Connect with us

Articles

മദ്‌റസകളും പുരോഗതിയുടെ സാധ്യതകളും

Published

|

Last Updated

1950കളിലാണ് കേരളത്തില്‍ മദ്‌റസാ പ്രസ്ഥാനം നിലവില്‍ വരുന്നത്. മറ്റു നാടുകളില്‍ നിന്ന് വ്യത്യസ്തമായ അനുഭവങ്ങള്‍ സമ്മാനിച്ചായിരുന്നു മദ്‌റസാ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും വികാസവും. അരനൂറ്റാണ്ട് കൊണ്ട് തന്നെ മത സാക്ഷരതയില്‍ ഏകദേശ പരിപൂര്‍ണതയിലെത്താന്‍ കേരള സമൂഹത്തിനായി. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയില്‍ മദ്‌റസകളുടെ ഫലങ്ങള്‍ നമ്മള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നു.

ഇസ്‌ലാമിക പാരമ്പര്യത്തോട് ഇണങ്ങിച്ചേരുന്നതിനോട് കൂടെ തന്നെ സമാനതകളില്ലാതെ വേറിട്ടു നില്‍ക്കാന്‍ കേരളീയ മദ്‌റസകള്‍ക്കായിട്ടുണ്ട്. കാലഘട്ടത്തിന്റെ ഗതി മാറ്റങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരണങ്ങളും നവീകരണങ്ങളും ഉള്‍ക്കൊണ്ട് തന്നെ മദ്‌റസകള്‍ വളര്‍ന്നു. മതാനുയായികളുടെ സാമൂഹിക പരിഷ്‌കരണത്തിലും ആദര്‍ശ വിദ്യാഭ്യാസത്തിലും മദ്‌റസകള്‍ നിസ്തുല പങ്ക് വഹിച്ചു. ഗുണവശങ്ങളെപ്രതി ചിന്തിക്കുന്ന സമിതികളുടെ നേതൃത്വത്തില്‍ പാഠപുസ്തകങ്ങള്‍ നിരന്തരം വികസിപ്പിച്ച് കൊണ്ടേയിരുന്നു. അധ്യാപക പരിശീലനം, പ്രവര്‍ത്തന കലണ്ടര്‍, മദ്‌റസാ ഡയറി, ടൈംടേബിള്‍ സിസ്റ്റം, പരീക്ഷകള്‍, വിദ്യാര്‍ഥികളുടെ പഠനേതര കഴിവുകള്‍ക്കുള്ള വളര്‍ച്ചാ വേദി തുടങ്ങി കാലികവും ആരോഗ്യകരവുമായ മാറ്റങ്ങള്‍ മദ്‌റസകളിലുണ്ടായി. എങ്കിലും നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന നവ കാലത്ത് ഒരു ചുവട് കൂടി നാം മുന്നോട്ട് വെക്കേണ്ടതുണ്ട്.

ഭൗതിക വിദ്യാഭ്യാസത്തിനോട് അരികു ചേര്‍ന്ന് മത വിദ്യാഭ്യാസത്തെയും കൊണ്ട് പോകാന്‍ സാധിക്കണം. ഒന്നാം ക്ലാസില്‍ 20 കുട്ടികളുണ്ടെങ്കില്‍ അഞ്ചിലെത്തുമ്പോഴേക്ക് പന്ത്രണ്ടും പത്തിലെത്തുമ്പോഴേക്ക് അഞ്ചുമായി ചുരുങ്ങുന്ന സ്ഥിതി വിശേഷം ഇന്ന് വ്യാപകമായിരിക്കുന്നു. നഗര പ്രദേശങ്ങളിലെ കൊഴിഞ്ഞ് പോക്കിന്റെ അവസ്ഥ ഇതിലും ഭീതിദമാണ്. ആണ്‍കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് പെണ്‍കുട്ടികളേക്കാള്‍ കൂടുതലാണത്രെ. ട്യൂഷന്‍, ഹോം വര്‍ക്ക് തുടങ്ങിയ കാരണങ്ങള്‍ മുന്നില്‍ വെച്ച് മത- ഭൗതിക പഠനം ഒന്നിച്ച് കൊണ്ടുപോയാല്‍ അത് സ്‌കൂളിലെ ഗ്രേഡിംഗിനെ ബാധിക്കുമെന്ന് പറഞ്ഞാണ് പലരും ഇതിനെ ന്യായീകരിക്കുന്നത്. കൃത്യമായ ടൈം മാനേജ്‌മെന്റിലൂടെ പരിഹരിക്കാവുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍. ഭൗതിക വിദ്യാഭ്യാസത്തിന് വേണ്ടി പ്രാഥമിക മതവിജ്ഞാനത്തെ ബലി കഴിക്കുന്നത് ആത്മഹത്യാപരമാണ്.

