Editorial
പാലക്കാട്ടെ ആനയും ഹിമാചലിലെ പശുവും

ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ അതിദാരുണമായ ഒരു സംഭവം നടന്നു. തീറ്റക്കായി മേയുന്നതിനിടെ സ്‌ഫോടക വസ്തു ഒളിപ്പിച്ച ഗോതമ്പുണ്ട തിന്ന് ഒരു പശുവിന്റെ വായ തകര്‍ന്നു. മെയ് 26നായിരുന്നു സംഭവമെന്ന് വാര്‍ത്താ ഏജന്‍സി എ ഐ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുര്‍ദയാല്‍ സിംഗ് എന്നയാളുടേതാണ് പശു. അയല്‍വാസി നന്ദ്‌ലാല്‍ ആണ് ഗോതമ്പുണ്ട വെച്ചത്. വിവരം ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളെ അറിയിച്ചിട്ടും ദിവസങ്ങളോളം പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. കേരളത്തിലെ പാലക്കാട് ജില്ലയില്‍ പടക്കം വായയില്‍ വെച്ച് പൊട്ടി ആന ചെരിഞ്ഞ അതീവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ഇപ്പേരില്‍ മലപ്പുറത്തുകാരെയും കേരളീയരെയും അക്രമോത്സുകരും ക്രൂരരുമായി ചിത്രീകരിക്കുകയും ചെയ്ത ദേശീയ മാധ്യമങ്ങള്‍ക്ക് ഇതൊരു കാര്യമായ വാര്‍ത്തയായില്ല. പാലക്കാട്ടെ ആനയെ ചൊല്ലി കണ്ണീരൊഴുക്കിയ ബോളിവുഡ്, ക്രിക്കറ്റ് സെലിബ്രിറ്റികള്‍ ഇതറിഞ്ഞ ഭാവമേ നടിച്ചില്ല. രാജ്യത്തിന്റെ ഒരു ഭാഗത്ത് നിന്നും ഗോമാതാവിനെചൊല്ലി വിലാപങ്ങള്‍ ഉയര്‍ന്നില്ല. പശുവിന്റെ ഉടമ ഗുര്‍ദയാല്‍ സിംഗും പ്രദേശവാസികളും വായ തകര്‍ന്ന് താടിയില്‍ നിന്ന് രക്തമൊഴുകുന്ന പശുവിന്റെ ചിത്രവും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് (സംഭവം നടന്ന് പത്ത് ദിവസം കഴിഞ്ഞ്) പോലീസ് കേസെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. നന്ദ്‌ലാല്‍ ബോധപൂര്‍വം പശുവിനെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ഗുര്‍ദയാല്‍ സിംഗ് പറയുന്നത്.
പശുക്കളോടും മൃഗങ്ങളോടുമുള്ള ഇത്തരം ക്രൂരതകള്‍ ഹിമാചല്‍ പ്രദേശില്‍ പുതുമയല്ലെന്നും വിളകള്‍ നശിപ്പിക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ കര്‍ഷകര്‍ പടക്കം ഒളിപ്പിച്ച ഗോതമ്പുണ്ട വെക്കുന്നത് ഇവിടെ സാധാരണമാണെന്നുമാണ് സംഭവത്തെക്കുറിച്ച് പോലീസ് സൂപ്രണ്ട് ദിവാകര്‍ ശര്‍മയുടെ പ്രതികരണം. ഹിമാചല്‍ പ്രദേശ് ഭരിക്കുന്നത് ജയ്ഷാം ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാറാണ്. വിശുദ്ധ മൃഗമാണ് പശുവെന്നാണ് ബി ജെ പിയുടെയും ഹിന്ദുത്വ ഫാസിസ്റ്റുകളുടെയും അവകാശവാദം. ഗോമാതാവാണ് അവര്‍ക്ക് പശു. മഹാലക്ഷ്മി മുതല്‍ സകല ദേവന്മാരും ഗോമാതാവില്‍ വസിക്കുന്നുണ്ടത്രെ. എന്നിട്ടും പാലക്കാട്ട് ആന ചരിഞ്ഞപ്പോള്‍ കലിയിളകി മൃഗസ്‌നേഹപ്പട്ടമണിഞ്ഞ മേനകാ ഗാന്ധിക്കോ കേരളീയര്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് ക്ലാസെടുത്ത വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്്ദേകര്‍ക്കോ ബി ജെ പി നേതാക്കളിൽ ഒരാള്‍ക്കു പോലുമോ ഹിമാചല്‍ പ്രദേശിലെ പശുവിനെതിരായ കൊടും ക്രൂരതയില്‍ തെല്ലും പ്രതിഷേധമുണ്ടായില്ല. അപ്പേരില്‍ ഹിമാചല്‍ പ്രദേശുകാരെയോ സംസ്ഥാന സര്‍ക്കാറിനെയോ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചതുമില്ല. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഒരു വിഷയത്തെ ആസൂത്രിതമായി വര്‍ഗീയ, രാഷ്ട്രീയ താത്പര്യത്തോടെ മതവുമായി അഥവാ മതത്തിന്റെ ചുവയുള്ള പ്രദേശങ്ങളുമായി കൂട്ടിക്കുഴച്ച് വക്രവത്കരിച്ച് അവതരിപ്പിക്കുന്നതെങ്ങനെയെന്നു മനസ്സിലാക്കാനുള്ള നല്ലൊരവസരമാണ് അടുത്തടുത്ത ദിവസങ്ങളില്‍ സംഭവിച്ച ഈ രണ്ട് സംഭവങ്ങളെ സംഘികളും അനുകൂലികളും കൈകാര്യം ചെയ്ത രീതി.
