Covid19
കണ്ടെയിന്‍മെന്റ് മേഖലകളിലെ നിയന്ത്രണം കടുപ്പിച്ചു; അത്യാവശ്യക്കാര്‍ യാത്രക്ക് പാസ് വാങ്ങിയിരിക്കണം

തിരുവനന്തപുരം | കണ്ടെയിന്‍മെന്റ് മേഖലകളിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. ആരോഗ്യം, ഭക്ഷണ വിതരണം, ശുചീകരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രമെ കണ്ടെയിന്‍മെന്റ് മേഖലയിലേക്കോ അവിടെനിന്ന് വെളിയിലേക്കോ യാത്രചെയ്യാന്‍ അനുവാദമുണ്ടായിരിക്കുകയുള്ളൂ. കണ്ടെയിന്‍മെന്റ് മേഖലകള്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദിവസേന രാവിലെ തന്നെ ആവശ്യമായ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ ശ്രദ്ധിക്കണമെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു.
രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ച് വരെയുള്ള കര്‍ഫ്യു സമയത്ത് വളരെ അത്യാവശ്യമുളള കാര്യങ്ങള്‍ക്ക് മാത്രമെ യാത്രക്ക് അനുവാദമുള്ളൂ. അത്യാവശ്യക്കാര്‍ തന്നെ പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങിയിരിക്കണം. അതേസമയം, രാവിലെ അഞ്ചിനും രാത്രി ഒമ്പതിനുമിടയില്‍ സ്വകാര്യ വാഹനങ്ങളില്‍ ജില്ലവിട്ട്യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. കാറുകളില്‍ മുന്‍സീറ്റില്‍ ഡ്രൈവറുള്‍പ്പെടെ രണ്ട് പേര്‍ക്കും പിന്‍സീറ്റില്‍ രണ്ടു പേര്‍ക്കും യാത്ര ചെയ്യാം. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാന്‍ അനുമതിയുള്ളത്.
ബിസിനസ് ആവശ്യങ്ങള്‍ക്കായി സംസ്ഥാനത്തേക്കു വരുന്നവര്‍ ഏഴ് ദിവസത്തിനകം മടങ്ങുകയാണെങ്കില്‍ ക്വാറന്റൈന്‍ ആവശ്യമില്ല. എന്നാല്‍ ഇത്രയും ദിവസങ്ങളില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുളള എല്ലാ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചു വേണം ഇവര്‍ കഴിയേണ്ടത്.