ഒന്നര മണിക്കൂറാണ് സാധാരണ മദ്‌റസകളുടെ പ്രവൃത്തി സമയമെങ്കിലും ഒരു മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോഴേക്ക് സ്‌കൂള്‍ വാഹനത്തിന്റെയും മറ്റും പേര് പറഞ്ഞ് വിദ്യാര്‍ഥികള്‍ കൊഴിഞ്ഞ് പോകാന്‍ തുടങ്ങും. പകുതിയിലധികം കുട്ടികള്‍ പോകുന്നതോടെ അധ്യാപകന് ക്ലാസ് തുടരാനാകില്ല. മദ്‌റസാ കമ്മിറ്റികളുടെയും രക്ഷിതാക്കളുടെയും യുക്തിപൂര്‍വമായ ഇടപെടലുകളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. മദ്‌റസയില്‍ നിന്ന് വാഹനം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ളവ പുതിയ ആലോചനകളില്‍ ഇടം പിടിക്കണം. സ്‌കൂളിലെ മദ്‌റസകളുടെ പേര് പറഞ്ഞ് റഗുലര്‍ മദ്‌റസാ പഠനം അവസാനിപ്പിക്കുന്നതും കാണാം. പല സ്‌കൂളുകളുടെയും മതപഠന നിലവാരം വളരെ താഴ്ന്നതാണ്. ധാര്‍മിക ശിക്ഷണത്തിന്റെ കുറവ് റഗുലര്‍ മദ്‌റസകളില്‍ പോകാത്തവരുടെ ജീവിതത്തില്‍ കണ്ടുവരുന്നുണ്ട്. ഇത്തരം സ്‌കൂള്‍ മാനേജ്‌മെന്റും രക്ഷിതാക്കളും ഇത്തരം കാര്യങ്ങള്‍ അടിയന്തരമായി തന്നെ ശ്രദ്ധിക്കണം.

വിവര സാങ്കേതിക വിദ്യയിലും സോഷ്യല്‍ മീഡിയാ രംഗത്തുമുണ്ടായ കുതിച്ചുചാട്ടം വിദ്യാര്‍ഥി മസ്തിഷ്‌ക ശക്തിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഇതിനനുസരിച്ച് ശാസ്ത്രീയമായി സിലബസുകള്‍ പരിഷ്‌കരിച്ച് വരുന്നുമുണ്ട്. കൂടുതല്‍ വിദ്യാര്‍ഥി കേന്ദ്രീകൃതവും അനുഭവാധിഷ്ഠിതവുമായിരിക്കണം നമ്മുടെ സിലബസുകള്‍. കൗതുകമുണര്‍ത്തുന്നതും വശീകരിക്കുന്നതും ജിജ്ഞാസ വളര്‍ത്തുന്നതുമായ ശൈലിയില്‍ തന്നെ മതത്തെ അവതരിപ്പിക്കാനാകണം. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളും കര്‍മങ്ങളും പഠിപ്പിക്കുന്നതിനോട് കൂടെ വിദ്യാര്‍ഥികളുടെ ജീവിത വീക്ഷണത്തിലും സ്വഭാവ സംരക്ഷണത്തിലും ഗുണാത്മകമായ സ്വാധീനം ചെലുത്താന്‍ മദ്‌റസകള്‍ക്കാകണം.

ഇസ്‌ലാം ഇന്ന് നിരന്തരം ചര്‍ച്ച ചെയ്യപ്പെടുകയാണ്. സോഷ്യല്‍ മീഡിയകള്‍ സജീവമായ നവ കാലത്ത് നമ്മുടെ വിദ്യാര്‍ഥികള്‍ നിരന്തരം ഇത്തരം ചര്‍ച്ചകള്‍ കേട്ടുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിനെ കൊത്തിവലിക്കാന്‍ വേണ്ടി മാത്രം നിരവധി സൈറ്റുകളാണിന്ന് നിലവിലുള്ളത്. ദൈവ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ നിരീശ്വരവാദികള്‍ ഉടുമുണ്ട് മുറുക്കി രംഗത്തുണ്ട്. ഇത്തരം അവസരത്തില്‍ ദൈവ വിശ്വാസത്തിന്റെ പ്രസക്തി, ഖുര്‍ആനിന്റെ ദൈവീകത, ഇസ്‌ലാമിന്റെ മഹത്വം തുടങ്ങിയവ ഉയര്‍ന്ന ക്ലാസുകളില്‍ ചര്‍ച്ച ചെയ്യപ്പെടണം.

