Kerala
ആരാധനാലയങ്ങൾ തുറക്കൽ; രാഷ്ട്രീയ മുതലെടുപ്പിന് സംഘ്പരിവാർ

തിരുവനന്തപുരം | കേന്ദ്ര സർക്കാറിന്റെ ലോക്ക്ഡൗൺ ഇളവിനെ തുടർന്ന് സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനത്തിൽ തീവ്ര ഹിന്ദുത്വ, സംഘ്പരിവാർ സംഘടനകൾ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു. നേരത്തേ ക്ഷേത്രങ്ങൾ തുറക്കണമെന്ന് നിരന്തരമായി ആവശ്യമുന്നയിച്ച ഹിന്ദു നേതാക്കളും സംഘടനകളുമാണ് ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയപ്പോൾ സംസ്ഥാന സർക്കാറിനെതിരെ വിമർശവുമായി രംഗത്തെത്തിയിരിക്കുന്നത്.
കേന്ദ്ര നിർദേശപ്രകാരം ഇളവുകൾ നൽകിയ ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ റസ്റ്റോറന്റുകൾ, ആരാധനാലയങ്ങൾ തുടങ്ങിയവ മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാനാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയത്. മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാൻ കഴിയുന്നവക്ക് മാത്രമായിരുന്നു അനുമതി. ഇതുപ്രകാരം മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയുന്ന ആരാധനാലയങ്ങൾ മാത്രം തുറക്കാൻ മത നേതാക്കൾ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ആരാധനനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേ സ്വീകരിച്ചിരുന്ന നിലപാടിന് വ്യത്യസ്തമായി സർക്കാർവിരുദ്ധ നീക്കവുമായി സംഘ്പരിവാർ സംഘടനകൾ രംഗത്തെത്തിയത്.
തീവ്ര ഹിന്ദുത്വ സംഘടനകളായ ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത്, കേന്ദ്രമന്ത്രി വി മുരളീധരൻ, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണൻ എന്നിവരാണ് സർക്കാർ തീരുമാനത്തിനെതിരെ രംഗത്തെത്തിയത്. സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ക്ഷേത്രങ്ങൾ തുറക്കുന്നതെന്നും ഹിന്ദു സംഘടനകളുടെ അഭിപ്രായം തേടാതെയാണ് സർക്കാർ ക്ഷേത്രങ്ങൾ തുറന്നതെന്നുമാണ് ഹിന്ദു ഐക്യവേദിയുടെ ആരോപണം.
ക്ഷേത്രങ്ങള്‍ തുറക്കാന്‍ വിശ്വാസികളോ, അമ്പല കമ്മിറ്റികളോ ആവശ്യപ്പെട്ടിട്ടില്ലെന്നും ദൈവ വിശ്വാസമില്ലാത്ത സര്‍ക്കാര്‍, വിശ്വാസികളെ താറടിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് മുരളീധരന്റെ വിമര്‍ശം. ക്ഷേത്രങ്ങൾ തുറക്കാനുളള മുഖ്യമന്ത്രിയുടെ നിലപാട് ദുരുദ്ദേശപരമാണെന്നും ഈശ്വര വിരോധികളായ സി പി എമ്മിന്റെ പാർട്ടി സെക്രട്ടറിയല്ല, കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഇനിയെങ്കിലും സ്വയം തിരിച്ചറിയണമെന്നും മുരളീധരൻ കുറ്റപ്പെടുത്തി. ആരാധനാലയങ്ങൾ തീരുമാനിക്കാനുള്ള തീരുമാനം ഇവിടെവീഴുന്ന കാണിക്കയിൽ കണ്ണുടക്കിയാണെന്നും കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു. ദേവസ്വം ബോർഡിനു കീഴിലുളള ക്ഷേത്രങ്ങൾ തുറക്കാനുളള തീരുമാനം കേരളത്തിലെ ഇടതുസർക്കാർ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹിന്ദു ഐക്യവേദിക്ക് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ബാബുവിന്റെ പ്രതികരണം.