National
ലഡാക്ക് അതിര്‍ത്തി തര്‍ക്കം: ഇന്ത്യ-ചൈന ഉന്നത സൈനിക തല ചര്‍ച്ച ശനിയാഴ്ച

ന്യൂഡല്‍ഹി | ലഡാക്ക് അതിര്‍ത്തിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ ഇന്ത്യ – ചൈന ഉന്നതതല സൈനിക തല ചര്‍ച്ച ശനിയാഴ്ച നടക്കും. ചുഷൂല്‍ മോള്‍ഡോയിലെ ഇന്ത്യന്‍ അതിര്‍ത്തിപ്രദേശത്താണ് ഇരു രാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തുക. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരമാണ് ചര്‍ച്ചക്ക് വഴിയൊരുങ്ങിയത്.
ചര്‍ച്ചയില്‍ 14 കോര്‍പ്‌സ് സൈനിക കമാന്‍ഡര്‍ ലഫ്. ജനറല്‍ ഹരീന്ദര്‍ സിംഗ് ഇന്ത്യന്‍ സംഘത്തെ നയിക്കും. മേഖലയിലെ സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് ഉന്നത തല ചര്‍ച്ച നടത്തുന്നത്.
ലഡാക്കിലെ നിയന്ത്രണ രേഖക്ക് സമിപം ഇന്ത്യന്‍ സൈന്യം നടത്തുന്ന പട്രോളിംഗ് ചൈനീസ് സൈന്യം തടസ്സപ്പെടുത്തുന്നുവെന്നാണ് ഇന്ത്യയുടെ പരാതി. തങ്ങളുടെ മേഖലയിലേക്ക് ഇന്ത്യന്‍ സേന നടത്തിയ നുഴഞ്ഞുകയറ്റമാണ് അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന ചൈനയുടെ ആരോപണം ഇന്ത്യ തള്ളിയിരുന്നു.
1962ല്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ യുദ്ധത്തിനു പിന്നാലെയാണ് അതിര്‍ത്തി പ്രശ്‌നങ്ങള്‍ രൂക്ഷമായത്. 2017ല്‍ ദോക്‌ലാ മേഖലയില്‍ മാസങ്ങള്‍ നീണ്ടുനിന്ന പ്രശ്‌നം നിലനിന്നിരുന്നു.