ഫലസ്തീനികള്‍ക്ക് വേണ്ടി ഇസ്‌റാഈലില്‍ ജനങ്ങള്‍ തെരുവിലിറങ്ങി

Posted on: June 7, 2020 6:37 pm | Last updated: June 8, 2020 at 8:12 pm

ടെല്‍ അവീവ് | അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ അനധികൃത കുടിയേറ്റത്തിനും ജോര്‍ദാന്‍ താഴ്വാരയെ രാജ്യത്തേക്ക് കൂട്ടിച്ചേര്‍ക്കുന്നതിനുമെതിരെ ഇസ്‌റാഈലില്‍ വ്യാപക പ്രതിഷേധം. ടെല്‍ അവീവില്‍ ശനിയാഴ്ച ആയിരക്കണക്കിന് പേര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

‘കൂട്ടിച്ചേര്‍ക്കലും അധിനിവേശവും വേണ്ട, വേണ്ടത് സമാധാനവും ജനാധിപത്യവും’ എന്ന ബാനര്‍ പിടിച്ചായിരുന്നു പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ചിലര്‍ ഫലസ്തീന്‍ പതാകകളും വീശി. മാസ്‌കും സാമൂഹിക അകലവും പാലിച്ചായിരുന്നു റാലി. ഇടതുപക്ഷ സംഘങ്ങളും എന്‍ ജി ഒകളുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അതേസമയം, ഇവര്‍ക്ക് ജനങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും പിന്തുണയുമില്ല.

ഈയടുത്ത് നടത്തിയ അഭിപ്രായ വോട്ടെുപ്പില്‍ ഇസ്‌റാഈലിലെ പകുതി ജനങ്ങളും കൂട്ടിച്ചേര്‍ക്കലിനെ അനുകൂലിക്കുന്നുണ്ട്. അധിനിവേശത്തിനും മറ്റ് പ്രദേശങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിനും അതീവ താത്പര്യമാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുള്ളത്. അധിനിവിഷ്ട പ്രദേശത്ത് കൂട്ടിച്ചേര്‍ക്കല്‍ നടത്തിയാല്‍ ഈസ്‌റാഈലുമായുമുള്ള എല്ലാ കരാറുകളില്‍ നിന്നും പിന്‍വാങ്ങുമെന്ന് ഫലസ്തീന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

ALSO READ  വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍: ഇസ്‌റാഈലിന് മുന്നറിയിപ്പുമായി ജര്‍മനി