അല്ലെങ്കിലും സംഘികളുടെ പശുപ്രേമവും ഗോസംരക്ഷണത്തെക്കുറിച്ചുള്ള വാചാലതയും ഹിന്ദുത്വ ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള കേവല വര്‍ഗീയ അജന്‍ഡ മാത്രമാണെന്നും ആത്മാര്‍ഥമല്ലെന്നും ബി ജെ പി ഭരണത്തിലിരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പശുക്കളുടെ അവസ്ഥ വ്യക്തമാക്കി തരുന്നുണ്ടല്ലോ. പശു ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുകയും ഗോസംരക്ഷണത്തിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറുകയും ചെയ്ത ഈ സംസ്ഥാനങ്ങളില്‍ ഭക്ഷണവും വെള്ളവും ചികിത്സയും ലഭിക്കാതെ കൂട്ടത്തോടെ ചത്തൊടുങ്ങുകയാണ് പശുക്കള്‍. യോഗി ആദിത്യനാഥ് ഭരിക്കുന്ന യു പിയിലെ മിര്‍സാപൂരിലെയും അയോധ്യയിലെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോശാലകളില്‍ കഴിഞ്ഞ വര്‍ഷം ചത്തത് 71 പശുക്കളാണ്. രാജസ്ഥാനിലെ ജയ്പൂരില്‍ അക്ഷയപാത്ര ഫൗണ്ടേഷന്‍ നടത്തുന്ന ഹിന്‍ഗോണിയ ഗോശാലയില്‍ 2019 ഫെബ്രുവരിയില്‍ 500ലേറെ പശുക്കള്‍ ചത്തൊടുങ്ങി. മുന്‍ വര്‍ഷവും ഇവിടെ നൂറുകണക്കിന് പശുക്കള്‍ ചത്തിരുന്നു. ഛത്തീസ്ഗഢ് ദുര്‍ഗ് ജില്ലയിലെ റായ്പൂരില്‍ ബി ജെ പി നേതാവ് ഹരീഷ് വര്‍മയുടെ ഗോശാലയില്‍ 200 പശുക്കളാണ് ഭക്ഷണം ലഭിക്കാതെ വിശന്നു വലഞ്ഞ് കൂട്ടത്തോടെ ചത്തത്. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപം ബി ജെ പി നേതാവും രാജ്യസഭാംഗവുമായ സുരേഷ് ഗോപി ഉള്‍ക്കൊള്ളുന്ന സ്വകാര്യ ട്രസ്റ്റിന്റെ കീഴിലെ ഗോശാലയില്‍ പശുക്കള്‍ ഭക്ഷണം ലഭിക്കാതെ ദുരിതമനുഭവിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പ്രസ്തുത ഗോശാല തിരുവനന്തപുരം നഗരസഭ ഏറ്റെടുക്കുകയുണ്ടായി.
രാജ്യത്തെ 13 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും കന്നുകാലി സംരക്ഷണ കേന്ദ്രങ്ങളെക്കുറിച്ച് പഠനം നടത്തിയ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അനിമല്‍ പ്രൊട്ടക്്ഷന്‍ ഓര്‍ഗനൈസേഷന്‍ (എഫ് ഐ എ പി ഒ) 2018 സെപ്തംബര്‍ നാലിന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്, ഈ പ്രദേശങ്ങളിലെ ഗോശാലകളെല്ലാം അത്യന്തം ഗുരുതരാവസ്ഥയിലാണെന്നാണ്. വൃത്തിഹീനമായ ചുറ്റുപാടിലാണ് അവ പ്രവര്‍ത്തിക്കുന്നത്. ആയിരക്കണക്കിന് കന്നുകാലികള്‍ ഇവിടങ്ങളില്‍ പീഡനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. ഗോഹത്യയും അറവിനു വേണ്ടിയുള്ള കന്നുകാലികളുടെ വില്‍പ്പനയും നിരോധിച്ചതോടെയാണ് ഇന്ത്യയില്‍ കന്നുകാലികള്‍ക്ക് കഷ്ടകാലം വന്നതെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
മിണ്ടാപ്രാണികളാണ് മൃഗങ്ങളും പക്ഷികളും. അവയോട് ഒരിക്കലും ക്രൂരത അരുത്. മാത്രമല്ല, ഉപദ്രവകാരികളല്ലാത്ത ജീവികളെ സ്‌നേഹിക്കുകയും കരുണ കാണിക്കുകയും വേണം. അവയെ ആരെങ്കിലും ഉപദ്രവിക്കുകയോ ക്രൂരത കാണിക്കുകയോ ചെയ്താല്‍ ശക്തമായി പ്രതികരിക്കുകയും വേണം. എന്നാല്‍ ഇത് നാടിന്റെയും ദേശത്തിന്റെയും സ്വഭാവ വിശേഷങ്ങള്‍ക്കനുസരിച്ചായിരിക്കരുത്. കേരളത്തിലായാലും ഹിമാചലിലായാലും പ്രതികരണം ഒരേ രീതിയിലായിരിക്കണം. മനുഷ്യന് പ്രകൃതിദത്തമായി കിട്ടിയ നീതി, കാരുണ്യ ബോധത്തില്‍ നിന്നാണ് മൃഗസ്‌നേഹം നിര്‍ഗളിക്കേണ്ടത്.