National
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വനത്തിലെ കുഴിയിൽ തള്ളിയ സംഭവം: അന്വേഷണത്തിന് ഉത്തരവ്

ചെന്നൈ| ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പ്രോട്ടോക്കോൾ പാലിക്കാതെ വനത്തിലെ കുഴിയിൽ തള്ളിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ആരോഗ്യ വകുപ്പിന്റെ ഗുരുതര അനാസ്ഥ പുറംലോകം അറിഞ്ഞത്. ആശുപത്രി അധികൃതർ ആംബുലൻസിൽ കൊണ്ടുവന്ന മൃതദേഹം മൂലകുളം വനമേഖലയിൽ കുഴിയെടുത്ത് അതിൽ ഇട്ട ശേഷം മണ്ണിട്ട് മറവ് ചെയ്യാതെ മടങ്ങുകയായിരുന്നു. മെഡിക്കൽ ഓഫീസറും പോലീസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ചെന്നൈ സ്വദേശിയായ 44കാരന്റെ മൃതദേഹമാണ് ഒറ്റപ്പെട്ട വനത്തിലെ കുഴിയിൽ ഉപേക്ഷിച്ചത്.
നാല് പുരുഷന്മാർ ആംബുലൻസിൽ നിന്ന് നിർജീവമായ ശരീരം നീക്കി കുഴിമാടത്തിലേക്ക് വലിച്ചെറിയുന്നത് വീഡിയോയിൽ കാണാം. 30 സെക്കൻഡിനുശേഷം ഒരു പുരുഷൻ ഒരു സർക്കാർ ഉദ്യോഗസ്ഥനോട് “മൃതദേഹം വലിച്ചെറിഞ്ഞു” എന്ന് പറയുന്നത് കേൾക്കുന്നു, ശേഷം ഉദ്യോഗസ്ഥൻ ഔദ്യോഗിക അംഗീകാരം എന്നോണം തംബ് അപ്പ് കാണിക്കുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്.
പുതുച്ചേരിയിലെ ആദ്യ കൊവിഡ് മരണമാണിത്. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുമ്പോൾ സ്വീകരിക്കേണ്ട യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് മൃതദേഹം കൊണ്ടുവന്നത്. മരിച്ചയാളെ വെള്ള തുണികൊണ്ട് പൊതിഞ്ഞ നിലയിലാണ്. പൊതിഞ്ഞ തുണിയും തുറന്നിട്ടതിനാൽ തൊഴിലാളികളിൽ വൈറസ് പകരാൻ വലിയ സാധ്യതയുണ്ട്. ശരീരം എംബാം ചെയ്തതാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മാനദണ്ഡങ്ങൾ പാലിക്കാൻ നിർദേശിച്ചിരുന്നതായും ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ വലിയ പിഴവാണ് ഇതെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പുതുച്ചേരി സർക്കാർ പ്രതികരിച്ചിരുന്നു.
മൃതദേഹം സംസ്‌കരിക്കുന്നതിനായി റവന്യൂ ഉദ്യോഗസ്ഥർക്ക് കൈമാറിയതായി ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. വളരെ നിർഭാഗ്യകരമായ കാര്യമാണിതെന്നും ബന്ധപ്പെട്ട വകുപ്പിന് മെമ്മോ നൽകിയിട്ടുണ്ടെന്നും വിഷയത്തിൽ അന്വേഷണം നടത്തുമെന്നും പുതുച്ചേരി കളക്ടർ അരുൺ പറഞ്ഞു.
ബന്ധപ്പെട്ട വ്യക്തികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദി പറഞ്ഞു.