Editorial
നട്ടാല്‍ പോരാ, ചെടികള്‍ പരിപാലിക്കുകയും വേണം

ഒരു പരിസ്ഥിതി ദിനം കൂടി കടന്നുപോയി. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രളയങ്ങളുടെ പശ്ചാത്തലത്തില്‍, പ്രളയഭീഷണി മുന്നില്‍ കണ്ട് വൃക്ഷത്തൈ നടീലിനാണ് കേരളം ഇത്തവണയും പരിസ്ഥിതിദിനത്തില്‍ പ്രാമുഖ്യം നല്‍കിയത്. പ്രളയങ്ങള്‍ക്ക് വഴിവെക്കുന്നത് മിക്കപ്പോഴും ഉരുള്‍പൊട്ടലാണ.് വേരുകള്‍ ആഴ്ന്നിറങ്ങുന്ന മരങ്ങള്‍ മണ്ണൊലിപ്പും ഉരുള്‍പൊട്ടലും വലിയൊരളവോളം തടയും. മരങ്ങളുടെ വേരുകള്‍ മണ്ണിനെ പിടിച്ചുനിര്‍ത്തുന്നു. മലമ്പ്രദേശങ്ങളുടെ മണ്ണിന്റെ സംരക്ഷണത്തില്‍ വലിയ പങ്കാണ് മരങ്ങള്‍ക്കുള്ളത്. ഒരു കോടി ഒമ്പത് ലക്ഷം വൃക്ഷത്തൈകളാണ് ഇത്തവണ സംസ്ഥാനത്ത് വെച്ചുപിടിപ്പിക്കുന്നത്. ആദ്യഘട്ടമായി 81 ലക്ഷം തൈകള്‍ പരിസ്ഥിതി ദിനത്തില്‍ നട്ടുകഴിഞ്ഞു. രണ്ടാം ഘട്ടമായി 28 ലക്ഷം തൈകള്‍ ജൂലൈ ഒന്ന് മുതല്‍ ഏഴ് വരെയുള്ള തീയതികളില്‍ നടാനിരിക്കുകയാണ്. വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്.
മണ്ണുസംരക്ഷണം മാത്രമല്ല, ശുദ്ധവായു, അത്യുഷ്ണത്തില്‍ നിന്നുള്ള സംരക്ഷണം തുടങ്ങി മനുഷ്യജീവിതവുമായി ബന്ധപ്പെട്ട, മനുഷ്യന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് മരങ്ങളും വനവും. വാഹനങ്ങളും വ്യവസായ ശാലകളും പുറന്തള്ളുന്ന കാര്‍ബണ്‍ വലിച്ചെടുത്ത് ശുദ്ധീകരിക്കുന്നതിലൂടെ പ്രതിവര്‍ഷം ഒരു മരം സംഭാവന ചെയ്യുന്നത് ഏകദേശം 117 കിലോഗ്രാം ഓക്‌സിജനാണ്. ഒരു നാലംഗ കുടുംബത്തിന് ഒരു വര്‍ഷം സുഖമായി ജീവിക്കാനുള്ള ഓക്‌സിജന്‍ രണ്ട് വൃക്ഷത്തൈകളില്‍ നിന്ന് ലഭിക്കും. പരിസ്ഥിതിനാശം മൂലം ശുദ്ധവായു കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ മരങ്ങള്‍ വഴി ലഭ്യമാകുന്ന ശുദ്ധവായു മനുഷ്യന് വലിയൊരനുഗ്രഹമാണ്. പല വിദേശ രാജ്യങ്ങളിലും ഓക്‌സിജന്‍ കുപ്പിയിലടച്ച് വില്‍പ്പന നടത്തുന്ന കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ഈയിടെ ഓക്‌സിജന്‍ ബാറുകള്‍ ആരംഭിക്കുകയുണ്ടായി. 15 മിനുട്ട് ശുദ്ധവായു ശ്വസിക്കാന്‍ ഈ ബാറുകളില്‍ 299 രൂപയാണ് ചാര്‍ജ്. ചൈനയില്‍ ഒരു സ്‌പ്രേ ബോട്ടിലിന്റെ അത്രയും ഓക്‌സിജന് 3,990 രൂപയായിരുന്നു വില. ഇതില്‍ നിന്ന് വ്യക്തമാണ് മരത്തിന്റെ വിലയും പ്രാധാന്യവും.
