Ongoing News
കൊവിഡിനൊപ്പം ട്രോളിംഗ്; മത്സ്യത്തൊഴിലാളികൾക്ക് ഇനി വറുതിയുടെ നാളുകൾ

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധം നിലവിൽ വരും. ജൂലൈ 31 വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധം. പത്ത് കുതിര ശക്തിക്ക് മുകളിലുള്ള എൻജിനുകൾ ഉപയോഗിക്കുന്ന യന്ത്രവത്കൃത യാനങ്ങൾക്കാണ് നിരോധം.
കൊവിഡ് ദുരിതകാലത്തിനൊപ്പം ട്രോളിംഗ് നിരോധം കൂടിയെത്തിയത് മത്സ്യത്തൊഴിലാളികളെ കൂടുതൽ വറുതിയിലാക്കും. കൊവിഡ് 19 നെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഇവരുടെ ദുരിതം നേരത്തേയാക്കി. ട്രോളിംഗ് നിരോധത്തിന് മുന്പ് കൂട്ടിവെക്കാറുള്ള കരുതൽ ലോക്ക്ഡൗണിനെ തുടർന്ന് ഇത്തവണ ഇല്ലാതായത് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ദുരിതം ഇരട്ടിയാക്കും. സർക്കാർ സഹായം മാത്രം പ്രതീക്ഷിച്ചു വറുതിയുടെ കാലം നേരിടാനൊരുങ്ങുകയാണ് ഇവർ.
നിലവിലെ സാഹചര്യത്തിൽ നിരോധവുമായി മത്സ്യത്തൊഴിലാളികളും ട്രേഡ് യൂനിയൻ സന്നദ്ധ സംഘടനകളും സഹകരിക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ ആവശ്യപ്പെട്ടു. കടലിൽ പോയ മുഴുവൻ ബോട്ടുകളും ഇന്ന് അർധരാത്രിക്ക് മുന്പ് തിരിച്ചെത്താൻ നിർദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇതര സംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധം ആരംഭിക്കുന്നതിന് മുമ്പ് കേരള തീരം വിട്ട് പോകാനും നിർദേശിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധം നിലവിൽ വരുന്നതോടെ സംസ്ഥാനത്ത് 4,200 ലധികം വരുന്ന ബോട്ടുകൾ 52 ദിവസത്തേക്ക് കടലിൽ പോകില്ല. ട്രോളിംഗ് നിരോധന സമയത്തുള്ള പട്രോളിംഗിനും കടൽ സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി 20 സ്വകാര്യ ബോട്ടുകളുടെ സേവനം ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് ലഭ്യമാക്കിയിട്ടുണ്ട്. സാഹചര്യങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് കൂടുതൽ ബോട്ടുകൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഹാർബറുകളിലും ലാൻഡിംഗ് സെന്ററുകളിലുമുള്ള പെട്രോൾ ബങ്കുകളുടെ പ്രവർത്തനം ഇന്ന് രാത്രിയോടെ അവസാനിക്കും.
ജില്ലാ ഭരണകൂടത്തിന്റെ ട്രോളിംഗ് നിരോധം സംബന്ധിച്ചുള്ള നിർദേശങ്ങൾ വള്ളങ്ങളുമായി കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ കൃത്യമായി പാലിക്കണം. മൺസൂൺ ആരംഭിച്ചതിനാൽ മത്സ്യത്തൊഴിലാളികൾക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ കണക്കിലെടുത്ത് മാത്രമേ കടലിൽ പോകാവൂ. നിരോധ കാലയളവിലുള്ള സമാശ്വാസ സഹായധന വിഹിതം സമയബന്ധിതമായി നൽകുന്നതിന് നടപടി ആരംഭിച്ചതായി മന്ത്രി അറിയിച്ചു.
ട്രോളിംഗ് നിരോധ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനും സംരക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും ഈ മാസം തന്നെ മറൈൻ ആംബുലൻസിന്റെ സേവനം ലഭ്യമാക്കും. നിർമാണം പൂർത്തിയാക്കിയ മറൈൻ ആംബുലൻസ് കടലിൽ ഇറക്കുന്ന തീയതി ഉടൻ നിശ്ചയിക്കും.
ട്രോളിംഗ് നിരോധ കാലയളവിൽ വലിയ വള്ളങ്ങളുടെ ഉപയോഗം പരമാവധി കുറക്കാനും കടൽ ജൈവ സന്തുലിതാവസ്ഥ നിലനിൽക്കത്തക്ക രീതിയിൽ മണ്ണെണ്ണ ഉപയോഗിക്കുന്ന എൻജിനുകളുടെ വലിപ്പം കുറച്ച് കൊണ്ടുവരാനും മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണം.
നിലവിൽ സമുദ്ര മത്സ്യോത്പാദനം വർധനവിന്റെ പാതയിലാണ്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 2016-17 ൽ 4.88 ലക്ഷം മെട്രിക് ടണ്ണായിരുന്ന സമുദ്ര മത്സ്യോത്പാദനം 2019-20 ൽ 6.09 ലക്ഷമായി വർധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ വരുന്ന 12 നോട്ടിക്കൽ മൈൽ പ്രദേശത്താണ് ട്രോളിംഗ് നിരോധം. പരമ്പരാഗത വള്ളങ്ങൾക്ക് വിലക്കില്ലെങ്കിലും ഇൻബോർഡ് വള്ളങ്ങൾക്കൊപ്പം കടലിൽ കൊണ്ടുപോകാറുള്ള കരിയർ വള്ളങ്ങൾ ട്രോളിംഗ് നിരോധ കാലത്ത് കൂടെ കൊണ്ടുപോകുന്നതിൽ ഇത്തവണ വിലക്കുണ്ട്.