Connect with us

Kerala

താഴത്തങ്ങാടി കൊലപാതകം: 23 വയസുകാരന്‍ അറസ്റ്റില്‍; കൃത്യം നടത്തിയത്‌ വീട്ടമ്മയില്‍നിന്നും വെള്ളം വാങ്ങി കുടിച്ച ശേഷം

Published

|

Last Updated

കോട്ടയം | താഴത്തങ്ങാടിയില്‍ ദമ്പതികളെ ക്രൂരമായി ആക്രമിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. താഴത്തങ്ങാടി സ്വദേശിയും ദമ്പതിമാരുടെ അയല്‍ക്കാരനുമായ മുഹമ്മദ് ബിലാല്‍(23) ആണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.എറണാകുളത്തുനിന്നുമാണ് ഇയാളെ പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പെട്ടന്നുള്ള പ്രകോപനത്തിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി മൊഴി നല്‍കി. തെളിവുകള്‍ നശിപ്പിക്കാനാണ് ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട് തീകൊളുത്താന്‍ ശ്രമിച്ചത്. തിങ്കളാഴ്ചയാണ് താഴെത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍ മുഹമ്മദ് സാലി(65)യുടെ ഭാര്യ ഷീബ (60) കൊല്ലപ്പെട്ടത്. ആക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ സാലി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്

മോഷണം ലക്ഷ്യമിട്ടാണ് പ്രതി ദമ്പതിമാരെ ആക്രമിച്ചതെന്ന് ജില്ലാ പോലീസ് മേധാവി ജി ജയ്‌ദേവ് മാധ്യമങ്ങളോട് പറഞ്ഞു. സാലി ഷീബ ദമ്പതിമാര്‍ നേരത്തെ പ്രതിയെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രി സ്വന്തം വീട്ടില്‍നിന്നിറങ്ങിപ്പോയ പ്രതി തിങ്കളാഴ്ച പുലര്‍ച്ചെ സാലിയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ആ സമയത്ത് സാലിയും ഷീബയും ഉറങ്ങുകയായിരുന്നതിനാല്‍ മടങ്ങിപ്പോയി രാവിലെ വീണ്ടും വന്നു.

പരിചയമുള്ള ആളായതിനാല്‍ ദമ്പതിമാര്‍ വാതില്‍ തുറന്നുനല്‍കി. സ്വീകരണമുറിയിലേക്ക് കടന്ന പ്രതിക്ക് ഷീബ കുടിക്കാന്‍ വെള്ളവും നല്‍കി. ഷീബ അടുക്കളയിലേക്ക് പോയ സമയത്താണ് ബിലാല്‍ സാലിയെ ടീപ്പോയ് കൊണ്ട് തലക്കടിച്ചത്. ബഹളം കേട്ടെത്തിയ ഷീബയെയും പ്രതി ടീപ്പോയ് കൊണ്ട് തലക്കടിച്ച് വീഴ്ത്തി.
കിടപ്പുമുറിയിലെ അലമാരയില്‍നിന്ന് സ്വര്‍ണവും പണവും കൈക്കലാക്കി. ഷീബ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചു. പിന്നീട് മരണം ഉറപ്പാക്കാനായി ഇരുമ്പ് കമ്പി കൊണ്ട് കെട്ടിയിട്ട് ഷോക്കടിപ്പിക്കാനും ശ്രമിച്ചു. തെളിവ് നശിപ്പിക്കാനായാണ്ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടത്.പ്രതി മോഷ്ടിച്ച സ്വര്‍ണ്ണം എറണാകുളത്തെ വീട്ടില്‍നിന്നും പോലീസ് കണ്ടെടുത്തു

കൃത്യം നടത്തിയ ശേഷം പ്രതി സാലിയുടെ വീട്ടിലെ കാറുമായി കടന്നുകളഞ്ഞതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കാര്‍ സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് നേരത്തെ ലഭിച്ചിരുന്നു.
മൂന്ന് സിഐ മാരുടേയും രണ്ട് ഡിവൈഎസ്പിമാരുടേയും നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്‌

---- facebook comment plugin here -----

Latest