സൂര്യപ്രകാശത്തില്‍ നിന്നും കനത്ത കാറ്റില്‍ നിന്നും സംരക്ഷണമാണ് മരങ്ങളുടെ മറ്റൊരു ധര്‍മം. വീടിന് ചുറ്റും മരങ്ങള്‍ വെച്ചുപിടിപ്പിച്ചാല്‍ വീടിനകത്ത് സ്വച്ഛമായ കുളിര്‍മ ലഭ്യമാകും. ഇതുവഴി എ സി ഉപയോഗം 30 ശതമാനം വരെ കുറക്കാനാകും. രാജ്യത്ത് മരങ്ങളൊരുക്കുന്ന തണല്‍ വഴി ലാഭിക്കാനാകുന്നത് 13,650 കോടി രൂപയാണെന്നാണ് കണക്കാക്കപ്പെടുന്നത്. എ സിക്കും മറ്റ് ശീതീകരണ സംവിധാനങ്ങള്‍ക്കുമായി പ്രതിവര്‍ഷം ചെലവാക്കുന്ന തുകയില്‍ ഇത്രയും കുറവ് വരും. മരങ്ങള്‍ ചെയ്യുന്ന സഹായങ്ങളെല്ലാം വെച്ച് അവക്ക് വിലയിട്ടാല്‍ ഒരു മരത്തിന് ഏകദേശം ആറര ലക്ഷം രൂപ മൂല്യം വരും. ഹരിതാഭമാണ് കേരളത്തെ വിനോദ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്നതിന്റെ കാരണങ്ങളിലൊന്ന്. സംസ്ഥാനത്തിന്റെ ഈ ആകര്‍ഷണീയത നിലനിര്‍ത്താന്‍ കൂടുതല്‍ മരങ്ങള്‍ വളര്‍ന്ന് പന്തലിക്കേണ്ടതുണ്ട്.
അതേസമയം, പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായുള്ള മരം നടീല്‍ ഫലവത്താകണമെങ്കില്‍ നനവ് ഉള്‍പ്പെടെ അതിന്റെ വളര്‍ച്ചക്കാവശ്യമായ പരിചരണവും സംരക്ഷണവും നല്‍കേണ്ടതുണ്ട്. ഏതാനും ദിവസമോ ആഴ്ചകളോ പോരാ, നട്ട തൈ വൃക്ഷമാകുന്നത് വരെ ഇത് തുടരണം. ഇല്ലെങ്കില്‍ ഈ ഇനത്തില്‍ സര്‍ക്കാര്‍ ചെലവിടുന്ന തുക വ്യഥാവിലാകും. ഓരോ വര്‍ഷവും കോടികളാണ് സാമൂഹിക വനവത്കരണ പദ്ധതിക്കായി വിനിയോഗിക്കുന്നത്. 201617ല്‍ 12.10 കോടിയും 201718ല്‍ 11.92 കോടിയും 201819ല്‍ 11 കോടി രൂപയും ചെലവിട്ടു. വലിയ പ്രചാരണത്തോടെ നടുന്ന ഇത്തരം തൈകളില്‍ മിക്കതും തിരഞ്ഞുനോക്കാന്‍ ആളില്ലാത്തതിനാല്‍ ഉണങ്ങിയോ കാലികള്‍ ഭക്ഷിച്ചോ നശിക്കാറാണ് പതിവ്. ഒരു വര്‍ഷത്തില്‍ നട്ട മരങ്ങളില്‍ ചെറിയൊരു ശതമാനമേ അടുത്ത പരിസ്ഥിതി ദിനത്തിലേക്ക് അവശേഷിക്കാറുള്ളൂ. പലയിടത്തും വൃക്ഷത്തൈകള്‍ക്ക് സംരക്ഷണത്തിനായി വെച്ച ഇരുമ്പുകൂട് മാത്രമാണ് ബാക്കിയാകുന്നത്. നിയമസഭയുടെ വനവും പരിസ്ഥിതിയും വിനോദസഞ്ചാരവും സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. വെള്ളത്തിന്റെ ലഭ്യതക്കുറവ്, തൈകള്‍ക്ക് മൃഗങ്ങളില്‍ നിന്നോ പാരിസ്ഥിതിക അവബോധമില്ലാത്ത ആളുകളില്‍ നിന്നോ സംരക്ഷണം ലഭിക്കാതിരിക്കല്‍, നടുന്ന മരങ്ങള്‍ക്ക് കേരളത്തിലെ കാലാവസ്ഥകളെ അതിജീവിക്കാനാകാതിരിക്കല്‍ തുടങ്ങിയവയാണ് കമ്മിറ്റി ഇതിന് ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍. നടുന്ന മരങ്ങളില്‍ പലതും വേണ്ടത്ര പ്രയോജനകരമല്ലാത്തവയുമാണ്. കേരളത്തിന്റെ കാലാവസ്ഥയില്‍ സ്വാഭാവികമായി വളരുന്ന ഈട്ടി, കമ്പക പോലുള്ള മരങ്ങള്‍ വെച്ചുപിടിപ്പിക്കുക, വിദ്യാലയങ്ങളിലേക്ക് ഓക്‌സിജന്‍ സര്‍ക്കുലേഷന്‍ മരങ്ങള്‍ തിരഞ്ഞെടുക്കുക, ഔഷധകൃഷി വ്യാപിപ്പിക്കുക തുടങ്ങി സാമൂഹിക വനവത്കരണ പദ്ധതി പ്രയോജനകരമാകാന്‍ സബ്ജക്ട് കമ്മിറ്റി ചില പരിഹാരമാര്‍ഗങ്ങളും നിര്‍ദേശിച്ചിട്ടു
ണ്ട്.
പബ്ലിസിറ്റിക്ക് വേണ്ടിയാണ് പല സംഘടനകളും സ്ഥാപനങ്ങളും സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി തൈകള്‍ നടുന്നതെന്നും പ്രകൃതി സ്‌നേഹം കൊണ്ടല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി വനംവകുപ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസത്തെ പത്രത്തില്‍ വാര്‍ത്തയും ഫോട്ടോയും വരുന്നതോടെ സംഘാടകരുടെ ബാധ്യത അവസാനിച്ച മട്ടാണ്. വനവത്കരണത്തില്‍ പങ്കാളികളാകാന്‍ സര്‍ക്കാര്‍ സാമൂഹിക, സന്നദ്ധ സംഘടനകള്‍ക്ക് തൈകള്‍ നല്‍കുന്നത് മൂന്ന് വര്‍ഷം അതിന്റെ സംരക്ഷണം ഏറ്റെടുക്കണമെന്ന വ്യവസ്ഥയോടെ ആണെങ്കിലും പലയിടത്തും ഇത് വാക്കിലൊതുങ്ങുകയാണ്. നാട്ടില്‍ മരങ്ങള്‍ വളരേണ്ടതും കാടുകളുടെ വിസ്തൃതി വര്‍ധിപ്പിക്കേണ്ടതും സര്‍ക്കാറിന്റെ മാത്രമല്ല ജനങ്ങളുടെ കൂടി ആവശ്യമാണ്. സബ്ജക്ട് കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പാലിക്കുന്നതോടൊപ്പം നടുന്ന തൈകളുടെ സംരക്ഷണം സര്‍ക്കാറില്‍ മാത്രം നിക്ഷിപ്തമാക്കാതെ സമൂഹം ഒന്നാകെ ഏറ്റെടുത്താല്‍ കൂടുതല്‍ കാര്യക്ഷമവും ഫലവത്തുമാക്കാനാകും.