Covid19
കൊവിഡ് ബാധിച്ച നവജാത ശിശുവിന്റെ നില തൃപ്തികരം; നല്‍കുന്നത് വിദഗ്ധ പരിചരണമെന്ന് കലക്ടര്‍

കൊല്ലം | കൊല്ലത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നവജാത ശിശുവിന്റെ ആരോഗ്യനില തൃപ്തികരം. കൊല്ലം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ അറിയിച്ചതാണ് ഇക്കാര്യം. കുഞ്ഞിന്റെ പരിചരണത്തിനായി പരിചയസമ്പന്നയായ നിയോനാറ്റല്‍ കെയര്‍ നഴ്‌സിനെ പ്രത്യേകം നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി കൊവിഡ് ബാധിച്ച കുഞ്ഞുങ്ങള്‍ക്കുള്ള പ്രോട്ടോകോള്‍ പ്രകാരമാണ് പരിചരണം. പ്രത്യേക സംവിധാനത്തിലൂടെ എടുത്ത മുലപ്പാലാണ് കുഞ്ഞിന് നല്‍കുന്നത്. കുഞ്ഞ് ജനിച്ചിട്ട് ഇന്നേക്ക് 12 ദിവസം പൂര്‍ത്തിയായിട്ടുണ്ട്.
കുഞ്ഞിന് നേരിയ തോതിലുള്ള നിര്‍ജലീകരണം മാത്രമാണ് വിക്ടോറിയ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുമ്പോള്‍ ഉണ്ടായിരുന്നതെന്നും കലക്ടര്‍ പറഞ്ഞു. മെഡിക്കല്‍ കോളജിലെ ന്യൂബോണ്‍ ഇന്റന്‍സീവ് കെയര്‍ യൂനിറ്റില്‍ നല്‍കിയ ചികിത്സയിലൂടെ നിര്‍ജലീകരണം മാറ്റാന്‍ കഴിഞ്ഞു. കൊവിഡ് രോഗികള്‍ക്ക് അനുഭവപ്പെടുന്ന ശ്വാസംമുട്ടല്‍ പോലുള്ള മറ്റ് അസ്വസ്ഥതകളൊന്നും കുഞ്ഞിനില്ലെന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നിന്നും പുറപ്പെടുവിച്ച മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും എഫ് ബി പോസ്റ്റില്‍ പറയുന്നു.