Connect with us

Covid19

അമേരിക്കന്‍ മോഡല്‍ രാജസ്ഥാനിലും; പോലീസുകാരന്‍ യുവാവിന്റെ കഴുത്തില്‍ കാല്‍മുട്ട് വെച്ച വീഡിയോ പ്രചരിക്കുന്നു

Published

|

Last Updated

രാജസ്ഥാനില്‍ പോലീസുകാരന്‍ യുവാവിന്റെ കഴുത്തില്‍ കാല്‍മുട്ട് വെച്ചതിന്റെയും യുവാവ് പോലീസുകാരനെ തല്ലുന്നതിന്റെയും ദൃശ്യങ്ങള്‍

ജോധ്പൂര്‍ | രാജസ്ഥാനിലെ ജോധ്പൂരില്‍ മല്‍പ്പിടുത്തത്തിനിടെ നിലത്തുവീണ യുവാവിന്റെ കഴുത്തില്‍ പോലീസ് കോണ്‍സ്റ്റബിള്‍ കാല്‍മുട്ട് വെച്ച് ഏറെനേരം നില്‍ക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. അമേരിക്കയില്‍ കഴിഞ്ഞയാഴ്ച കറുത്തവംശജനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിനിടയാക്കിയതിനോട് ഇതിന് സമാനതയുണ്ടെന്നതിനാലാണ് വൈറലായത്.

ജോധ്പൂരില്‍ പോലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ച യുവാവിനെ കീഴടക്കിയപ്പോഴായിരുന്നു പോലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ട് വെച്ചത്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തപ്പോള്‍ മുകേഷ് കുമാര്‍ പ്രജാപത് എന്ന യുവാവ് കോണ്‍സ്റ്റബിളിനെ ആക്രമിക്കുകയായിരുന്നു. യുവാവിന്റെ ഫോട്ടോ പോലീസുകാരന്‍ എടുക്കുകയും മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ ഇയാള്‍ പോലീസുകാരനെ ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പോലീസുകാരന്‍ പട്രോളിംഗ് വാഹനത്തെ വിളിച്ചു.

പട്രോളിംഗ് വാഹനം എത്തുന്നതിന് മുമ്പ് പ്രജാപത് പോലീസുകാരനെ തല്ലാന്‍ ആരംഭിച്ചു. വീഡിയോയില്‍ പ്രജാപത് പോലീസുകാരനെ തല്ലുന്നതും കുത്തുന്നതും തൊഴിക്കുന്നതുമെല്ലാമുണ്ട്. പോലീസുകാരന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞുതകര്‍ക്കാനും ശ്രമിച്ചു. ഇതിനിടെ നിലത്തുവീണ പ്രജാപതിന്റെ കഴുത്തില്‍ പോലീസുകാരന്‍ മുട്ടുകാല്‍ വെക്കുകയായിരുന്നു.