Kerala
പാലായില്‍ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി

കോട്ടയം | പാലാ ചേര്‍പ്പുങ്കല്ലില്‍ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തി. കോളജ് വിദ്യാര്‍ഥിയായ കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് അധ്യാപകര്‍ അപമാനിച്ചതായി കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. വിദ്യാര്‍ഥിയെ കോളജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും പിതാവ് ഷാജി പറഞ്ഞിരുന്നു.
കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളജില്‍ അവസാന വര്‍ഷ ബികോം വിദ്യാര്‍ഥിയായ പെണ്‍കുട്ടി പരീക്ഷ എഴുതായാനാണ് ഇപ്പോള്‍ വിവാദത്തില്‍പ്പെട്ട ഹോളി ക്രോസ് കോളജിലെത്തിയത്. എന്നാല്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ള കോളജ് അധികൃതര്‍ കോപ്പിയടിച്ചതായി ആരോപിച്ച് മകളെ പുറത്താക്കിയതായി കുടുംബം ആരോപിക്കുന്നു. കോളജില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് മനോവിഷമത്തിലായ പെണ്‍കുട്ടി ചേര്‍പ്പുങ്കല്‍ പാലത്തിന് മുകളില്‍ നിന്ന് താഴെക്ക് ചാടുകയായിരുന്നെന്ന് കുടുംബം പറയുന്നു. പാലത്തിന് മുകളില്‍ പെണ്‍കുട്ടിയുടെ ബാഗ് കണ്ടെത്തിയിരുന്നു. പാലത്തിന് സമീപത്തേക്ക് പെണ്‍കുട്ടി നടന്നുവരുന്ന സിസി ടിവിദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഞാന്‍ പോകുന്നു എന്ന തരത്തില്‍ പെണ്‍കുട്ടി സഹപാഠിക്ക് സന്ദേശം അയച്ചതായുമാണ് റിപ്പോര്‍ട്ട്.
മകളെ കാണാതായതിനെ തുടര്‍ന്ന് കോളജില്‍ അന്വേഷിച്ചെത്തിയപ്പോള്‍ ഏതെങ്കിലും ആണ്‍സുഹൃത്തുക്കളുടെ കൂടെ പോയിട്ടുണ്ടാകുമെന്നാണ് പ്രന്‍ിസിപ്പല്‍ പറഞ്ഞതെന്നും പിതാവ് പറയുന്നു. തന്റെ മകള്‍ ഒരിക്കലും കോപ്പിയടിക്കില്ലെന്നും പ്ലസ്ടുവിനും മറ്റും ഉയര്‍ന്ന മാര്‍ക്ക് നേടിയാണ് അവള് ജയിച്ചതെന്നും പിതാവ് പറഞ്ഞു. ഹാള്‍ ടിക്കറ്റില്‍ കുട്ടി കോപ്പിടിക്കാനുള്ള വിവരങ്ങള്‍ എഴുതിയിരുന്നതായാണ് കോളജ് അധികൃതര്‍ പറയുന്നു. എന്നാല്‍ ഹാള്‍ ടിക്കറ്റ് പരിശോധിച്ച ശേഷമല്ലേ കുട്ടിയെ പരീക്ഷ ഹാളിലേക്ക് കയറ്റുകയെന്നും പിതാവ് ചോദിക്കുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.