Connect with us

Editorial

ഓണ്‍ലൈന്‍ ക്ലാസ്: ആശങ്കകളും പ്രതീക്ഷകളും

Published

|

Last Updated

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ജൂണ്‍ ഒന്ന് മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളെ അനുകൂലിച്ചും വിമര്‍ശിച്ചും അഭിപ്രായങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ലോക്ക്ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ ഇതൊരനുഗ്രഹമാണെന്ന പക്ഷക്കാരാണ് രക്ഷിതാക്കളില്‍ ഏറിയ പങ്കും. അതേസമയം, സംസ്ഥാനത്തെ നിരവധി വീടുകളില്‍ ടി വിയോ കമ്പ്യൂട്ടറോ സ്മാര്‍ട്ട് ഫോണുകളോ ഇന്റര്‍നെറ്റ് സൗകര്യമോ ഇല്ലാതിരിക്കെ മുഴുവന്‍ വിദ്യാര്‍ഥികളെയും പങ്കെടുപ്പിക്കാനാകാത്ത പുത്തന്‍ വിദ്യാഭ്യാസ രീതി തുല്യനീതി എന്ന ആശയത്തിനു നിരക്കുന്നതല്ലെന്ന വാദമുയര്‍ത്തുന്നു പ്രതിപക്ഷം. സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് നീങ്ങുമ്പോള്‍, മറ്റു കുടുംബങ്ങളിലെ കുട്ടികള്‍ തുല്യ അവസരം ലഭിക്കാതെ പിന്തള്ളപ്പെട്ടു പോകുമെന്നാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്ന ആശങ്ക. ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത നിരാശമൂലം വളാഞ്ചേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യാനിടയായത് തങ്ങളുടെ വാദത്തിന് ഉപോത്ബലകമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതു വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയുമാണ്.
കൊവിഡ് ഭീതിയെ തുടര്‍ന്ന് സ്‌കൂളുകള്‍ പരീക്ഷകള്‍ നിര്‍ത്തിവെച്ചിരുന്നു. ഉന്നത കലാലയങ്ങള്‍ സെമസ്റ്റര്‍ പൂര്‍ത്തിയാക്കാനാകാതെ പാതിവഴിയില്‍ അടക്കേണ്ടി വന്നു.

ജൂണ്‍ ആരംഭത്തില്‍ കലാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള പുതിയ വിദ്യാഭ്യാസ വര്‍ഷത്തിനു തുടക്കം കുറിക്കാന്‍ സാധ്യമാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ കലാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതു വരെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കാന്‍ തീരുമാനിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നല്ലൊരു വിഭാഗത്തിനും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനുള്ള സാങ്കേതിക സൗകര്യങ്ങളില്ലെന്ന ഉത്തമ ബോധ്യത്തോടെ തന്നെയാണ് സര്‍ക്കാര്‍ ഈ പുതിയ പരീക്ഷണത്തിനു മുതിര്‍ന്നത്. പൊതുവിദ്യാലയങ്ങളിലെ 2.61 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വീടുകളില്‍ ടി വിയോ ഇന്റര്‍നെറ്റ് സൗകര്യമോ ഇല്ലെന്ന് ഓണ്‍ലൈന്‍ ക്ലാസുകളുടെ സാധ്യത തേടി വിദ്യാഭ്യാസ വകുപ്പ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല ഒരു സ്മാര്‍ട്ട് ഫോണ്‍ മാത്രമുള്ള വീട്ടില്‍ രണ്ടോ മൂന്നോ കുട്ടികള്‍ പഠിക്കാനുണ്ടെങ്കില്‍ അവരുടെ പഠനം എങ്ങനെ സുഗമമായി മുന്നോട്ടു കൊണ്ടുപോകുമെന്നതും പ്രശ്‌നമാണ്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ കുട്ടികളുടെ പഠനാവശ്യത്തിനു ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാനും നെറ്റ് സൗകര്യം ഏര്‍പ്പെടുത്താനും മിക്ക വീട്ടുകാര്‍ക്കും കഴിയണമെന്നുമില്ല. എന്നാല്‍ ഇതെല്ലാം പരിഹരിച്ച് എല്ലാ വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളിച്ച് തുടങ്ങാമെന്നു വെച്ചാല്‍ ഒരു പക്ഷേ ഇനിയും ആഴ്ചകളോ മാസങ്ങളോ എടുക്കും. ഇത്രയും കാലം മുഴുവന്‍ വിദ്യാര്‍ഥികളും പഠനപ്രക്രിയയുമായി അകന്നു നില്‍ക്കാന്‍ ഇടവരുന്നതിനേക്കാള്‍ നല്ലത് ഡിജിറ്റല്‍ സൗകര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ലഭ്യമാക്കുകയാണെന്ന കാഴ്ചപ്പാടില്‍ നിന്നാണ് പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ ക്ലാസ് തുടങ്ങാനുള്ള തീരുമാനത്തിലെത്തിയത്. ഓണ്‍ലൈന്‍ പഠന ക്ലാസുകളില്‍ പങ്കെടുക്കാന്‍ വീടുകളില്‍ സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രാദേശിക പഠന കേന്ദ്രങ്ങള്‍ ആരംഭിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ചില സ്വകാര്യ സ്‌കൂളുകളും ജൂണിനു മുമ്പേ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ പഠനം ഇന്ന് ആഗോളതലത്തില്‍ അംഗീകാരം നേടിക്കഴിഞ്ഞ ഒരു വിദ്യാഭ്യാസ സമ്പ്രദായമായി മാറിക്കഴിഞ്ഞിട്ടുണ്ട്. സാങ്കേതിക രംഗത്ത് കൂടുതല്‍ വളര്‍ന്ന പല രാഷ്ട്രങ്ങളിലും ഇതൊരു ഔപചാരിക വിദ്യാഭ്യാസ രീതിയായി വളര്‍ന്നു കഴിഞ്ഞു. സാങ്കേതികമായി അത്രത്തോളം വളര്‍ന്നു കഴിഞ്ഞിട്ടില്ലെങ്കിലും മറ്റു പല സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ വിവര സാങ്കേതിക രംഗത്ത് കേരളം ഏറെ മുന്നിലാണ്. രാജ്യത്ത് അതിവേഗത്തില്‍ വളര്‍ന്നു വരുന്ന ഒരു ഡിജിറ്റല്‍ സംസ്ഥാനമാണിന്ന് കേരളം. ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ശക്തമായ അടിസ്ഥാന സൗകര്യങ്ങളും മനുഷ്യ വിഭവശേഷിയും സംസ്ഥാനത്തിനുണ്ട്. സമൂഹത്തിന് അത്ര പരിചിതമല്ലാത്ത ഒരു പുത്തന്‍ പദ്ധതി തുടങ്ങുമ്പോള്‍ തുടക്കത്തില്‍ ചില പോരായ്മകളും പ്രശ്‌നങ്ങളും സ്വാഭാവികമാണ്. അത് ക്രമേണ പരിഹരിക്കാവുന്നതേയുള്ളൂ.

