National
യെദ്യൂരപ്പക്ക് പകരക്കാരനാര്? തലപുകഞ്ഞ് കർണാടക ബി ജെ പി

ബംഗളൂരു| ലിംഗായത്ത് സമുദായത്തിലെ ശക്തി കേന്ദ്രവും മുഖ്യമന്ത്രിയുമായ 78 കാരനായ ബി എസ് യെദ്യൂരപ്പ സ്ഥാനമൊഴിയുമ്പോൾ പകരക്കാരനെ കണ്ടെത്തുക എന്ന കടുത്ത വെല്ലുവിളിയാണ് ഇപ്പോൾ ബി ജെ പി കർണാടകയിൽ നേരിടുന്നത്. ഡൽഹിയിലെ പാർട്ടി നേതൃത്വത്തിനും ഇത് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. യെദ്യൂരപ്പയെ പോലെ കരുത്തനായ ഒരു പിൻഗാമിയെ ലഭിക്കുമോ എന്ന സംശയത്തിലാണ് ഇവർ. നാലാം തവണയും മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന യെദ്യൂരപ്പയുടെ കാലാവധി ഈ ജൂലൈയോടെ അവസാനിക്കും.
ബി ജെ പിയുടെ എല്ലാ തലങ്ങളെയും പരസ്പരം കൂട്ടിമുട്ടിക്കുന്ന ഒരു അഭിഭാജ്യ ഘടകമാണ് യെദ്യൂരപ്പ. അദ്ദേഹം സ്ഥാനമൊഴിയുമ്പോൾ കർണാടകയിലെ ബി ജെ പിയുടെ അമരക്കാരൻ എന്ന വിടവ് നികത്താൻ പറ്റാത്തതാണെന്നും അദ്ദേഹത്തെപ്പോലെ കരുത്തനായ ഒരു നേതാവിനെ പാർട്ടിക്ക് ലഭിക്കുക എന്നത് തികച്ചും കടുത്ത ഒരു പരീക്ഷമാണെന്നും അദ്ദേഹം പദവിയിൽ നിന്ന് ഒഴിയുന്നതിന് മുന്നേ പാർട്ടി പുതിയ അമരക്കാരനെ കണ്ടെത്തുമെന്നും പാർട്ടിയിലെ ഒരു മുതിർന്ന പ്രവർത്തകൻ പറഞ്ഞു.
കഴിഞ്ഞ ജൂലൈയിൽ ബി ജെ പി അധികാരത്തിൽ വന്നപ്പോൾ ലക്ഷ്മൺ സവാഡി (ലിംഗായത്ത്) ഗോവിന്ദ് കർജോൾ (എസ്സി) സി എൻ അശ്വത് നാരായണൻ (വോക്കലിഗ) എന്നിവരെ ഉപ മുഖ്യമന്ത്രിമാരായി പാർട്ടി നേതൃത്വം നിയമിച്ചിരുന്നു. യെദ്യൂരപ്പയെപ്പോലെ ശക്തമായ രാഷ്ട്രീയ വ്യക്തിത്വം ഉള്ളവരായിരുന്നു ഇവർ. പക്ഷേ യെദ്യൂരപ്പയുടെ നിഴലിൽ നിന്ന് പുറത്തുവരാൻ നിലവിൽ ഇവർക്ക് കഴിഞ്ഞിട്ടില്ല.
യെദ്യൂരപ്പയുടെ പ്രവർത്തന രീതിയിൽ പാർട്ടിക്ക് അസംതൃപ്തിയുണ്ട്. പതിറ്റാണ്ടുകൾക്കു മുമ്പേ തന്നെ പാർട്ടിക്ക് ഉള്ളിൽ ആഭ്യന്തര കലഹങ്ങൾക്കും ഇത് വഴിവെച്ചിരുന്നു. കർണാടകയിൽ ബി ജെ പിയുടെ ചെറിയ ചെറിയ പതനങ്ങൾക്കും ഇത് കാരണമായി തീർന്നു. ലിംഗായത്ത് സമുദായം കർണാടകയിലെ ബി ജെ പിയുടെ വലിയൊരു വോട്ടുബാങ്കാണ്. ഇൗ കരുത്ത് തകരുമോ എന്ന ഭയവും ബി ജെ പി നേതൃത്വത്തിന് ഉണ്ട്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കികൊണ്ടിരിക്കുകയാണ്. പാർട്ടിയെ കർണ്ണാടകയുടെ ദക്ഷിണ മേഖലകളിലും വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ. ഇതുമായി ബന്ധപ്പെട്ട താൽക്കാലിക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ ലിംഗായത്ത് സമുദായത്തിലെ ജഗദീഷ് ഷെട്ടാർ, വി സോമന്ന, ബസവരാജ് ബോമ്മൈ, മുർഗേഷ് നിറിനി എന്നിവർ ഉൾപ്പെട്ടിരിക്കുന്നുണ്ട്. ജൂൺ 21ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെുപ്പിന് ശേഷമായിരിക്കും ഔദ്യോഗിക പട്ടിക പുറത്ത്‌വിടുക.