International
മിനസോട്ട നഗരത്തില്‍ ഫ്‌ളോയിഡ് അനുസ്മരണത്തില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍

വാഷിംഗ്ടണ്‍ | പോലീസുദ്യോഗസ്ഥന്റെ ക്രൂര ആക്രമണത്തില്‍ കൊല്ലപ്പെട്ട ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയ്ഡിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ മിനസോട്ട നഗരത്തില്‍ ഒത്തുകൂടിയത് പതിനായിരങ്ങള്‍. ഫ്‌ളോയിഡന്റെ കഴുത്തില്‍ വെള്ളക്കാരനായ പോലീസുകാരന്‍ ചവിട്ട്ിപിടച്ച എട്ട് മിനുട്ടോളം മൗനം ആചരിച്ചാണ് ചടങ്ങ് നടന്നത്. ചടങ്ങില്‍ പ്രസംഗിച്ചവരെല്ലാം വംശീയതക്കെതിരെ തീവ്രപ്രതികരണമാണ് നടത്തിയത്. കൊവിഡ് എന്ന പകര്‍ച്ചവ്യാധി മൂലമല്ല വംശീയത എന്ന പകര്‍ച്ചവ്യാധിയാലാണ് ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ ബഞ്ചമിന്‍ ക്രമ്പ് പറഞ്ഞു. ഫ്‌ളോയിഡിന്റെ മരണം പൈശാചിക കൃത്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
“കഴുത്തില്‍ നിന്ന് മുട്ട് എടുക്കുക” എന്ന് എഴുന്നേറ്റു നിന്നുപറയാനുള്ള സമയമായെന്ന് സാമൂഹിക പ്രവര്‍ത്തകനായ റവ.എ ഐ ഷാര്‍പ്ട്ടണ്‍ പറഞ്ഞു. ഫ്‌ളോയ്ഡിന്റെ കഥ കറുത്തവരുടെ കഥയാണ്. കാരണം 401 വര്‍ഷങ്ങള്‍ മുമ്പ് മുതല്‍ ഞങ്ങള്‍ ആയിത്തീരേണ്ടത് ഇന്നും ആവാന്‍ കഴിയാത്തതിനു കാരണം നിങ്ങളുടെ കാല്‍മുട്ട് ഞങ്ങളുടെ കഴുത്തില്‍ ആയതിനാലാണ്. നിങ്ങളുടെ കാല്‍മുട്ട് ഞങ്ങളില്‍ നിന്നും എടുത്ത് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
മിനിയാപ്പൊളീസിലെ നോര്‍ത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഫ്‌ളോയിഡിന്റെ കുടംബാംഗങ്ങള്‍, റവ. ജെസെ ജാക്‌സണ്‍, മിനസോട്ട ഗവര്‍ണര്‍ ടിം വാല്‍സ്, മിനസോട്ട സെനറ്റര്‍ ആമി ക്ലൊബുച്ചര്‍, മിനിയാപ്പൊളീസ് മേയര്‍ ജേക്കബ് ഫ്രെ തുടങ്ങിവരും പങ്കെടുത്തു.