National
‘നിസർഗ’ കരതൊട്ടു; അതീവ ജാഗ്രതയിൽ മുംബൈ, വിമാനത്താവളം അടച്ചു

മുംബൈ | തീവ്രചുഴലിയായി മാറിയ “നിസർഗ” മുംബൈ തീരത്തെത്തി. മുംബൈയിൽ നിന്നും 100 കിലോമീറ്റർ അകലെ റായ്‍ഗഢിൽ കര തൊട്ട നിസർഗ ശക്തമായ മഴക്കൊപ്പം ജില്ലയുടെ തീരദേശങ്ങളിൽ ആഞ്ഞടിച്ച് തുടങ്ങി. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കടലാക്രമണവും രൂക്ഷമാകും. മുൻകരുതൽ നടപടിയായി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം രാത്രി 7 മണി വരെ അടച്ചു. ബെംഗളൂരുവിൽ നിന്നുള്ള ഒരു ഫെഡെക്സ് വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയതിനെ തുടർന്നാണ് വിമാനത്താവളം താൽക്കാലികമായി അടച്ചത്.
129 വർഷങ്ങൾക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബൈ തീരം തൊടുന്നത്. ഒരുലക്ഷത്തോളം പേർക്ക് ജീവഹാനി സംഭവിച്ച 1882ലെ ബോംബെ ചുഴലിക്കാറ്റാണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെ ഇതിനുമുമ്പ് പിടിച്ചുലച്ചത്.
കഴിഞ്ഞ ആഴ്ച പശ്ചിമബംഗാൾ തീരത്ത് ആഞ്ഞടിച്ച ഉം പുൻ ചുഴലിക്കാറ്റിൽ നൂറ് പേരാണ് മരിച്ചത്. രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയിൽ ആഞ്ഞടിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റായ നിസർഗ ഈ നൂറ്റാണ്ടിൽ മുംബൈ നഗരത്തിൽ ആഞ്ഞടിക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റാണ്. 33 മില്ലിമീറ്റർ മഴയാണ് ഇന്നലെ രാത്രി മാത്രം മുംബൈ നഗരത്തിൽ പെയ്തത്. നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ കാര്യമായി കരയിലേക്ക് കയറാനും വലിയ വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുണ്ട്. ഇതുവരെ സംസ്ഥാനം അഭിമുഖീകരിച്ച ചുഴലിക്കാറ്റുകളിൽ ഏറ്റവും ഭീകരമാണ് നിസർഗയെന്നും ജനങ്ങൾ സുരക്ഷിതമായി വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യർഥിച്ചു.
കൊങ്കണ്‍ വഴിയുള്ള റെയില്‍ ഗതാഗതത്തിന് നിയന്ത്രണമുണ്ട്. ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുംബൈ, താനെ, പുണെ, റായ്‍ഗഡ്, പാല്‍ഘര്‍, കൊങ്കണ്‍ ജില്ലകളില്‍ കനത്ത കാറ്റും മഴയും ലഭിക്കും. കേരളത്തിൽ പരക്കെ മഴ ലഭിച്ചേക്കും. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.