National
എട്ട് ആശുപത്രികളില്‍ പോയിട്ടും ചികിത്സ കിട്ടിയില്ല; യു പിയില്‍ ഗര്‍ഭിണി മരിച്ചു

ന്യൂഡല്‍ഹി | യു പിയില്‍ 13 മണിക്കൂറോളം വിവിധ ആശുപത്രികളില്‍ കയറിയിറങ്ങിയിട്ടും ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു. കുടുംബത്തിന്റെ പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡല്‍ഹിക്കു സമീപത്തായുള്ള ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. എട്ടുമാസം ഗര്‍ഭിണിയായ നീലം എന്ന യുവതിയാണ് ആംബുലന്‍സില്‍ കിടന്ന് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നീലത്തിനെ ആശുപത്രിയിലെത്തിക്കാന്‍ ഭര്‍ത്താവ് കിണഞ്ഞു ശ്രമിച്ചെങ്കിലും നിഷ്ഫലമായി. ചികിത്സ നടത്തിക്കൊണ്ടിരുന്ന സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പോയത്. ഇവിടെ ചികിത്സ ലഭ്യമാകാതിരുന്നതിനെ തുടര്‍ന്ന് ഏഴ് ആശുപത്രികളില്‍ കൂടി പോയി. കിടക്ക ഒഴിവില്ലെന്നായിരുന്നു മിക്ക ആശുപത്രികളില്‍ നിന്നും പറഞ്ഞത്. മറ്റൊരു ആശുപത്രിയിലേക്കു പോകുന്നതിനിടെയാണ് യുവതി മരിച്ചത്. ആംബുലന്‍സില്‍ ആവശ്യത്തിന് ഓക്‌സിജന്‍ പോലും ഇല്ലായിരുന്നുവെന്ന് പറയുന്നു.
സംഭവത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് ഗൗതം ബുദ്ധ നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി രൂക്ഷമായിരിക്കെ, മറ്റ് രോഗികള്‍ക്ക് ആതുരാലയങ്ങള്‍ ചികിത്സ നിഷേധിക്കുന്നത് യു പിയില്‍ പതിവായിട്ടുണ്ട്. ഗ്രേറ്റര്‍ നോയിഡയില്‍ തന്നെ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഒരു കുട്ടി മരിച്ചിരുന്നു.