Covid19
എയിംസ് ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ എഴുതാനാകാതെ കൊവിഡ് പ്രതിരോധക്കാര്‍

ന്യൂഡല്‍ഹി | ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ രാജ്യത്തെ ഭൂരിഭാഗം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും നഷ്ടമാകും. പരീക്ഷ എഴുതുന്നവര്‍ കൊവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്ന് എഴുതി നല്‍കണമെന്ന വ്യവസ്ഥയാണ് രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് മുന്നില്‍ നില്‍ക്കുന്ന പടയാളികള്‍ക്ക് തട്ടസമാകുന്നത്. സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ നിയമപരമായി നേരിടുമെന്നും എയിംസ് പറയുന്നു. ഇത് വലിയ പ്രതിസന്ധിയാണ് രാജ്യത്തെ കൊവിഡ് പോരാളികളില്‍ സൃഷ്ടിക്കുന്നത്.
രാജ്യത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇപ്പോഴത്തെ പ്രവേശന പരീക്ഷകള്‍ നിര്‍ത്തിവെക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. രാജ്യത്തെ മാഹാമാരിയില്‍ നിന്ന് രക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ട തങ്ങളുടെ ഭാവി അവസരങ്ങള്‍ ഇല്ലാതാക്കരുതെന്നും ഇവര്‍ എയിംസ് അധികൃതരോട് ആവശ്യപ്പെടുന്നു.
എയിംസ് ബിരുദാനന്തര ബിരുദ നഴ്‌സിംഗ്, എം ഡി, എം എസ് , സ്‌പെഷ്യാലിറ്റി ഡി എം, എം സി എചച്ച് കോഴ്‌സുകളില്‍ എല്ലാവര്‍ഷവും പ്രവേശന പരീക്ഷ നടത്തിവരുന്നുണ്ട്. നിരവധി ജൂനിയര്‍ ഡോക്ടര്‍മാരും ഇപ്പോള്‍ ജോലി ചെയ്യുന്നവരും രാജ്യത്തെ 150ഓളം സന്റെറുകളില്‍ പരീക്ഷ എഴുതിവരുന്നു. എന്നാല്‍ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രോഗലക്ഷണമില്ലെന്നും കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമേ പരീക്ഷ എഴുതാന്‍ കഴിയുവെന്ന് എയിംസ് പറഞ്ഞരിക്കുന്നത്. എയിംസിന്റെ ഈ നിലപാടാണ് ഇപ്പോള്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.