Kozhikode
ആതിര പെൺകുഞ്ഞിന് ജന്മം നൽകി; കാണാൻ നിഥിനില്ല

കോഴിക്കോട് | ഇന്നലെ ഗൾഫിൽ മരിച്ച നിഥിന്റെ ഭാര്യ ആതിര പെൺകുഞ്ഞിന് ജന്മം നൽകി. ഇന്ന് രാവിലെ പതിനൊന്നേ മുക്കാലോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയാണ് ആതിര കുഞ്ഞിന് ജന്മം നൽകിയത്.
നിഥിന്റെ മരണവാർത്ത ബന്ധുക്കൾ ഇതുവരെ ആതിരയെ അറിയിച്ചിട്ടില്ല. മരണവാർത്ത അറിഞ്ഞാലുണ്ടാകുന്ന ശാരീരിക പ്രയാസം കണക്കിലെടുത്തായിരുന്നു അവരെ കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മൃതദേഹം കോഴിക്കോട്ടെത്തിയ ശേഷം മരണവാർത്ത അറിയിക്കാമെന്നാണ് ബന്ധുക്കളുടെ തീരുമാനം.
ഭർത്താവ് നിഥിൻചന്ദ്രന്റെ മരണത്തോടെ കേരളത്തിന്റെ സങ്കടമായി മാറിയിരുന്നു ആതിരയും. 2017ലാണ് വാല്യക്കോട് സ്വദേശി ആതിരയുമായുള്ള നിഥിന്റെ വിവാഹം നടന്നത്. എട്ട് മാസം മുന്പാണ് നിഥിൻ അവസാനമായി നാട്ടിൽ വന്നത്. ദുബൈയിലെ ഐ ടി കമ്പനിയിലാണ് ആതിര ജോലി ചെയ്യുന്നത്.
പ്രവാസ ലോകത്തും കണ്ണീർക്കനൽ
പ്രവാസ ലോകത്ത് കുടുങ്ങിക്കിടന്ന ഗർഭിണികൾ ഉൾപ്പെടെയുള്ളവരെ നാട്ടിലെത്തിക്കാൻ നിയമപോരാട്ടം നടത്തിയ ആതിരക്ക് കരുത്ത് പകർന്ന നിഥിന്റെ മരണവാർത്ത നാട്ടിലും പ്രവാസലോകത്തും കണ്ണീരായി മാറിയിരിക്കുകയാണ്.
യു എ ഇയിൽ നിന്ന് നാട്ടിലേക്ക് പോകാൻ അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി നൽകിയ കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ മുയിപ്പോത്ത് സ്വദേശിനി ആതിര ഗീതാ ശ്രീധരന്റെ ഭർത്താവ് പടിഞ്ഞാറക്കര കുനിയിൽ നിഥിൻ ചന്ദ്രൻ (29) ഇന്നലെയാണ് ഷാർജയിൽ മരിച്ചത്.
ഷാർജയിൽ താമസസ്ഥലത്ത് ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് നിഥിന്റെ മരണകാരണം ജൂലൈ ആദ്യ വാരത്തിലെ പ്രസവാവശ്യത്തിന് ആശുപത്രിയിൽ പ്രവേശിക്കാൻ ആതിര നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അതോടെ ആതിരയുടെ യാത്ര നീളുകയായിരുന്നു. തുടർന്ന് അതിരയും നിഥിനും നിയമപോരാട്ടത്തിന് ഇറങ്ങി.
യാത്ര അനിശ്ചിതത്വത്തിലായ നൂറുകണക്കിനാളുകളുടെ പ്രതിനിധിയായി ദുബൈയിലെ ഇൻകാസ് യൂത്ത് വിംഗിന്റെ സഹായത്തോടെ അവർ സുപ്രീം കോടതിയെ സമീപിച്ചു.
ആതിരയുടെ നാട്ടിലേക്കുള്ള യാത്ര വാർത്തകളിൽ ഇടംനേടി. മെയ് എട്ടിന് പ്രത്യേക വിമാനത്തിലെ ആദ്യ യാത്രികരിൽ ഒരാളായാണ് ആതിര നാട്ടിലെത്തിയത്. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായ നിഥിൻ സാമൂഹികസേവന രംഗത്തെ നിറ സാന്നിധ്യമായിരുന്നു. കേരളാ ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പിന്റെ യു എ ഇ യിലെ കോ- ഓർഡിനേറ്ററായ ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ പേര് തന്നെ “നിഥിൻ സി ഒ പോസിറ്റീവ്” എന്നാണ്. കോൺഗ്രസിന്റെ പോഷക സംഘടനയായ ഇൻകാസ് യൂത്ത് വിംഗിന്റെ സജീവ പ്രവർത്തകനായിരുന്നു. ഒരു വർഷം മുന്പ് ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സിച്ചിരുന്നു.
സ്ത്രീകൾക്കു വേണ്ടി ശബ്ദമുയർത്തിയതിനുള്ള ഇൻകാസിന്റെ സ്‌നേഹ സമ്മാനമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ആതിരക്ക് ടിക്കറ്റ് എടുത്ത് നൽകി. സമ്മാനം സ്വീകരിക്കുമ്പോൾ തന്നെ തങ്ങൾക്ക് ഇതിന്റെ ആവശ്യമില്ലെന്നും പകരമായി രണ്ട് പേർക്കുള്ള ടിക്കറ്റ് തുക നൽകുമെന്നും നിതിനും ആതിരയും വ്യക്തമാക്കി. മാത്രമല്ല നാട്ടിലേക്ക് തിരിക്കും മുമ്പ് അവർ അത് ഇൻകാസിന് കൈമാറുകയും ചെയ്തു. റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ ആലക്കാട്ട് മീത്തൽ രാമചന്ദ്രന്റെയും ലതയുടെയും മകനാണ്.