Connect with us

Kerala

വിമാനങ്ങള്‍ വരേണ്ടെന്ന് കേന്ദ്രത്തോട് പറഞ്ഞിട്ടില്ല; നിബന്ധനയും വെച്ചിട്ടില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്രം അയക്കുന്ന ഒരു വിമാനത്തിനും സംസ്ഥാന സര്‍ക്കാര്‍ നോ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രവാസികളുമായി വിമാനങ്ങള്‍ വരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരു നിബന്ധനയും വെച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി ഫ്‌ളൈറ്റുകള്‍ വരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരു നിബന്ധനയും വെച്ചിട്ടില്ല. ഒരു ഫ്‌ളൈറ്റും വേണ്ടെന്ന് പറഞ്ഞിട്ടില്ല. കേന്ദ്ര വിദേശകാര്യമന്ത്രാലയം ചോദിച്ച എല്ലാ ഫ്‌ളൈറ്റിനും അനുമതി നല്‍കിയിട്ടുണ്ട്.വന്ദേഭാരതിന്റെ രണ്ടാംഘട്ടത്തില്‍ ജൂണ്‍ മാസം ഒരു ദിവസം 12 ഫ്‌ളൈറ്റുകളുണ്ടാകുമെന്നാണ് വിദേശകാര്യ മന്ത്രാലയംഅറിയിച്ചത്. സംസ്ഥാനം അതിന് പൂര്‍ണ സമ്മതം അറിയിച്ചു. അതുപ്രകാരം ജൂണില്‍ 360 ഫ്‌ളൈറ്റുകളാണ് വരേണ്ടത് എന്നാല്‍ ജൂണ്‍ 3 മുതല്‍ 10 വരെ 36 ഫ്‌ളൈറ്റുകള്‍ മാത്രമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത് അതിനര്‍ഥം കേരളം അനുമതി നല്‍കിയ 324 ഫ്‌ളൈറ്റുകള്‍ ജൂണ്‍ മാസത്തിലേക്ക് ഇനിയും ഷെഡ്യൂള്‍ ചെയ്യാനുണ്ടെന്നാണ്. ഇതിന്‍ നിന്ന് കേന്ദ്രം ഉദ്ദേശിച്ച രീതിയില്‍ അവര്‍ക്ക് ഫ്‌ളൈറ്റ് ഓപ്പറേറ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും അതിന് അവരെ കുറ്റം പറയാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെ കൊണ്ടുവരുന്നതിന് തൊഴിലുടമകളോ ഏതെങ്കിലും ഗ്രൂപ്പോ സംഘടനകളോ വിമാനം ചാര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ അതിന് പ്രത്യേകമായ ഒരു തടസ്സവും സംസ്ഥാനം ഉന്നയിച്ചിട്ടില്ല. എന്നാല്‍ യാത്രക്കാരില്‍ നിന്ന് പണം ഈടാക്കി ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ കൊണ്ടു വരികയാണെങ്കില്‍ അതിന് സര്‍ക്കാര്‍ നിബന്ധന വെച്ചിട്ടുണ്ട്.

ചില സ്വകാര്യ വിമാന കമ്പനികള്‍ പ്രവാസികളെ വിദേശത്ത് നിന്നുകൊണ്ടുവരുന്നതിന് അനുമതി ചോദിച്ചിട്ടുണ്ട്. അതിനും സര്‍ക്കാര്‍ അനുമതി നല്‍കുന്നതാണ്.  -മുഖ്യമന്ത്രി വ്യക്തമാക്കി

പ്രവാസികള്‍ക്കായുള്ള വിമാനസര്‍വീസ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞിരുന്നു.

Latest