Gulf
എയര്‍ ഇന്ത്യയുടെ നടപടി കടുത്ത വഞ്ചന: ഐ സി എഫ്

ദമാം | വന്ദേ ഭാരത് മിഷന്‍ വഴി നാടണയുന്ന യാത്രക്കാരുടെ ടിക്കറ്റ് നിരക്ക് ഇരട്ടിയോളം വര്‍ധിപ്പിച്ച എയര്‍ ഇന്ത്യയുടെ നടപടി കടുത്ത വഞ്ചനയാണെന്ന് ഐ സി എഫ് നാഷണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. കൊവിഡ് 19 മൂലം കൊടിയ അവഗണനയും പീഡനങ്ങളും സഹിച്ച പ്രവാസികളെ വിദേശ രാഷ്ട്രങ്ങളുടെ കടുത്ത സമ്മര്‍ദങ്ങള്‍ക്ക് ശേഷം മാത്രമാണ് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിക്കുന്നത്. നാമമാത്രമായ ആളുകളെ മാത്രമാണ് ഇതുവരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാറിനായത്.
ഗര്‍ഭിണികളും പ്രായാധിക്യമുള്ളവര്‍ക്കും സന്ദര്‍ശക വിസയിലെത്തി തിരിച്ചുപോവാന്‍ സാധിക്കാതെ പ്രയാസപ്പെടുന്നവര്‍ക്കും മാസങ്ങളായി ജോലിയില്ലാത്തവര്‍ക്കുമാണ് വന്ദേ ഭാരത് മിഷനിലൂടെ നാട്ടിലേക്ക് തിരിച്ചുപോവാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കുന്നത്. ഇവരുടെ തന്നെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക വഴി സര്‍ക്കാര്‍ ചെയ്യുന്നത് സാമാന്യ നീതിക്ക് പോലും നിരക്കാത്ത കാര്യമാണ്. എല്ലാ രാഷ്ട്രങ്ങളും അവരുടെ പൗരന്മാരെ കൃത്യസമയത്ത് നാട്ടിലെത്തിച്ചത് തീര്‍ത്തും സൗജന്യമായാണ്. പ്രവാസി സംഘടനകള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും എംബസ്സിയില്‍ കെട്ടിക്കിടക്കുന്ന വെല്‍ഫയര്‍ ഫണ്ടില്‍ നിന്നും ഒരു രൂപ പോലും പ്രതിസന്ധി ഘട്ടത്തില്‍ പ്രവാസികള്‍ക്കായി ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നത് സര്‍ക്കാര്‍ കൈക്കൊള്ളുന്ന അനീതിയുടെ ഭീകര മുഖം വ്യക്തമാക്കുന്നു.
സാമൂഹിക സംഘടനകള്‍ ഒരുക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങളിലേതിനെക്കാള്‍ ഉയര്‍ന്ന തോതില്‍ വര്‍ധിപ്പിച്ച യാത്രാ നിരക്ക് പിന്‍വലിച്ച്, രാജ്യത്തിന്റെ അഭിവൃദ്ധിക്കു വേണ്ടി പ്രവാസം തിരഞ്ഞെടുത്തവരെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ വഴിയൊരുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.