Connect with us

Gulf

കൊവിഡ് കാലത്തും ഇന്ത്യന്‍ സ്‌കൂളുകള്‍ ഉയര്‍ന്ന ഫീസ് ഈടാക്കുന്നതിനെതിരെ പ്രതിഷേധം

Published

|

Last Updated

റിയാദ് | കൊവിഡ് കാലത്തും ഉയര്‍ന്ന ഫീസ് ഈടാക്കുന്ന ഗള്‍ഫിലെ ഇന്ത്യന്‍ സ്‌കൂളുകളുടെ കഴുത്തറുപ്പന്‍ സമീപനം അവസാനിപ്പിക്കണമെന്ന് പ്രവാസി ഫ്രന്‍ഡ്‌സ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. വിദ്യാഭ്യാസം കച്ചവടമാണ് എന്ന് വീണ്ടും പ്രഖ്യാപിക്കുകയാണ് ചില ഇന്ത്യന്‍ സ്‌കൂളുകള്‍. അമിത ഫീസ് ഈടാക്കരുതെന്നും ഫീസ് അടക്കാത്തതിന്റെ പേരില്‍ കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും ഒഴിവാക്കരുതെന്നും ഇന്ത്യന്‍ അംബാസഡറുടെയും കേരള മുഖ്യമന്ത്രിയുടെയും പ്രഖ്യാപനം നിലനില്‍ക്കെതന്നെ പല മാനേജ്‌മെന്റുകളും ഇതിനു വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും ചില സ്‌കൂളുകള്‍ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാനും ഫീസ് അടക്കാന്‍ വൈകിയ വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് ഒഴിവാക്കാനും ശ്രമം നടത്തുകയാണ്. സാധാരണ അവസ്ഥയിലേക്കു മാറിക്കഴിഞ്ഞാല്‍ മുന്‍കാല പ്രാബല്യത്തോടെ സ്‌പോര്‍ട്‌സ്, ലൈബ്രറി തുടങ്ങി എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസിനുള്ള ഫീസുപോലും ഈടാക്കുമെന്ന് ചില സ്‌കൂളുകള്‍ രക്ഷിതാക്കളെ അറിയിച്ചുകഴിഞ്ഞു.

വൈദ്യുതി, വാടക, മറ്റിനങ്ങള്‍ എന്നിവയില്‍ കൊവിഡ് കാലത്തെ പ്രവര്‍ത്തനക്കുറവ് മൂലം സ്‌കൂളുകള്‍ക്ക് ലാഭമുണ്ടായിട്ടും ആ ആശ്വാസത്തിന്റെ ഒരു അംശം പോലും രക്ഷിതാക്കള്‍ക്ക് നല്‍കാന്‍ മാനേജ്‌മെന്റുകള്‍ തയാറാകുന്നില്ല. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന് മാനവികമൂല്യമുള്ള തലമുറയെ സൃഷ്ടിക്കുക കൂടിയാണല്ലോ. എന്നാല്‍, ചില മാനേജ്‌മെന്റുകളെങ്കിലും ഇതിന് അപവാദമായി പ്രവര്‍ത്തിക്കുന്നത് പ്രവാസ ലോകത്തിനുതന്നെ അപമാനമാണ്. ഇതിനെതിരെ ഓണ്‍ലൈനായി സംഘടിപ്പിച്ച പ്രവാസി ഫ്രന്‍ഡ്‌സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ അസ്‌ലം പാലത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന് പ്രവാസി സമൂഹത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. എല്ലാ പൊതു പ്രവര്‍ത്തകരുടെയും അടിയന്തര ഇടപെടല്‍ വിഷയത്തില്‍ ഉണ്ടാകണമെന്നും പ്രതിഷേധം ഇനിയും സജീവമാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Latest