്തയില്‍ അത് കണ്ടില്ലെന്നു നടിക്കുന്ന സൂപ്പര്‍വൈസര്‍മാരും നിരവധി. ഈയൊരു സ്ഥിതി വിശേഷമാണ് കോപ്പിയടിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ധൈര്യം പകരുന്നത്. കോപ്പിയടി അത്ര വലിയ പാതകമല്ലെന്ന് വിശ്വസിക്കുന്നവരാണ് ഇന്നത്തെ വിദ്യാര്‍ഥി തലമുറ പൊതുവെ. കോപ്പിയടിക്കുള്ള നിയമപരമായ ശിക്ഷകളെക്കുറിച്ച് അവര്‍ ബോധവാന്മാരല്ല. ഇത്തരം കാര്യങ്ങളെക്കുറിച്ച് അധ്യയന വര്‍ഷത്തിന്റെ തുടക്കത്തിലേ വിദ്യാര്‍ഥികളെ ബോധവാന്മാരാക്കിയാല്‍ കോപ്പിയടി കുറക്കാനായേക്കും.