Kerala
ഉത്ര വധം: സൂരജിന്‌റെ വീട്ടിൽ വീണ്ടും തെളിവെടുപ്പ്

അഞ്ചൽ | ഉത്ര വധക്കേസിൽ പ്രതി സൂരജിനെ വീണ്ടും അടൂരിലെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ പാമ്പിനെ സൂക്ഷിച്ച ചാക്കുകൾ കണ്ടെത്തി.
സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ പണിക്കരുടെ പിക്കപ് വാൻ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഉത്രയുടെ വീട്ടുകാർ നൽകിയ സാമ്പത്തിക സഹായം ഉപയോഗിച്ചാണ് സുരേന്ദ്രൻ വാഹനം വാങ്ങിയത്. കേസിൽ ഇതും തൊണ്ടിമുതലാകുമെന്നാണ് സൂചന. തുടർന്ന് കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സ്വർണാഭരണങ്ങൾ വിറ്റ അടൂരിലെ ജ്വല്ലറിയിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം ഗൂഢാലോചനയിലുള്ള പങ്ക് കണ്ടെത്തുന്നതിനായി കുടുംബാംഗങ്ങളെ ഒന്നിച്ചിരുത്തി പത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഓരോരുത്തരെയും പ്രത്യേകം ചോദ്യം ചെയ്തതിന്റെ വിവരങ്ങളും ശാസ്ത്രീയ തെളിവുകളും അന്വേഷണത്തിൽ കണ്ടെത്തിയ മറ്റ് വിവരങ്ങളും അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യൽ. എന്നാൽ എല്ലാവരും മൊഴികളിൽ ഉറച്ചു നിന്നു.
ഉത്രയുടെ വീട്ടുകാർ സൂരജിന് വിവാഹത്തിന് നൽകിയ സ്വർണമാല തിരികെ നൽകാൻ പോലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് രേണുക മാല തിരികെയേൽപ്പിച്ചു. ഇതുകൂടിയാകുമ്പോൾ ഉത്രയുടെ 90 പവൻ സ്വർണത്തിന്റെ കണക്ക് ഒത്തുവരുമെന്ന് പോലീസ് പറയുന്നു. അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പാണ് സൂരജ് മാല രേണുകക്ക് കൈമാറിയത്. ഗൂഢാലോചനയിൽ ഇവർക്കുള്ള പങ്ക് വ്യക്തമാകാൻ ചില നിർണായക നടപടികൾ പൂർത്തിയാക്കി ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.