Connect with us

National

ബീഡി കമ്പനികള്‍ പൂട്ടും; സചിത്ര മുന്നറിയിപ്പ് ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആര്‍ എസ് എസ് തൊഴിലാളി സംഘടന

Published

|

Last Updated

നാഗ്പൂര്‍ | ബീഡി പാക്കറ്റുകള്‍ക്ക് മുകളിലെ സചിത്ര മുന്നറിയിപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ട് ആര്‍ എസ് എസ് പോഷകസംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘ് (ബി എം എസ്). ഏപ്രില്‍ 13നാണ് ആരോഗ്യ മന്ത്രാലയം ബീഡി പാക്കറ്റുകളില്‍ സചിത്ര മുന്നറിയിപ്പ് നിര്‍ബന്ധമാക്കിയത്. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ അടുത്ത സെപ്തംബര്‍ ഒന്ന് മുതല്‍ ബീഡി കമ്പനികള്‍ അടക്കുമെന്നും ബി എം എസ് മുന്നറിയിപ്പ് നല്‍കി.

സചിത്ര മുന്നറിയിപ്പ് വേണമെന്ന ഉത്തരവ് ബീഡി വ്യവസായത്തിന് വന്‍ തിരിച്ചടിയാണെന്ന് ബി എം എസ് ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബീഡി വ്യവസായത്തിനെതിരെ തുടര്‍ച്ചയായ കടന്നാക്രമണങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

ബീഡി വ്യവസായത്തെ സംരക്ഷിക്കാന്‍ ഒന്നിച്ചുള്ള പ്രക്ഷോഭം ആവശ്യമാണ്. നാലര കോടി ജനങ്ങളുടെ ജീവനോപാധിയാണത്. ദശലക്ഷക്കണക്കിന് ഗ്രാമീണ ദരിദ്രരുടെയും നഗരങ്ങളിലെ ചേരിവാസികളുടെയും ജീവനോപാധി തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ അസന്തുലിത നയങ്ങള്‍ക്കെതിരെ യോജിച്ച പ്രക്ഷോഭം ആരംഭിക്കാനുള്ള സമയമാണിതെന്നും ബി എം എസിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇതാദ്യമായല്ല കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ബി എം എസ് രംഗത്തുവരുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് ബി ജെ പി ഭരിക്കുന്ന ഉത്തര്‍ പ്രദേശ്, ഹരിയാന പോലുള്ള സംസ്ഥാനങ്ങള്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചതിനെതിരെ അതിശക്തമായി വിമര്‍ശിച്ചിരുന്നു ബി എം എസ്.

---- facebook comment plugin here -----

Latest