National
അതിഥി തൊഴിലാളികളെ 15 ദിവസത്തിനകം തിരിച്ചയക്കണം: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് സുപ്രീം കോടതി

ന്യൂഡല്‍ഹി | വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ 15 ദിവസത്തിനകം സ്വദേശത്തേക്ക് തിരിച്ചയക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സുപ്രിം കോടതി നിര്‍ദേശം. ലോക്ഡൗണില്‍ അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
അതേസമയം സ്വദേശത്തേക്ക് മടങ്ങാന്‍ തയ്യാറായ 90 ശതമാനം അതിഥി തൊഴിലാളികളെയും മടക്കി അയച്ചതായി കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു. ബാക്കി വരുന്ന പത്ത് ശതമാനം ആളുകളെ രണ്ടാഴ്ചക്കുള്ളില്‍ തിരിച്ചയക്കാനാകുമെന്നും കേന്ദ്രം വ്യക്തമാക്കി. ഹര്‍ജിയില്‍ ചൊവ്വാഴ്ച വിധി പറയുമെന്ന് സുപ്രീം കോടതി അറിയിച്ചു.
ഡല്‍ഹിയില്‍ രണ്ട് ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ ഉണ്ടെന്നും എന്നാല്‍ ഇവര്‍ സ്വദേശത്തേക്ക് മടങ്ങാന്‍ തയ്യാറായിട്ടില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ ബോധിപ്പിച്ചു. പതിനായിരം തൊഴിലാളികള്‍ മാത്രമാണ് സ്വദേശത്തേക്ക് മടങ്ങാന്‍ താത്പര്യം കാണിച്ചതെന്നും സോളിസിറ്റര്‍ ജനറല്‍ ബോധിപ്പിച്ചു.
അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ ക്രമീകരണങ്ങള്‍ ഒരുക്കിയതിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. റോഡ് മാർഗം 41 ലക്ഷം കുടിയേറ്റ തൊഴിലാളികളെയും ട്രെയിനിൽ 57 ലക്ഷത്തെയും സ്വദേശത്തേക്ക് അയച്ചതായും അദ്ദേഹം വ്യക്തമാക്കി.