National
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രചാരണം ഏറ്റെടുക്കില്ല; പ്രശാന്ത് കിഷോര്‍

പാട്‌ന | മധ്യപ്രദേശില്‍ വരാനിരക്കുന്ന നിയമസഭ ഉപ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനായി താന്‍ പ്രചാരണം നയിക്കുമെന്ന വാര്‍ത്ത തള്ളി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല. താന്‍ ആര്‍ക്കും ഇത് സംബന്ധിച്ച് വാക്ക് കൊടുത്തിട്ടില്ല. മുന്‍ മുഖ്യമന്ത്രി കമല്‍നാഥും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും ക്യാമ്പയിന്‍ നയിക്കണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നുവെന്നും പ്രശാന്ത് കിഷോര്‍ ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മധ്യപ്രദേശില്‍ 24 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. 2014ല്‍ നരേന്ദ്ര മോദിക്ക് വേണ്ടി ക്യാമ്പയിന്‍ നയിച്ച കിഷോര്‍ പിന്നീട് ബി ജെ പിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ബിഹാറില്‍ നിതീഷ് കുമാറിനെ അധികാരത്തിലെത്തിക്കുന്നതില്‍ ചുക്കാന്‍ പിടിച്ചു. പിന്നീട് നിതീഷുമായി ബന്ധം അവസാനിപ്പിച്ചു. ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിനെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ പ്രചാരണ തന്ത്രം ആവിഷ്‌ക്കരിച്ചതിന് പിന്നിലും പ്രശാന്തിന്റെ സഹായമുണ്ടായിരുന്നു.