Connect with us

Kozhikode

കേരള മുസ്‌ലിം ജമാഅത്ത് സ്‌നേഹ ഭവനങ്ങളുടെ നിർമാണം ദ്രുതഗതിയിൽ

Published

|

Last Updated

കോഴിക്കോട് | ഉടപ്പിറപ്പുകൾ വേർപിരിഞ്ഞതിന്റെയും കിടപ്പാടം നഷ്ടപ്പെട്ടതിന്റെയും വിങ്ങുന്ന ഓർമകളുമായി കവളപ്പാറ, പുത്തൂമല ദുരിതബാധിതർക്ക് മുമ്പിൽ മറ്റൊരു കാലവർഷം കൂടി കടന്നുവരുമ്പോൾ, ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സുന്നി സംഘ കുടുംബം പ്രഖ്യാപിച്ച സ്‌നേഹഭവനങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ കേരള മുസ്‌ലിം ജമാഅത്ത് പ്രഖ്യാപിച്ച പാക്കേജിന്റെ ഭാഗമായുള്ള വീടുകളുടെ നിർമാണമാണ് ദ്രുതഗതിയിൽ നടന്നുവരുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടലിൽ ഒറ്റരാത്രി കൊണ്ട് 59 ജീവനുകളാണ് പൊലിഞ്ഞത്. ദുരിതമനുഭവിക്കുന്നവർക്ക് താങ്ങായി അന്ന് കേരള മുസ്‌ലിം ജമാഅത്ത് അടിയന്തര സഹായങ്ങളെത്തിച്ചു.

കവളപ്പാറയിലെ ഉരുൾപൊട്ടിയതും മറ്റ് പ്രളയ ബാധിത പ്രദേശങ്ങളും സന്ദർശിച്ച് കേരള മുസ്്ലിം ജമാഅത്ത് പ്രസിഡന്റ്കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരാണ് സഹായങ്ങൾ പ്രഖ്യാപിച്ചത്. പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമിച്ചു നൽകുക, കേടുപാട് സംഭവിച്ചവ വാസയോഗ്യമാക്കുക, ഭക്ഷ്യവസ്തുക്കൾ, വസ്ത്രം, വീട്ടുപകരണങ്ങൾ, പഠനോപകരണങ്ങൾ നൽകുക, പരുക്ക് പറ്റിയവർക്കും രോഗികൾക്കും ചികിത്സ, സമ്പൂർണ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക, പുനരധിവാസ സേവന പ്രവർത്തനങ്ങളിൽ സാന്ത്വനം, ടീം ഒലീവ് വളണ്ടിയർമാരുടെ സേവനം പ്രയോജനപ്പെടുത്തുക തുടങ്ങി സമഗ്രമായ ദുരിതാശ്വാസ പുനരധിവാസ പാക്കേജാണ് പ്രഖ്യാപിച്ചത്.

നിലമ്പൂർ പ്രദേശത്തും വയനാട്ടിലും മുസ്‌ലിം ജമാഅത്ത് ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സാന്പത്തിക സഹായം വിതരണം ചെയ്തിരുന്നു. കവളപ്പാറയിൽ ദുരന്തത്തിനിരിയായവർക്ക് 13 വീടുകളാണ് കേരള മുസ്‌ലിം ജമാഅത്ത് നിർമിച്ചു നൽകുന്നത്. പ്രഖ്യാപിച്ച വീടുകളുടെ മൂന്നെണ്ണത്തിന്റെ പണികൾ ദ്രുതഗതിയിൽ കോൺക്രീറ്റിനോടടുക്കുന്നു. മറ്റ് വീടുകളുടെ നിർമാണ പ്രവർത്തനങ്ങളും ഉടൻ തുടങ്ങും. നിലമ്പൂർ എം എൽ എ. പി വി അൻവർ എം എൽ എ മുസ്‌ലിം ജമാഅത്തിന് കൈമാറിയ കവളപ്പാറയിലെ 73 സെന്റ് ഭൂമിയിലാണ് 13 ഭവനങ്ങളും ഒരുങ്ങുന്നത്. ഇവിടേക്കുള്ള റോഡിന്റെയും കിണറിന്റെയും പണി അന്തിമഘട്ടത്തിലാണ്. പ്രദേശത്ത് 13 വീട്ടുകാർക്കും ഉപകാരപ്രദമായ വിശാലമായ കിണറാണ് ഒരുങ്ങുന്നത്. വെള്ളം സംഭരിക്കാൻ കൂറ്റൻ ജലസംഭരണിയും നിർമിക്കും. ഇതിന് പുറമെ ഓരോ വീടുകൾക്കും പ്രത്യേകം ടാങ്കുകളുമുണ്ടാകും.

വീടുകളുടെ നിർമാണം പൂർത്തിയാക്കിയ ശേഷം ഉടൻ ദുരിത ബാധിതർക്ക് കൈമാറും. സമാനതകളില്ലാത്ത പുനരധിവാസ പ്രവർത്തനങ്ങളാണ് നിലമ്പൂർ കവളപ്പാറയിലും വയനാട് പുത്തൂമലയിലും കേരള മുസ്‌ലിം ജമാഅത്ത് നടത്തിയത്. പുത്തൂമലയിൽ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജുകളും ഉടൻ പൂർത്തിയാക്കും.

കവളപ്പാറയിൽ വീടുകളുടെ കട്ടില വെക്കൽ ചടങ്ങിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുർറഹ്്മാൻ ദാരിമി, അലവിക്കുട്ടി ഫൈസി, വി എൻ ബാപ്പുട്ടി ദാരിമി, കുഞ്ഞാപ്പു എടക്കര, കൊമ്പൻ മുഹമ്മദ് ഹാജി, സാദിഖ് കരിമ്പുഴ, ശിഹാബ് കവളപ്പാറ, ജമാൽ, അഫ്‌സൽ കുണ്ടുതോട് സംബന്ധിച്ചു.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്