Covid19
കൊവിഡ്: ഗുരുതര രോഗികളിൽ ഇന്ത്യ രണ്ടാമത്

ന്യൂഡൽഹി | അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഗുരുതര രോഗികൾ കൊവിഡ് ചികിത്സയിലുള്ളത് ഇന്ത്യയിൽ. അമേരിക്കയിൽ 17,121ഉം ഇന്ത്യയിൽ 8,944ഉം കൊവിഡ് രോഗികളാണ് ഗുരുതരാവസ്ഥയിലുള്ളത്. ബ്രസീലിനെ (8,318)യാണ് ഈ പട്ടികയിൽ ഇന്ത്യ മറികടന്നത്. ഏറ്റവും അധികം രോഗികൾ ചികിത്സയിലുള്ള രാജ്യങ്ങളുടെ കണക്കെടുത്താൽ ഇന്ത്യ നാലാം സ്ഥാനത്താണ്. 1,18,314 രോഗികളാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്. ഇന്ത്യക്ക് മുന്നിൽ യു എസ് (11,23,549), ബ്രസീൽ (3,13,289), റഷ്യ (2,31,576) എന്നീ രാജ്യങ്ങളുണ്ട്.
അതിനിടെ, സ്ഥിരീകരിക്കപ്പെട്ട കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം തന്നെ ഇറ്റലിയെ ഇന്ത്യ മറികടന്നിരുന്നു. 19.7 ലക്ഷം കേസുകൾ സ്ഥിരീകരിച്ച യു എസ് തന്നെയാണ് പട്ടികയിൽ ഒന്നാമത്. ഇന്ത്യ ആറാമതാണ്.
അതേസമയം, ഇന്ത്യയിലെ സ്ഥിതി സ്ഫോടനാത്മക നിലയിലെത്തിയിട്ടില്ലെങ്കിലും ലോക്ക്ഡൗണിൽ ഘട്ടം ഘട്ടമായി നൽകിവരുന്ന ഇളവുകൾ വെല്ലുവിളിയാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസി പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കിൾ റയാൻ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും കൊവിഡ് വ്യാപന സാഹചര്യങ്ങൾ വ്യത്യസ്തമാണ്.
ഇന്ത്യയിൽ മാത്രമല്ല, ദക്ഷിണേഷ്യൻ രാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും കൊവിഡ് വ്യാപനം പൊട്ടിത്തെറിയുടെ വക്കിലല്ലെന്നും മൈക്കിൾ റയാൻ പറഞ്ഞു.
അതിനിടെ, രാജ്യത്തെ കൊവിഡ് പരിശോധനാ സൗകര്യങ്ങൾ വർധിപ്പിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുമേഖലയിലെ ലാബുകളുടെ എണ്ണം 520 ആയും സ്വകാര്യ മേഖലയിൽ 222 ആയുമാണ് വർധിപ്പിച്ചത്. ഇതോടെ ഈ സൗകര്യമുള്ള മൊത്തം ലാബുകളുടെ എണ്ണം 742 ആയി. ഇന്നലെ 1,37,938 സാമ്പിളുകളാണ് പരിശോധിച്ചത്.
മൊത്തം 45,24,317 സാന്പിളുകൾ പരിശോധിച്ചു. ഔദ്യോഗിക കണക്ക് പ്രകാരം രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,14,073 ആയി. ഇന്ത്യയുടെ രോഗമുക്തി നിരക്ക് 48.20 ശതമാനമാണ്. ഇന്നലെ 4,611 പേരാണ് കൊവിഡിൽ നിന്ന് മുക്തി നേടിയത്.