Kerala
കുറ്റപത്രം നല്‍കിയില്ല; പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ മൂന്ന് പ്രതികള്‍ക്ക് ജാമ്യം

മൂവാറ്റുപുഴ | പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മൂന്ന് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. 90 ദിവസം കഴിഞ്ഞിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്.ഒന്നാം പ്രതി വിഷ്ണുപ്രസാദ്, മറ്റ് രണ്ട് പ്രതികളായ മഹേഷ് , നിധിന്‍ എന്നിവരാണ് ജാമ്യം ലഭിച്ച് ജയില്‍ മോചിതരായത്. എറണാകുളം കലക്ടറേറ്റ് ജീവനക്കാരനായിരുന്ന വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലാ് തട്ടിപ്പ് നടന്നത്.
പ്രഥമദൃഷ്ട്യ 80 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടന്നതായാണ് ജില്ല കലക്ടര്‍ നിയമിച്ച വകുപ്പുതല അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതില്‍ 27.73 ലക്ഷം റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതിയും കലക്ടറേറ്റിലെ സെക്ഷന്‍ ക്ലര്‍ക്കുമായ വിഷ്ണുപ്രസാദ് സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്കും വകമാറ്റിയെന്നും കണ്ടെത്തിയിരുന്നു. ഗുണഭോക്താക്കള്‍ കലക്ടറേറ്റില്‍ തിരിച്ചടിച്ച 52 ലക്ഷത്തോളം രൂപയിലും തിരിമറി നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.
സി പി എം പ്രാദേശിക നേതാവായ എം എം അന്‍വറിന്റെയും അയ്യനാട് സര്‍വിസ് സഹകരണ ബേങ്ക് ഡയറക്ടറായിരുന്ന ഭാര്യ കൗലത്തിന്റെയും സഹകരണ ബേങ്കിലെ ജോയന്റ് അക്കൗണ്ടിലേക്ക് പത്തരലക്ഷം രൂപ എത്തിയതോടെയാണ് തട്ടിപ്പ് പുറത്താവുന്നത്.
മൂന്നാം പ്രതിയും സി പി എം നേതാവുമായ എം എം അന്‍വര്‍, ഭാര്യയും അയ്യനാട് സര്‍വിസ് സഹകരണ ബേങ്ക് ഡയറക്ടറുമായിരുന്ന കൗലത്ത് അന്‍വര്‍, കേസില്‍ പിടിയിലായ മഹേഷിന്റെ ഭാര്യ നീതു എന്നിവര്‍ ഒളിവിലാണ്.