എന്നാലും സ്‌കൂളില്‍ ചെന്നുള്ള പഠനവും ഓണ്‍ലൈന്‍ വഴിയുള്ള വിദൂര വിദ്യാഭ്യാസ രീതിയും തമ്മില്‍ പ്രകടമായ ചില വ്യത്യാസങ്ങളുണ്ട്. വിദ്യാര്‍ഥികള്‍ ആര്‍ജിക്കേണ്ട പല നൈപുണികളും സ്‌കൂള്‍ പശ്ചാത്തലത്തില്‍ നിന്ന് അധ്യാപകരുടെയും സഹ വിദ്യാര്‍ഥികളുടെയും സഹായത്തോടെ നേടേണ്ടതാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ അത് സാധ്യമാകില്ല. മികച്ച പഠനത്തിന്റെ മറ്റൊരു അനിവാര്യ ഘടകമായ സാമൂഹിക സാഹചര്യങ്ങളും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ അന്യമാണ്. കുട്ടിയുടെ പഠന നിലവാരം അധ്യാപകന്‍ നേരിട്ടു മുഖാമുഖം വിലയിരുത്തുമ്പോഴുള്ള ഗുണം ഡിജിറ്റല്‍ വഴിയുള്ള വിലയിരുത്തല്‍ കൊണ്ട് സാധ്യമാകില്ല. ഉടന്‍ പ്രതികരണം ലഭിക്കേണ്ട രീതിയിലുള്ള പഠനാനുഭവങ്ങളും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ ചോദ്യചിഹ്നമാണ്. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ വിദ്യാലയങ്ങളില്‍ നേരിട്ടുള്ള ക്ലാസ് റൂം അധ്യയനം കൊവിഡ് പ്രതിരോധത്തില്‍ നാം ഇതുവരെ കൈവരിച്ച നേട്ടങ്ങളെ നിഷ്പ്രഭമാക്കും. നാല്‍പ്പതും അമ്പതും കുട്ടികളുള്ള ക്ലാസ് റൂമുകളില്‍ സാമൂഹിക അകലം പാലിച്ച് ക്ലാസെടുക്കാന്‍ സാധ്യമല്ല. എങ്കിലും പഠന മേഖലയുമായി വിദ്യാര്‍ഥികള്‍ ഏതെങ്കിലുമൊരു വിധേന ബന്ധപ്പെടുന്നത് അതുമായി പാടേ അകന്നു കഴിയുന്നതിനേക്കാള്‍ ഗുണകരമാണല്ലോ. മൊബൈല്‍ കാര്‍ട്ടൂണുകളിലും ഗെയിമുകളിലുമായി സമയം കൊല്ലുന്ന പ്രവണത ഒരു പരിധിവരെ ഇല്ലാതാക്കാനും ഇതുപകരിച്ചേക്കും. ഭാവിയില്‍ ഡിജിറ്റല്‍ ഉപകരണങ്ങളും ഡാറ്റാ ലഭ്യതയും വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ആവശ്യങ്ങളാണെന്ന് തിരിച്ചറിഞ്ഞും കാലത്തിന്റെ ചുമരെഴുത്തുകള്‍ വായിച്ചറിഞ്ഞും അവ സജ്ജീകരിക്കാനുള്ള വഴി സര്‍ക്കാറിനു കണ്ടെത്താകുന്നതേയുള്ളൂ.