വിദ്യാര്‍ഥികളെ സൗഹാര്‍ദപരമായാണ് അധ്യാപകര്‍ കാണേണ്ടത്. മുത്ത് നബി ഒരിക്കല്‍ തന്റെ സദസ്യരോട് പറഞ്ഞു, “ഞാന്‍ നിങ്ങള്‍ക്ക് കുട്ടികള്‍ക്ക് പിതാവെന്ന പോലെയാണ്”. അധ്യാപനം ഒരു ലഹരിയായി കാണണം. അതിന്റെ ഓരോ നിമിഷവും ആസ്വദിക്കാന്‍ സാധിക്കണം. മക്കള്‍ക്ക് പ്രാഥമിക മതവിജ്ഞാനം നുകര്‍ന്ന് നല്‍കുന്ന അധ്യാപകര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണം. മാന്യമായ ശമ്പളം കൊടുക്കണം.

സാങ്കേതിക വിദ്യയുടെ അതിപ്രസരണം കാരണം വിദ്യാഭ്യാസ മേഖല ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്ന നവകാലത്ത് മദ്‌റസകളെയും ഡിജിറ്റല്‍വത്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വശ്യസുന്ദര ഖുര്‍ആന്‍ പാരായണത്തിനായി ഖുര്‍ആന്‍ തിയേറ്ററുകള്‍ സൗകര്യപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കണം. ഖുര്‍ആന്‍ പാരായണത്തിന്റെ ശാസ്ത്രീയമായ അഭ്യാസം ഇതിലൂടെ സാധ്യമാകും.

മദ്‌റസയില്‍ ഉയര്‍ന്ന പഠനം കഴിഞ്ഞിട്ടും അതനനുസരിച്ച് കുട്ടികളില്‍ പുരോഗതി കാണാനാകാത്തത് ആശങ്കാജനകമാണ്. മദ്‌റസയുടെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുന്ന നിലയില്‍ ഈ ആശങ്ക വിപുലപ്പെട്ടിട്ടുണ്ട്. മദ്‌റസയില്‍ പഠിക്കുന്ന വിദ്യാര്‍ഥി 22 മണിക്കൂറിലധികവും ചെലവഴിക്കുന്നത് മതാധ്യാപകരുടെ അസാന്നിധ്യത്തിലാണ്. വീടും കുടുംബവും കൂട്ടുകാരുമെല്ലാം അവനില്‍ സ്വാധീനം ചെലുത്തുമെന്നത് തീര്‍ച്ചയാണ്.

മതാധ്യാപനങ്ങള്‍ക്ക് പ്രായോഗികമായ പരിശീലനം നല്‍കേണ്ടത് വീടുകളില്‍ നിന്നാണ്. താന്‍ പഠിച്ച കാര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ രക്ഷിതാക്കളില്‍ നിന്നു തന്നെ കാണുന്ന അവസ്ഥയുണ്ടാക്കരുത്. മാതൃകാ യോഗ്യമായ രീതിയിലാകണം മാതാപിതാക്കളുടെ സഞ്ചാരം. മാതാപിതാക്കളുടെ അശ്രദ്ധമൂലം മക്കള്‍ വഴിപിഴച്ചതിന് മത വിദ്യാഭ്യാസത്തെ പഴിച്ചിട്ട് കാര്യമില്ല.
സമുദായത്തിന്റെ വളര്‍ച്ചയില്‍ നിസ്തുലമായ പങ്ക് വഹിക്കുന്ന മദ്‌റസകള്‍ സാമ്പത്തികമായും ഭൗതികമായും മെച്ചപ്പെടണം. മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും കരംചേര്‍ന്നുകൊണ്ടുള്ള മുന്നേറ്റത്തിലൂടെ മദ്‌റസാ പ്രസ്ഥാനത്തിന് ഇനിയും പുരോഗതികള്‍ താണ്ടാനാകും.

---- facebook comment plugin here -----

Latest